ADVERTISEMENT

ദുബായ് ∙ നിർമിതബുദ്ധിയിൽ (എഐ) ഗവേഷണങ്ങൾക്കും പദ്ധതികളിൽ പങ്കാളിയാകാനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് അവസരമൊരുക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നിർമിതബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യകൾ രാജ്യം കൂടുതൽ മേഖലകളിൽ നടപ്പാക്കുകയാണ്. നൂതന ആശയങ്ങളും പരിചയസമ്പത്തും പങ്കുവയ്ക്കാൻ കഴിയുന്ന യുവപ്രതിഭകളെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. 

നാഷനൽ പ്രോഗ്രാം ഒാഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഭിമുഖ്യത്തിൽ ഈ രംഗത്തെ വിദഗ്ധരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്. പൊതു-സ്വകാര്യ മേഖലകളിലെ 350 പേർ പങ്കെടുത്തു. 

നൂതനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള വികസനമാണ് ഭാവിയിൽ ആവശ്യമെന്നും ഈ രംഗത്ത് വൻ നിക്ഷേപം ആവശ്യമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സാധ്യതകൾ ഉപയോഗപ്പെടുത്താനും വെല്ലുവിളികളെ അതിജീവിക്കാനും കഴിയുന്നവർക്ക് എല്ലാ സൌകര്യവുമൊരുക്കും. 50 വർഷത്തേക്കുള്ള വികസനയത്തിനു രാജ്യം രൂപം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. 

ദേശീയ കർമപരിപാടിയുടെ ഭാഗമായുള്ള 'എഐ ചാലഞ്ച്’ പ്രോഗ്രാമിനുള്ള സുപ്രധാന കരാറിൽ മൈക്രോ സോഫ്റ്റുമായി ഒപ്പുവച്ചു. നിർമിതബുദ്ധിയുടെ ചുമതലയുള്ള സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയും മൈക്രോസോഫ്റ്റ് റീജനൽ ജനറൽ മാനേജർ സെയ്ദ് ഹാഷിഷ് എന്നിവരാണ് ഒപ്പുവച്ചത്. 

dub-ai-agreement
ഷെയ്ഖ് മുഹമ്മദ്, ഷെയ്ഖ് ഹംദാൻ എന്നിവരുടെ സാന്നിധ്യത്തിൽ 'എഐ ചാലഞ്ച് പ്രോഗ്രാ'മിനുള്ള കരാറിൽ നിർമിതബുദ്ധിയുടെ ചുമതലയുള്ള സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, മൈക്രോസോഫ്റ്റ് റീജനൽ ജനറൽ മാനേജർ സെയ്ദ് ഹാഷിഷ് എന്നിവർ ഒപ്പുവയ്ക്കുന്നു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കാബിനറ്റ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി തുടങ്ങിയവരും പങ്കെടുത്തു. സർക്കാർ തലങ്ങളിൽ നിർമിതബുദ്ധിയടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ 14 ഇന കർമപരിപാടികൾക്കു യുഎഇ രൂപം നൽകിയിട്ടുണ്ട്. 

നാലാം വ്യവസായ വിപ്ലവം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഒാരോ സർക്കാർ വകുപ്പിലും നടപ്പാക്കും.

എഐയെ സ്വീകരിക്കാം

നിർമിതബുദ്ധി (എഐ) തൊഴിൽ നഷ്ടമാക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്. തൊഴിൽ നഷ്ടമാക്കില്ലെങ്കിലും തൊഴിലവസരങ്ങളിൽ മാറ്റമുണ്ടാകുമെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. 

വിദ്യാഭ്യാസ മേഖലയടക്കം മാറും. ഉൽപാദനം, ഭരണനിർവഹണം ഉൾപ്പെടെ ഒട്ടേറെ മേഖലകളിലും വലിയ മാറ്റം വരും. ഇതിനനുസരിച്ചുള്ള അറിവുകൾ ആർജിക്കണം. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തലച്ചോറും മനസുമാണെങ്കിൽ റോബട്ടുകളാണ് ശരീരം. രോഗങ്ങൾ 90% കൃത്യതയോടെ കണ്ടെത്താനാകുന്ന സ്മാർട് റോബട്ടുകൾ നിലവിൽവരും. ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടറെക്കാൾ മെച്ചമായ രീതിയിൽ രോഗനിർണയം നടത്താൻ വഴിയൊരുങ്ങും. എന്നാൽ ഇതിന്റെയെല്ലാം മേൽനോട്ടം മനുഷ്യനു തന്നെയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com