ADVERTISEMENT
ദുബായ് ∙ മെട്രോ, ട്രാം യാത്രയിൽ സഹയാത്രികരെ പരുക്കേൽപ്പിക്കുന്ന സാമഗ്രികളുമായി കയറിയാൽ ഇനി മുതൽ പിഴ. ഇലക്ട്രിക് സ്കൂട്ടർ, സൈക്കിൾ എന്നിവയോ മറ്റു സാധനങ്ങളോ ആയി യാത്ര ചെയ്യുമ്പോൾ സഹയാത്രികർക്കു മുറിവേറ്റാൽ നടപടിയുണ്ടാകുമെന്നും ആർടിഎ വ്യക്തമാക്കി. മെട്രോ, ട്രാം സ്റ്റേഷനുകളിൽ ഇലക്ട്രിക് സ്കൂട്ടറുകളിലെത്തി അതുമായി മെട്രോയിൽ കയറുന്നവർ കൂടി. തിരക്കുള്ള സമയങ്ങളിൽ ഇതു സഹയാത്രികർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ഉയർന്നതിനാലാണ് നടപടി. ഇവയിൽ തട്ടി പലർക്കും മുറിവേറ്റു. ഭാരിച്ചതും മൂർച്ചയുള്ളതുമായ വസ്തുക്കളുമായി മെട്രോ സ്റ്റേഷനുകളിലോ ട്രെയിനുകളിലോ കയറരുതെന്നും മുന്നറിയിപ്പു നൽകി.

പിഴ 100 ദിർഹം മുതൽ

പൊതുഗതാഗത മേഖലയിലെ മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നിയമലംഘകർക്ക് 100 ദിർഹം മുതൽ പിഴ ചുമത്തും. യാത്രക്കാർ സാധനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ സൂക്ഷിക്കണം. മെട്രോ, ട്രാം സ്റ്റേഷനുകൾ, ട്രെയിനുകൾ, നടവഴികൾ എന്നിവിടങ്ങളിൽ സഞ്ചാരം തടസ്സപ്പെടുത്തിയോ മറ്റു വിധത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയോ സാധനങ്ങൾ വച്ചാൽ നടപടി സ്വീകരിക്കും. അലക്ഷ്യമായി വയ്ക്കുന്ന സാധനങ്ങൾ പലപ്പോഴും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി കണ്ടെത്തി.
നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിഴ സംഖ്യ കൂടും.

ചുമലിൽ തൂക്കിയ ബാഗും വില്ലൻ

ചുമലിൽ ഭാരിച്ച ബാഗുകൾ തൂക്കി സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാലും പിഴ ചുമത്തും. പെട്ടെന്നു തിരിയുമ്പോൾ ഇത്തരം ബാഗുകൾ സഹയാത്രികരുടെ മുഖത്തും മറ്റും ശക്തമായി തട്ടുന്നതു പതിവുകാഴ്ചയാണ്. മടക്കിയൊതുക്കി വയ്ക്കാൻ കഴിയുന്ന സ്കൂട്ടറുകൾക്ക് അനുമതി നിഷേധിച്ചിട്ടില്ലെങ്കിലും തിരക്കുള്ള സമയത്ത് ഇതുമായുള്ള വരവ് നിയന്ത്രിക്കും. ഇവ സൂക്ഷിക്കേണ്ടത് നിശ്ചിത സ്ഥലത്തു മാത്രമായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി .

േകന്ദ്രീകൃത നിരീക്ഷണം

ട്രെയിനുകളുടെ പൂർണസുരക്ഷ ഉറപ്പാക്കുന്ന േകന്ദ്രീകൃത നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങളാണ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ (ഒസിസി) ഉള്ളത്. ഓരോ യാത്രക്കാരനും നിരീക്ഷണ പരിധിയിലാണ്. ട്രാക്കുകൾ, സ്‌റ്റേഷനുകളിലെ വിവിധ ഓഫിസുകൾ, വെളിച്ച-അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയവയും നിരീക്ഷിക്കുന്നു. സ്‌റ്റേഷനുകളിലെ താപനില പോലും അറിയാനാകും.

മെട്രോ യാത്രയിൽ ശ്രദ്ധിക്കാൻ

∙ വനിതാ കംപാർട്മെന്റിൽ പുരുഷന്മാർ കയറരുത്. മറ്റു കാർഡുകൾ ഉപയോഗിച്ച് ഗോൾഡ് ക്ലാസിൽ യാത്രചെയ്യാൻ ശ്രമിക്കരുത്.

∙ ട്രെയിനിലും പ്ലാറ്റ്ഫോമിലും ഭക്ഷണം കഴിക്കാനോ പാനീയങ്ങൾ കുടിക്കാനോ പാടില്ല. സാൻവിച്ചോ മറ്റോ കയ്യിലുണ്ടെങ്കിൽ ഗേറ്റ് കടക്കുംമുൻപോ യാത്ര പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമോ കഴിക്കുക. ച്യുയിംഗവും അനുവദിക്കില്ല.

∙ ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങൾ യാത്രക്കാർ കയ്യേറരുത്.

∙ മറ്റു യാത്രക്കാരുടെ ദേഹത്തു തട്ടുകയോ ചവിട്ടുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്.

∙സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം ഇരിക്കുക

∙ട്രെയിനുകളുടെ 2 കംപാർട്മെന്റുകൾക്ക് ഇടയിലുള്ള ഭാഗത്ത് വഴിമുടക്കാതിരിക്കാനും ശ്രദ്ധിക്കണം.

∙ട്രെയിനുകളിലും സ്റ്റേഷനുകളിലും കച്ചവടം നടത്തരുത്. ഏതെങ്കിലും ഉൽപന്നത്തിന്റെ വിൽപന പ്രോൽസാഹിപ്പിക്കാൻ ശ്രമിക്കുന്നതും നിയമലംഘനമാണ്.

∙ മെട്രോ സ്റ്റേഷനുകളിലെ വിശ്രമ കേന്ദ്രങ്ങളിൽ ഉറങ്ങുന്നത് അനുവദനീയമല്ല.

∙സ്റ്റേഷനുകളിലെയോ ട്രെയിനുകളിലെയോ ഉപകരണങ്ങൾക്കു കേടുപാടു വരുത്തരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com