ADVERTISEMENT

ദുബായ് ∙ സന്ദർശകരുടെ എണ്ണത്തിൽ തുടർച്ചയായി റെക്കോർഡ് സ്ഥാപിക്കുന്ന ദുബായിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ. 1.19 കോടി ഇന്ത്യക്കാർ കഴിഞ്ഞവർഷം എത്തി. രണ്ടാം സ്ഥാനത്തുള്ള സൗദി പൗരന്മാർ 63 ലക്ഷം മാത്രം. യുകെയിൽ നിന്ന് 62 ലക്ഷം പേരെത്തി. 

നവീകരണത്തിനായി 45 ദിവസം റൺവേ അടച്ചിടേണ്ടി വന്നെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന വിമാനത്താവളമെന്ന റെക്കോർഡ് തുടർച്ചയായ ആറാം വർഷവും ദുബായ് സ്വന്തമാക്കി. 8.64 കോടി സന്ദർശകർ എത്തി. ലണ്ടൻ ഹീത്രു വിമാനത്താവളത്തെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം. ഹീത്രുവിനേക്കാൾ 60 ലക്ഷം യാത്രക്കാർ കൂടുതലെത്തി. 

അതേസമയം, 2018നെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 3.1% കുറവ് രേഖപ്പെടുത്തി. റൺവേ നവീകരണത്തിനു പുറമെ 737 മാക്സ് വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയതും സന്ദർശകർ കുറയാൻ കാരണമായതായി ദുബായ് എയർപോർട്സ് സിഇഒ: പോൾ ഗ്രിഫിത് സ് പറഞ്ഞു. കഴിഞ്ഞവർഷം നാലാം പാദത്തിൽ മാത്രം 3,73,261 വിമാനങ്ങൾ വന്നുപോയി. 

സ്മാർട് ഗേറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉള്ളതിനാൽ സന്ദർശകർക്ക് അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങാനാകും. ബാഗേജ് കിട്ടാനും താമസമില്ല. 

വരവ് കൂട്ടിയത് ഇളവുകൾ

വീസ ചട്ടങ്ങളിൽ ഇളവുവരുത്തിയതും നടപടികൾ കൂടുതൽ സുതാര്യമാക്കിയതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. വേനൽ അവധിക്കാലത്ത് രക്ഷിതാക്കളോടൊപ്പം യുഎഇ സന്ദർശിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വീസ ഏർപ്പെടുത്തിയത് ഇന്ത്യക്കാരടക്കം ഏറെ പേർ ഉപയോഗപ്പെടുത്തി. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ ആനുകൂല്യം.

ഷോപ്പിങ് മേള, മറ്റ് ആഘോഷ മേളകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഇന്ത്യയിൽ നിന്നുള്ള കുറഞ്ഞ ദൂരം, സുരക്ഷിതത്വം, മികച്ച താമസ സൗകര്യങ്ങൾ എന്നിവയ്ക്കു പുറമേ ലോകത്തിലെ വിവിധ ഭക്ഷണം കിട്ടുന്ന കടകളും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

മറ്റേതു രാജ്യത്തെക്കാളും ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയിലുണ്ടെന്നതാണു മറ്റൊരു പ്രത്യേകത. യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഷോപ്പിങ്ങിനായി ദുബായിൽ ഇറങ്ങാറുണ്ട്. 

ആകർഷകം പാക്കേജുകൾ

ഇന്ത്യക്കാരെ ആകർഷിക്കാൻ വിവിധ പാക്കേജുകൾക്കു ദുബായ് ടൂറിസം രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന ടൂറിസം മേളകളിൽ ദുബായ് ടൂറിസത്തിന്റെ സജീവ സാന്നിധ്യമുണ്ട്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ദുബായ് ഫുഡ് ഫെസ്റ്റിവൽ, ദുബായ് സമ്മർ സർപ്രൈസസ്, മർമൂം ഒട്ടകയോട്ട മത്സരം, ഹത്ത പൈതൃക ഗ്രാമം, ക്രൂസ് ടൂറിസം, ഇക്കോ ടൂറിസം, ദുബായ് സഫാരി, ദുബായ് ഫ്രെയിം തുടങ്ങിയവയെക്കുറിച്ചു കൂടുതൽ പ്രചാരണ പരിപാടികൾ നടത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com