ADVERTISEMENT

ദുബായ് ∙ ദുബായ് വിമാനത്താവളങ്ങളിൽ കൂടുതൽ സ്മാർട് സംവിധാനങ്ങളുടെ ടേക് ഒാഫ്. യാത്രക്കാർക്ക് കൗണ്ടറുകളിലെ കാത്തുനിൽപ്പ് ഒഴിവാകുന്നതാണ് ഏറ്റവും പുതിയ സൗകര്യം. യാത്രക്കാരുടെ മുഖവും കണ്ണുകളും സ്കാൻ ചെയ്യുന്ന സംവിധാനം അടുത്തമാസം നിലവിൽ വരുന്നതോടെ ഒരു കൗണ്ടറിലും കാത്തുനിൽക്കേണ്ടി വരില്ല. 

dubai-airport

യാത്രക്കാർക്ക് അതിവേഗം നടപടികൾ പൂർത്തിയാക്കാൻ വഴിയൊരുങ്ങുകയാണെന്ന് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. എക്സ്പോയോട് അനുബന്ധിച്ച് കൂടുതൽ സംവിധാനങ്ങളൊരുക്കും. എല്ലാ നടപടികളും ലളിതമാക്കും. 

ചെക്ക് ഇൻ മുതൽ യാത്രക്കാർ വിമാനത്തിൽ കയറുന്നതുവരെയുള്ള നടപടികൾ പൂർത്തിയാക്കാൻ സഹായകമായ ബയോമെട്രിക് പാതയാണ് ഒരുങ്ങുന്നത്. നിലവിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സ്മാർട് ടണലുണ്ട്. പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ മെഷീനിൽ വയ്ക്കാതെ ടണലിലൂടെ നടന്ന് അപ്പുറം എത്തുമ്പോഴേക്കും എമിഗ്രേഷൻ നടപടികൾ പൂർത്തിയാകും. 

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനം.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനം.

ടെർമിനൽ 3ലെ പുറപ്പെടൽ മേഖലയിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്കുള്ള ഈ സംവിധാനം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. സ്മാർട് ടണൽ ഉപയോഗിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടിന് ചുരുങ്ങിയത് 6 മാസത്തെ കാലാവധി ഉണ്ടാകണം.

സ്മാർട് ടണൽ 

വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ എമിഗ്രേഷൻ നടപടികൾക്കായി ഉപയോഗപ്പെടുത്തുന്ന നൂതന ബയോമെട്രിക് സംവിധാനമാണ് ഇവിടെയുള്ളത്. യാത്രക്കാരൻ ടണലിലെ ക്യാമറയിൽ ഒന്നു നോക്കിയാൽ മതിയാകും. സൂക്ഷ്മമായി നിരീക്ഷിക്കാൻ സ്മാർട് ക്യാമറകളും സെൻസറുകളുമുണ്ട്. വിരലടയാളങ്ങളും നേത്രാടയാളങ്ങളുമെല്ലാം നിമിഷങ്ങൾക്കകം സ്കാൻ ചെയ്യുന്നു. 15 സെക്കൻഡിനകം നടപടികൾ പൂർത്തിയാക്കാം. 

ആദ്യ തവണ യാത്രക്കാരന്റെ പാസ്പോർട്ട് വിവരങ്ങളും മുഖവും സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യണം. പിന്നീടുള്ള യാത്രകൾക്ക് റജിസ്‌ട്രേഷൻ ആവശ്യമില്ല. എന്നാൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ കയ്യിലുണ്ടാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com