ADVERTISEMENT

ദുബായ് ∙ പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ നല്ലപാഠങ്ങൾ എക്സ്പോയിൽ പഠിക്കാം. പ്രകൃതിയോട് ഇണങ്ങിയുള്ള വികസനമാണു ശാശ്വതമെന്ന തിരിച്ചറിവുകൾ നൽകുന്നു സസ്റ്റൈനബിലിറ്റി പവിലിയൻ. 

ഇവിടേയ്ക്കുള്ള ഊർജവും വെള്ളവും സ്വയം ഉൽപാദിപ്പിച്ചു ലോകത്തിനു ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കു പരിഹാരവും നിർദേശിക്കുന്നു. 

പരിസ്ഥിതി സൗഹൃദ ജീവിതത്തിലൂടെ കാലാവസ്ഥാ വെല്ലുവിളികളടക്കമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാമെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണ് പവിലിയൻ ഒരുങ്ങുന്നത്. 

പൂർണമായും സ്വയംപര്യാപ്തമാണിവിടം. സൌരോർജത്തിലാണു പ്രവർത്തനം. ഇതിനായി 1,055 സോളർ പാനലുകൾ സ്ഥാപിച്ചു. പ്രതിവർഷം 4 ഗിഗാവാട്ട് അവേഴ്സ് (ജിഡബ്ല്യുഎച്ച്) ഊർജം ഉൽപാദിപ്പിക്കാനാകും. അതായത് 9 ലക്ഷം മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വേണ്ടിവരുന്ന വൈദ്യുതി. 

പവിലിയന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായെന്നും മറ്റു ജോലികൾ പുരോഗമിക്കുകയാണെന്നും നിർമാതാക്കളായ യുകെയിലെ ഗ്രിംഷോ ആർക്കിടെക്ട്സ് ചെയർമാൻ ആൻഡ്രു വാലി പറഞ്ഞു. 

കടൽ, കാട്, മരുഭൂമി എന്നിവയുടെ രഹസ്യങ്ങളിലേക്കും സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും. എക്സ്പോ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു ആശയം. 

പ്രകാശം പരത്താൻ 'മരങ്ങൾ'

17 'സൗരോർജ വൃക്ഷങ്ങൾ' ഇവിടെയുണ്ടാകും. മരങ്ങളുടെ രൂപത്തിലുള്ള സോളർ പാനലാണിത്. സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തേക്ക് ഇതിലെ ഇലകൾ തിരിയും വിധമാണ് പ്രവർത്തനം. 

'സ്മാര്‍ട് പുഷ്പങ്ങളും' ഉണ്ടാകും. സൗരോര്‍ജ ഉല്‍പാദനത്തിനുള്ള പാനലുകളാണ് ഇതിന്റെ ഇതളുകൾ. സൂര്യപ്രകാശം വരുന്ന ദിശയിലേക്കു തിരിയാനും കഴിയും. സൂര്യോദയത്തില്‍ വിടരുകയും അസ്തമയത്തില്‍ ഇതളുകള്‍ ചുരുങ്ങി ഒറ്റപ്പാളിയായി മാറുകയും ചെയ്യും. 

കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്ന പരമ്പരാഗത രീതിയിലുള്ള പാനലുകളേക്കാള്‍ കൂടുതല്‍ ശേഷിയുള്ളതാണിത്. പ്രവര്‍ത്തനക്ഷമത 23% കൂടുതലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com