ADVERTISEMENT

ദുബായ് ∙ വിവിധ വെല്ലുവിളികൾ നേരിടുന്ന ലോകത്തിന് എക്സ്പോ ദുബായ് വഴികാട്ടിയാകുമെന്നു രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി. എക്സ്പോയിൽ അവതരിപ്പിക്കപ്പെടുന്ന നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും രാജ്യാന്തര വിദഗ്ധർ നേതൃത്വം നൽകുന്ന പരിപാടികളും ഭാവിയെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസമേകുമെന്നും പറഞ്ഞു. 

ഒക്ടോബർ 20 മുതൽ ഏപ്രിൽ 10വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യയടക്കം 200 ഓളം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. 

ലോകത്തെ അറിയാൻ 9 ആഴ്ച

വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി 9 ആഴ്ചകളിൽ പ്രത്യേക പരിപാടികൾ നടത്തും. ആരോഗ്യം, കുടിവെള്ളം, വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം നൽകാൻ ഇവ അവസരമൊരുക്കും. 

ഓരോ മേഖലയുടെയും പ്രശ്നങ്ങൾ ലോകവുമായി പങ്കുവയ്ക്കാനും കഴിയും. സെമിനാറുകൾ, ശിൽപശാലകൾ, ക്ലാസുകൾ എന്നിവയുമുണ്ടാകും. 

expo2020-1

ചെറുകിട-ഇടത്തരം കമ്പനികളുടെ വൻ പങ്കാളിത്തവും എക്സ്പോയെ വ്യത്യസ്തമാക്കും. ഇടനിലക്കാരില്ലാതെ സ്വന്തം ഉൽപന്നങ്ങൾ ലോകരാജ്യങ്ങൾക്കു പരിചയപ്പെടുത്താനാകും. 

വിശപ്പകറ്റാൻ ഫോനിയോ

ലോകത്ത് വലിയ മാറ്റത്തിനു വഴിയൊരുക്കാൻ കഴിയുന്ന സംരംഭങ്ങൾക്ക് എക്സ്പോയിൽ തുടക്കമാകും. മരുഭൂമിക്കിണങ്ങിയ പുതിയ വിളകൾ കണ്ടെത്തുക, ഹരിതവൽക്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു. 

തരിശുനിലങ്ങളിൽ 'ഫോനിയോ' എന്ന ധാന്യം കൃഷി ചെയ്യുന്നതാണ് മറ്റൊന്ന്. ഘാനയിലെ വനിതാകൂട്ടായ്മ വിജയകരമായി ഇതു കൃഷിചെയ്യുന്നുണ്ട്. 

സൗരോർജത്തിൽ പ്രവർത്തിക്കുന്ന റഫ്രിജറേറ്റർ, സംസാരവൈകല്യമുള്ളവരെ സഹായിക്കാൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന പ്രത്യേക ഉപകരണം, പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവയാണു മറ്റു പദ്ധതികൾ.

expo2020-2

നിരീക്ഷണക്യാമറ 15,000, സുരക്ഷാ ജീവനക്കാർ 45,000

ദുബായ് ∙ എക്സ്പോ സുരക്ഷയ്ക്ക് 15,000 നിരീക്ഷണ ക്യാമറകൾ. രാജ്യാന്തര പവിലിയനുകൾ ഒഴികെയുള്ള എക്സ്പോ മന്ദിരത്തിൽ മാത്രമാണിത്. 8 കൺസൽറ്റന്റുമാരുമായി സഹകരിച്ചാണു സുരക്ഷാസംവിധാനം ഒരുക്കുന്നത്. 

സർക്കാർ സ്ഥാപനമായ സെക്യൂരിറ്റി ഇൻഡസ്ട്രി റഗുലേറ്ററി ഏജൻസിക്കാണു (സിറ) പ്രധാന ചുമതല. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനമാണ് ഉണ്ടാകുക.

95% സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സിറ എക്സിക്യൂട്ടീവ് ഡയറക്ടർ ഖലീഫ ഇബ്രാഹിം അൽ സലീസ് പറഞ്ഞു. രാജ്യാന്തര സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുന്നു. 

എമിറേറ്റിലെ സെക്യൂരിറ്റി കമ്പനികൾക്കു കീഴിൽ 45,000 ജീവനക്കാരുണ്ട്. ഇതിനു പുറമെ വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യും. ഈ രംഗത്തു കൂടുതൽ തൊഴിലവസരങ്ങളുണ്ടാകും.

സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പാലിക്കാൻ എമിറേറ്റിലെ സെക്യൂരിറ്റി കമ്പനികളുടെ താൽക്കാലിക ലൈസൻസുകൾ റദ്ദാക്കി. നൂതന സംവിധാനങ്ങളൊരുക്കാൻ ചില സ്ഥാപനങ്ങൾക്ക് സാവകാശം നൽകി. 

സുരക്ഷാകാര്യങ്ങൾക്ക് രാജ്യാന്തര നിലവാരമുള്ള ലാബുകളും ഉണ്ടാകും. തീപിടിത്തമൊഴിവാക്കാനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com