ADVERTISEMENT

ദോഹ ∙ രാജ്യത്തിനായി ജീവിതം മാറ്റിവച്ച ഭരണാധികാരിയായിരുന്നു ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്  എന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിശേഷിപ്പിച്ചു. ദീർഘദൃഷ്ടിയും അറിവും മിതത്വവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അക്രമവും ഭീകരവാദവും തള്ളി സംവാദങ്ങളിലൂടെ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്ത ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും അമീരി ദിവാനിൽനിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സുൽത്താൻ ഖാബൂസിന്റെ മരണവാർത്ത അത്യന്തം ദുഃഖമുണ്ടാക്കി. ഒമാനിലെ എല്ലാ മേഖലയിലും സമഗ്രമായ നവോത്ഥാനം കൈവരിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്.

ആ വേർപാടുണ്ടാക്കുന്ന നഷ്ടവും വേദനയും അതിജീവിക്കാൻ ഒമാൻ രാജകുടുംബത്തിനും ജനങ്ങൾക്കും അറബ്, ഇസ്‌ലാമിക് രാജ്യങ്ങൾക്കും ദൈവം ശക്തിയും ക്ഷമയും നൽകട്ടെയെന്നും അമീർ പറഞ്ഞു. ഒമാനിലെ സഹോദരങ്ങൾക്കും ഗൾഫ് ജനതയ്ക്കും ഏറ്റവും ദുഃഖകരമായ ദിനമാണിതെന്നും അറബ്, ഇസ്‌ലാമിക് രാജ്യങ്ങൾക്ക് വലിയ നഷ്ടമാണ് സുൽത്താൻ ഖാബൂസിന്റെ വേർപാടെന്നും അമീർ ട്വിറ്ററിലും കുറിച്ചിരുന്നു. അറബ് ലോകത്തെ ഏറ്റവും ഉത്തമ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് അർബുദത്തെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അന്തരിച്ചത്. തുടർന്ന് ഒമാന്റെ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിനെ തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com