ADVERTISEMENT

അബുദാബി∙ ബഹുനില കെട്ടിടങ്ങളിലെ ജനലിൽ നിന്നു വീണ് കുട്ടികൾ മരിക്കുകയും പരുക്കേൽക്കുകയും ചെയ്യുന്ന സംഭവം ഇല്ലാതാക്കാൻ സ്വദേശി വിദ്യാർഥിനിയുടെ സ്മാർട് വിൻഡോ സംവിധാനം. അൽഐനിലെ ഉംഖുൽതൂം സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി നൗഫ് സാലിഹ് അൽ ഖത്തീരിയുടെതാണു കണ്ടുപിടിത്തം. ലോകത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയാണ് ഈ കണ്ടുപിടിത്തത്തിലേക്കു പ്രേരിപ്പിച്ചതെന്ന് നൗഫ് മനോരമയോടു പറഞ്ഞു. അബുദാബിയിലെ സയൻസ് ഫെസ്റ്റിവലിലാണു യുവ ശാസ്ത്രജ്ഞ നൂതന സംവിധാനം പരിചയപ്പെടുത്തുന്നത്.

ഇതിനു മാത്രമല്ല ആത്മഹത്യ തടയാനും ബഹുനില കെട്ടിടങ്ങളിലെ ഗ്ലാസുകൾ വൃത്തിയാക്കുന്നതിനിടെ വീണു മരിക്കുന്നത് ഇല്ലാതാക്കാനും സ്മാർട് വിൻഡോ സംവിധാനത്തിനു സാധിക്കുമെന്നും വിശദീകരിച്ചു. വർഷത്തിൽ 5000 കുട്ടികൾ ബഹുനില കെട്ടിടത്തിൽനിന്നു വീണു പരുക്കേൽക്കുന്നതായും നിരവധി കുട്ടികൾ മരിക്കുന്നതുമായുളള രാജ്യാന്തര റിപ്പോർട്ടുകളും ഈ രംഗത്തേക്കു വരാൻ നൗഫിനെ പ്രേരിപ്പിച്ചു.
പുറത്തേക്കു തുറക്കാവുന്ന ജനലിൽ വീട്ടിലെയോ ബഹുനില കെട്ടിടങ്ങളിലെയോ ഉത്തരവാദപ്പെട്ടവരുടെ വിരലടയാളം രേഖപ്പെടുത്തി സ്മാർട് വിൻഡോ സംവിധാനം സ്ഥാപിക്കുന്നതോടെ പ്രസ്തുത വ്യക്തികൾക്കു മാത്രമേ ജനൽ തുറക്കാൻ സാധിക്കൂ.

അഥവാ എന്തെങ്കിലും ആവശ്യത്തിനു തുറന്ന് അടയ്ക്കാൻ മറന്നുപോയാലും 15 മിനിറ്റിനകം ജനൽ സ്വമേധയാ അടയും. ഈ സമയം ആവശ്യാനുസരണം സെറ്റ് ചെയ്യാം. ഇതുമൂലം ചെറിയ കുട്ടികൾ ജനലിൽ കയറി താഴേക്കു വീഴുന്നത് ഒഴിവാക്കാനാകുമെന്നു നൗഫ് സാലിഹ് പറയുന്നു. വീട്ടിലെ മുതിർന്നവരുടെ വിരലടയാളമാണു സംവിധാനത്തിൽ രേഖപ്പെടുത്തുക. മുതിർന്നവരുടെ സാന്നിധ്യത്തിലും അഭാവത്തിലും കുട്ടികൾക്ക് ജനൽ തുറക്കാനാവില്ല. അതുപോലെ ജനലിൽ നിന്നു ചാടിയുള്ള ആത്മഹത്യയും ഒഴിവാക്കാം.

ക്ലീനിങും സ്മാർട്

ബഹുനില കെട്ടിടത്തിലെ ഗ്ലാസുകൾ വൃത്തിയാക്കുന്നതിനും ഇതേ സാങ്കേതിക വിദ്യ അൽപം മാറ്റത്തോടെ ഉപയോഗിക്കാമെന്ന് നൗഫ് സാലിഹ് വിശദീകരിച്ചു. നിലവിൽ കെട്ടിടത്തിനു മുകളിൽ തൂക്കിയിടുന്ന ക്രാഡിലിൽ തൊഴിലാളികൾ കയറിനിന്ന് വൃത്തിയാക്കുകയാണു ചെയ്തുവരുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളോടെയോ അല്ലാതെയോ ജോലി ചെയ്യുന്നവരും തൂങ്ങിയാടുന്ന ക്രാഡിൽ ഏറെ ഉയരത്തിൽ നിന്നു പൊട്ടി വീണുണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. സ്മാർട് സംവിധാനത്തിലൂടെ ഇതും ഒഴിവാക്കാമെന്ന് നൗഫ് ചൂണ്ടിക്കാട്ടി. ഇതിനായി ജനലിനു വെളിയിൽ വെള്ളം സ്പ്രേ ചെയ്യാനുള്ള സംവിധാനവും വൈപ്പറും കൂടി സ്ഥാപിച്ചാൽ എളുപ്പം വൃത്തിയാക്കാം.

വൃത്തിയാക്കാനായി ഒരു ബട്ടൻ പ്രസ് ചെയ്യുകയോ സ്മാർട് സംവിധാനം വഴി നിർദേശം നൽകുകയോ ചെയ്താൽ സംവിധാനം പ്രവർത്തിച്ച് നിമിഷ നേരം കൊണ്ട് കെട്ടിടത്തെ സുന്ദരമാക്കാം. ഇതോടെ കെട്ടിടത്തിൽനിന്നു വീണു മരിക്കുന്നവരുടെ എണ്ണവും കുറയ്ക്കാനാകുമെന്നു നൗഫ് ചൂണ്ടിക്കാട്ടി.ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ പരമ്പരാഗത മാതൃകയിൽ വൃത്തിയാക്കാൻ 30 ദിവസമെടുക്കുമെന്നാണു നൗഫിന്റെ അഭിപ്രായം. ഇതേസമയം പുതിയ സംവിധാനം സ്ഥാപിച്ചാൽ 30 മിനിറ്റുകൊണ്ട് വൃത്തിയാക്കാമെന്നും അവകാശപ്പെടുന്നു. തുടക്കത്തിലുള്ള ചെലവ് ഒഴിച്ചാൽ വർഷംതോറും വൻതുക ലാഭിക്കുകയും ചെയ്യാമെന്നതാണു മറ്റൊരു നേട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com