ADVERTISEMENT

ദോഹ ∙ ദേശീയ കായിക ദിനാഘോഷങ്ങൾക്ക് തയാറെടുത്ത് രാജ്യവും ജനങ്ങളും. ഇത്തവണ ഫെബ്രുവരി 11നാണ് ദേശീയ കായിക ദിനം. എല്ലാ വർഷവും ഫെബ്രുവരി രണ്ടാം ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. 

ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയാണ് കായിക ദിനത്തിന്റെ ലക്ഷ്യം. രാജ്യത്തെ പൗരന്മാരും പ്രവാസികളും കമ്പനികളും സ്ഥാപനങ്ങളും മന്ത്രാലയങ്ങളുമെല്ലാം കായികദിന പരിപാടികളിൽ പങ്കെടുക്കും. 

ആസ്പയർ സോൺ ഫൗണ്ടേഷൻ, കത്താറ പൈതൃക കേന്ദ്രം എന്നിവിടങ്ങളിലെല്ലാം വ്യത്യസ്ത കായിക മത്സരങ്ങളും പരിപാടികളും അരങ്ങേറും.

കായിക മേഖലയ്ക്ക് ഖത്തർ നൽകുന്ന പിന്തുണ അഭിനന്ദനീയം: ഷീമ മുഹ്സിൻ

ദോഹ ∙കായിക മേഖലയ്ക്ക് ഖത്തർ നൽകുന്ന പ്രാധാന്യവും പിന്തുണയും അഭിനന്ദനാർഹമാണെന്ന് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ഷീമ മുഹ്‌സിൻ. 

കായിക മേഖലയ്ക്ക് മാത്രമായി ഒരുദിനം പൊതു അവധിയായി പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങൾക്കായി വിവിധ കായിക പരിപാടികൾ സംഘടിപ്പിക്കുന്നത് അപൂർവമായ ഒന്നാണ്. ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് കൾചറൽ ഫോറം സംഘടിപ്പിക്കുന്ന എക്‌സ്പാറ്റ്‌സ് സ്‌പോട്ടീവിൽ പങ്കെടുക്കാൻ ദോഹയിലെത്തിയതായിരുന്നു ഷീമ.  ഇന്ത്യൻ അത്‌ലീറ്റ് ഷിജ്‌ന മോഹൻ, കൾചറൽ ഫോറം പ്രസിഡന്റ് താജ്  ആലുവ, ഇന്ത്യൻ കായിക സെന്റർ നിയുക്ത പ്രസിഡന്റ് ഷറഫ്.പി.ഹമീദ്  എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

മത്സരങ്ങൾക്കൊരുങ്ങി ആസ്പയർ സോൺ

രാജ്യത്തിന്റെ പ്രധാന കായിക കേന്ദ്രമായ ആസ്പയർ സോൺ ഫൗണ്ടേഷനാണ് ദേശീയ കായിക ദിനാഘോഷങ്ങളുടെ പ്രധാന വേദി. പ്രവാസികൾക്കും പൗരന്മാർക്കുമായി 20ലേറെ വ്യത്യസ്ത കായിക പരിപാടികൾ നടക്കും. ഫൗണ്ടേഷന്റെ കീഴിലുള്ള ആസ്പയർ അക്കാദമി, ആസ്പതാർ, ആസ്പയർ ലോജിസ്റ്റിക്‌സ് എന്നിവ ഉൾപ്പെടെ 18 ഓളം പൊതു, സ്വകാര്യ സ്ഥാപനങ്ങളാണ് ആസ്പയറിലെ ദേശീയ കായിക ദിന പരിപാടികളിൽ പങ്കെടുക്കുന്നത്. കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കുമായാണ് പരിപാടികൾ നടക്കുക. 

ഫുട്‌ബോൾ, വോളിബോൾ തുടങ്ങി ഒബ്‌സ്റ്റക്കിൾ കോഴ്‌സ്, യോഗ, ഫിറ്റ്‌നസ്, 2 കിലോമീറ്റർ ഫൺ റൺ, വനിതകൾക്കായി ആസ്പയർ ഡോമിൽ ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്‌ബോൾ തുടങ്ങി 20 തിലധികം കായിക പരിപാടികളാണ് അരങ്ങേറുക. ഇത്തവണ ആദ്യമായി ടോർച്ച് ഹോട്ടലിനും ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിനും മധ്യേ റൺ ആൻഡ് ബൈക്ക് പരിപാടിയും നടക്കും. പങ്കെടുക്കാൻ ആസ്പയർ സോൺ ഫൗണ്ടേഷന്റെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യാം. 

പ്രവാസി അസോസിയേഷനുകളും സജീവം

കായിക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവാസി മലയാളി അസോസിയേഷനുകളും രാജ്യത്തുടനീളം പ്രത്യേക കായിക മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. 

കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ എക്‌സ്പാറ്റ്‌സ് സ്‌പോട്ടീവ് നാളെയും 11 നും ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കും. സാംസ്‌ക്കാരിക, കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഖത്തർ റെഡ് ക്രസന്റുമായി സഹകരിച്ചാണ് മേള. 

ദോഹയിലെ വിവിധ പ്രവാസി കായിക ക്ലബ്ബുകൾ പങ്കെടുക്കുന്ന മേളയിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ഷീമ മുഹ്‌സിനും ഇന്ത്യൻ ഹൈജംപ് താരം ജിഷ്‌നയും മുഖ്യാതിഥികളാകും. ചാലിയാർ ദോഹയുടെ നേതൃത്വത്തിൽ അൽ വക്ര സ്‌റ്റേഡിയത്തിൽ ദേശീയ കായിക ദിനത്തിൽ രാവിലെ 7.15 മുതലാണ് കായിക മേള. വൈകിട്ട് 3 വരെ നീളുന്ന കായിക മേളയിൽ അർജുന അവാർഡ് ജേതാവ് ഒളിംപ്യൻ ടിന്റു ലൂക്ക പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com