ADVERTISEMENT

ദുബായ് ∙ തോരാതെ പെയ്ത പെരുമഴയ്ക്കു ശേഷം അന്തരീക്ഷം തെളിഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് മാറിയില്ല. റോഡുകളിലെ വെള്ളക്കെട്ട് പൂർണമായി നീക്കിയെങ്കിലും താഴ്ന്നമേഖലകളിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. മുനിസിപ്പാലിറ്റി ജീവനക്കാർ ശുചീകരണ ജോലികൾ തുടരുന്നു. 

ഇന്നു വൈകിട്ടു മുതൽ നാളെ രാവിലെ വരെ സാമാന്യം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കാറ്റ് ശക്തമാകും. അതേസമയം, മഴയ്ക്കിടെയുണ്ടായ അപകടങ്ങളിൽ 3 പേർ മരിക്കുകയും ഒരു ഏഷ്യക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതാകുകയും ചെയ്തു. 

വ്യത്യസ്ത വാഹനാപകടങ്ങളിൽ 2 സ്വദേശി യുവാക്കളും റാസൽഖൈമയിൽ മതിലിടിഞ്ഞു വീണ് ആഫ്രിക്കൻ വനിതയുമാണ് മരിച്ചത്. റോഡിലെ വെള്ളക്കെട്ടിൽ തെന്നി നിയന്ത്രണം വിട്ടായിരുന്നു വാഹനാപകടങ്ങൾ. റാസൽഖൈമ ഷാം വാദിയിലാണ് ഏഷ്യൻ തൊഴിലാളിയെ കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം, വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ നിന്നു ദുബായ് പൊലീസ് ഒരു ഏഷ്യക്കാരനെയും സ്വദേശി വനിതയെയും രക്ഷപ്പെടുത്തി. ദുബായ് ഇന്റർനാഷനൽ സിറ്റിയിൽ ചൈന, ഇംഗ്ലണ്ട് ക്ലസ്റ്ററുകളിലെ താമസക്കാർക്ക് മഴയെതുടർന്ന് 2 ദിവസത്തിലേറെ പുറത്തിറങ്ങാനായില്ല. പാർക്കിങ് മേഖലയിൽ വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. 

റോഡുകൾ തുറന്നില്ല

റാസൽഖൈമ അൽ സുഹാദ, ജബൽ ജൈസ്, അൽ ഖരൻ പാലം എന്നിവിടങ്ങളിൽ ഗതാഗതം പുനരാരംഭിച്ചിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ജബൽ അസാൻ മലയോര മേഖലയിലേക്കുള്ള റോഡും അടച്ചു. അൽ ഫിലായ താമസമേഖലയിലേക്കും നഖ്ബ് വാദിയിലേക്കുമുള്ള റോഡുകൾ ഭാഗികമായി അടച്ചു. 

മൂടൽ മഞ്ഞ്, തണുപ്പ്

വിവിധമേഖലകളിൽ ഇന്നലെ പുലർച്ചെ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. തീരദേശ, പർവത മേഖലകളിൽ നേരിയതോതിൽ മഴ പെയ്തു. വടക്കൻ എമിറേറ്റുകളിൽ കാറ്റ് ശക്തമാണ്. 

വിളിപ്പുറത്തുണ്ട് പൊലീസ്

അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ പൊലീസിന്റെ സഹായം തേടണമെന്ന് റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു. 

സഹായത്തിനു വിളിക്കേണ്ട നമ്പർ

ഫെഡറൽ റോഡുകൾ: 800-888-99

ദുബായ് ആർടിഎ: 800-90-90

പൊലീസ്: 999, അടിയന്തര സാഹചര്യമല്ലെങ്കിൽ 901.

ഷാർജ മുനിസിപ്പാലിറ്റി: 993

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com