ADVERTISEMENT
അബുദാബി∙ പൗരത്വനിയമം ഉൾപ്പെടെ ഇന്ത്യയിലെ സമകാലിക സംഭവങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ച് അബുദാബി മലയാളി സമാജത്തിലെ നാടക മത്സരത്തിൽ ശ്ഷീനു എന്ന നാടകം അരങ്ങേറി. ഇറാനിയൻ കഥാകൃത്ത് ഗുലാം ഹുസൈന്‍ സഈദിയുടെ ചെറുകഥയെ ആസ്പദമാക്കി സാജിദ് കൊടിഞ്ഞി രചിച്ച നാടകം ശ്രീജിത് പൊയിൽകാവാണ് സംവിധാനം ചെയ്തത്. ഗ്രാമീണനായ ഹസ്സനും അയാളുടെ പശുവും തമ്മിലുള്ള ബന്ധത്തിലൂടെയാണു കഥ വികസിക്കുന്നത്. ഒരു പ്രത്യേക വിഭാഗം താമസിക്കുന്ന ഗ്രാമം തന്നെ ഭൂപടത്തിൽ ഇല്ലാതാക്കി പുതിയ രാജ്യത്തെ സൃഷ്ടിക്കാനൊരുങ്ങുമ്പോൾ ഞങ്ങളുെട ഭൂപടത്തിൽ ഗ്രാമം ഉണ്ടെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണു ജനം.

പകൽ ചൂട്ട്

പ്രകാശൻ കരിവെള്ളൂർ രചിച്ച് വിനോദ് മണിയറ സംവിധാനം ചെയ്ത് ദുബായിലെ ഭാവയാമി തീയറ്റേഴ്സ് അവതരിപ്പിച്ച പകൽ ചൂട്ട് എന്ന നാടകത്തോടെയാണ് സമാജത്തിലെ നാടക മത്സരത്തിന് തുടക്കമിട്ടത്. സംരക്ഷിക്കേണ്ടവർ തന്നെ വേശ്യാവൃത്തിക്ക് എറിഞ്ഞുകൊടുത്ത പെൺകുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഹൃദ്യമായി അവതരിപ്പിച്ച നാടകവും സമീപ കാലത്ത് കേരളത്തിൽ നടന്ന പല സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.

ചേരള ചരിതം

അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരിപ്പിച്ച ചേരള ചരിതം രചനയും സംവിധാനവും നിർവഹിച്ചത് കെ.വി. സജിത് ആണ്. വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവലിന് ആസ്പദമാക്കി എടുത്ത നാടകം പുരാതന കുടിയേറ്റ ക്രിസ്ത്യാനികളുടെ പച്ചയായ ജീവിതമാണ് അവതരിപ്പിച്ചത്.

ഭാസ്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും

സക്കറിയയുടെ നോവലിനെ ആസ്പദമാക്കി സുവീരൻ സംവിധാനം ചെയ്ത നാടകമാണ് ഭാസ്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും. യജമാനനും അടിമയും തമ്മിലുള്ള ബന്ധത്തെ ഹൃദ്യമായി അവതരിപ്പിച്ച നാടകം നേരത്തേ കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച നാടകോത്സവത്തിലെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്ണിന്റെ മണമുള്ള ഈ നാടകം തീയറ്റർ ദുബായ് ആണ് അവതരിപ്പിച്ചത്.

ചാവേർ 22ന്

കെ.വി ബഷീർ രചനയും സംവിധാനവും ചെയ്ത് അബുദാബി മലയാളി സമാജം നാടക സമിതി അവതരിപ്പിക്കുന്ന ചാവേർ 22ന് രാത്രി 8.30ന് അരങ്ങേറും. കേരളത്തിലെ മാമാങ്ക ചരിത്രത്തെ ഇതിവൃത്തമാക്കി സമകാലിക സംഭവങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.

ദ്വന്ദ്വം 25ന്

പ്രദീപ് മണ്ടൂർ സംവിധാനം ചെയ്ത് കനൽ തീയറ്റർ ദുബായ് അവതരിപ്പിക്കുന്ന ദ്വന്ദ്വം 25ന് രാത്രി 8.30ന് നടക്കും. രാമായണത്തിലെ ബാലിയുടെയും സുഗ്രീവന്റെയും കഥയിലൂടെ പുതുയുഗത്തെ ചിത്രീകരിക്കുന്നതാണ് ഇതിവൃത്തം. ഈ നാടകത്തോടെ ഈ വർഷത്തെ നാടക മത്സരത്തിന് തിരശീല വീഴും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com