ADVERTISEMENT

അബുദാബി ∙ വലിയ സന്തോഷത്തിലാണ് അബുദാബി ബിഗ് ടിക്കറ്റിലെ ഏറ്റവും പുതിയ നറുക്കെടുപ്പ് വിജയിയും സിറിയൻ സ്വദേശിയുമായ നിദാൽ ഷൻവാർ. 12 ദശലക്ഷം ദിർഹമാണ് (ഏതാണ്ട് 23 കോടിയിലേറെ രൂപ) യുഎഇയിൽ ദന്തൽ ഡോക്ടറായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ലഭിച്ചത്. ‘എനിക്ക് ഏതാണ്ട് ഒരു ദശലക്ഷം ദിർഹം (ഏതാണ്ട് രണ്ടു കോടിയോളം രൂപ) കടമുണ്ടായിരുന്നു. സമ്മാനം ലഭിച്ച തുകയിൽ നിന്നും ഒരു തുക ചെലവഴിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ദൈവത്തിന് നന്ദി’–നിദാൽ പറഞ്ഞു. 

46 വയസ്സുള്ള ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി അൽ ഐനിൽ സ്വകാര്യ ദന്തൽ ക്ലിനിക്ക് നടത്തിവരികയാണ്. ‘എനിക്കെന്റെ ക്ലിനിക്ക് വികസിപ്പിക്കാൻ പദ്ധതിയുണ്ട്. കഴിഞ്ഞ കുറേ വർഷമായി ഞാനും എന്റെ പാർട്ട്നറുമാണ് സ്ഥാപനം നടത്തുന്നത്. സമ്മാനമായി ലഭിച്ച പണത്തിൽ ഒരു വിഹിതം ഇതിനായി മാറ്റിവയ്ക്കും’– അദ്ദേഹം പറഞ്ഞു. 

സമ്മാനമായി ലഭിച്ച തുക സിറിയയിൽ ഉള്ള തങ്ങളുടെ കുടുംബത്തെയും വലിയ രീതിയിൽ സഹായിക്കുമെന്ന് നിദാലിന്റെ ഭാര്യ പറഞ്ഞു. നല്ല കാര്യങ്ങൾക്ക് പണം ചെലവഴിക്കാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.

സമ്മാനം ലഭിച്ച വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അവതാരകൻ വിളിച്ചപ്പോൾ അദ്ദേഹത്തെ അറിയാമെന്നും സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും നിദാൽ പറഞ്ഞു. ഭാര്യയും താനും വളരെ സന്തോഷത്തിലാണെന്നും ഭാര്യയാണ് ബിഗ് ടിക്കറ്റ് എടുക്കാൻ പറയാറെന്നും നിദാൽ പറഞ്ഞു. ‘ഒരു സമയത്ത് നമ്മൾ അത് ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി’–നിദാൽ പറഞ്ഞു.

216317 എന്ന ടിക്കറ്റ് നമ്പറാണ് നിദാലിന് ഡ്രീം 12 മില്യൺ സീരീസ് 212ന്റെ ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ രണ്ട് കോടി സമ്മാനം ലഭിച്ച ഷാർജയിൽ നിന്നുള്ള പാകിസ്ഥാന്‍ പൗരന്‍ മുഹമ്മദ് ഹസനാണ് നറുക്കെടുത്തത്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ അബുദാബി ബിഗ് ടിക്കറ്റ് വഴി കോടീശ്വരന്മാർ ആയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ട് നറുക്കെടുപ്പിലും മറ്റുരാജ്യക്കാർക്കായിരുന്നു സമ്മാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com