ADVERTISEMENT

അബുദാബി∙ ഇത്തിഹാദ് റയിൽവേയുടെ വസ്തുക്കൾ കേടു വരുത്തുന്നവർക്ക് ജീവപര്യന്തം തടവും 50 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. മോഷണം, സേവനം തടസ്സപ്പെടുത്തൽ, ട്രെയിനിന്റെ മറ്റോ ഭാഗങ്ങൾ അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വൻശിക്ഷയുണ്ടാകും. നിർമാണം, നിയന്ത്രണം, നടത്തിപ്പ്, വികസനം തുടങ്ങിയ കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നതാണ് കരടുബിൽ. ഇതേസമയം ഏറ്റെടുത്ത ഭൂമിയുടെ അവകാശികൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന വകുപ്പ് ചേർത്താണ് അംഗീകാരം നൽകിയത്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഒപ്പുവയ്ക്കുന്നതോടെ ഇതു നിയമമാവും. റെയിൽവേയുടെ വാഹനങ്ങളോ സാധന സാമഗ്രികളോ അപഹരിക്കൽ, സേവനം തിരിച്ചുവിടാനായി വ്യക്തിയെയോ ഒന്നിലധികം പേരെയോ ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജീവപര്യന്തം വരെ തടവാണ് കരടു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. റെയിൽവേയുടെ സ്വത്തിനും സുരക്ഷയ്ക്കും വിഘാതം വരുത്തുന്നവർക്ക് തടവും 1 ലക്ഷം മുതൽ 50 ലക്ഷം വരെ പിഴയുണ്ടാകും. മനഃപൂർവം റെയിൽവേയുടെ പ്രവർത്തനം അട്ടിമറിക്കുക, തടസപ്പെടുത്തുക, നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 7 വർഷത്തിൽ കുറയാത്ത തടവും പിഴയുമുണ്ടായിരിക്കും.

നഷ്ടം കണക്കാക്കിയായിരിക്കും ശിക്ഷയുടെ തോത് നിശ്ചയിക്കുക. അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ വാഹനങ്ങളും ജനങ്ങളും റെയിൽവേയ്ക്ക് കുറുകെ കടക്കുന്നതും മൃഗങ്ങളെ കടത്തിവിടുന്നതും കുറ്റകരമാണ്. തടവോ 20,000 ദിർഹം മുതൽ 1 ലക്ഷം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. റെയിൽ നിയമം ലംഘിക്കുന്നവർക്ക് പരമാവധി 10 ലക്ഷം ദിർഹം വരെ പിഴയുണ്ടാകും.

ഇത്തിഹാദ് റെയിൽ

7 എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 1200 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ തുടക്കത്തിൽ ചരക്കുനീക്കത്തിനായിരിക്കും മുൻഗണന നൽകുക. ഇതിനായി ഖലീഫ പോർട്ട്, ജബൽഅലി പോർട്ട്, ഫുജൈറ, ഖോർഫക്കാൻ തുറമുഖം അടക്കം വിവിധ എമിറേറ്റുകളിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കും. ഭാവിയിൽ ജിസിസി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതോടെ മേഖലയുടെ തന്നെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാകും യുഎഇ. രണ്ടാം ഘട്ടത്തിൽ യാത്രാ തീവണ്ടിയും ഓടിത്തുടങ്ങും. ഇതോടെ എമിറേറ്റുകൾ തമ്മിലുള്ള അകലം കുറയും.

english summary: Dh5 million fines and life sentences for damaging UAE trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com