ADVERTISEMENT

ദോഹ ∙ രാജ്യത്തുടനീളം വിവിധ കേന്ദ്രങ്ങളിൽ കായിക മത്സരങ്ങളും ആരോഗ്യ ബോധവൽക്കരണ പരിപാടികളുമായി 9-ാമത് ദേശീയ കായിക ദിനാചരണം നാളെ. അമീരി ദിവാൻ നാളെ പൊതു അവധി പ്രഖ്യാപിച്ചു.

എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. പൗരന്മാർ, പ്രവാസികൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, പ്രവാസി സംഘടനകൾ, സ്‌കൂളുകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ പ്രത്യേകം കായിക മത്സരങ്ങളും വിവിധ പരിപാടികളും നടത്തും. രാജ്യത്തെ എല്ലാ കായിക കേന്ദ്രങ്ങളിലും ക്ലബ്ബുകളിലും പബ്ലിക് പാർക്കുകളിലുമെല്ലാം നാളെ രാവിലെ മുതൽ തിരക്കേറും.

ഖത്തർ വനിതാ കായിക കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ലുസെയ്ൽ സർക്യൂട്ട് സ്‌പോർട്‌സ് ക്ലബ്, അൽ വക്ര ഫാമിലി ബീച്ച്, മ്യൂസിയം പാർക്ക്, അൽ മെസില്ല റിസോർട്ട്, അൽ ഖാർമ പാർക്ക് തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിൽ കായിക പരിപാടികൾ അരങ്ങേറും.

ആവേശത്തോടെ ഇന്ത്യൻ പ്രവാസി സംഘടനകളും സ്‌കൂളുകളും

ദോഹ ∙ കായിക ദിനാഘോഷത്തിനൊരുങ്ങി ഇന്ത്യൻ പ്രവാസി സംഘടനകളും സ്‌കൂളുകളും. ഇന്ത്യൻ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളിലായി കായിക പരിപാടികൾ നടക്കും. ഇന്ത്യൻ സ്‌കൂളുകളിൽ  ഒരാഴ്ച നീളുന്ന കായിക പരിപാടികളാണ് നടക്കുന്നത്. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കായിക പരിപാടികൾ നടത്തിയിരുന്നു. ചാലിയാർ ദോഹയുടെ കായികമേള അൽ വക്ര സ്‌പോർട്‌സ് ക്ലബ്ബിൽ നാളെ രാവിലെ 7 മുതൽ ആരംഭിക്കും. ക്ലബ്ബിന് സമീപത്തെ റൗണ്ട് എബൗട്ടിൽ നിന്നാരംഭിക്കുന്ന 3,000ലേറെ പേർ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റാണ് പ്രധാന പരിപാടി. ടിന്റു ലൂക്കയാണ് മുഖ്യാതിഥി. കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എക്‌സ്പാറ്റ് സ്‌പോട്ടീവ് കായിക മേളയ്ക്ക് തുടക്കമിട്ടിരുന്നു. ഇന്തോ-അറബ് കലാരൂപങ്ങൾ അണിയിച്ചൊരുക്കി വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിൽ കായിക മേളയ്ക്ക് തുടക്കമിട്ടത്. ആദ്യ ദിവസത്തിൽ വിവിധ കായിക ഇനങ്ങളിലായി മത്സരങ്ങൾ നടന്നു. നാളെ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയാണ് രണ്ടാം ദിന പരിപാടികൾ. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഷീമ മുഹ്‌സിൻ, ഇന്ത്യൻ അത്‌ലറ്റ് ഷിജ്‌ന മോഹൻ എന്നിവരാണ് മുഖ്യാതിഥികൾ. കേരള വുമൺസ് ഇനിഷ്യേറ്റീവ് ഖത്തറിന്റെ (ക്വിക്ക്) നേതൃത്വത്തിൽ അൽ അറബി സ്‌റ്റേഡിയത്തിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി കായിക പരിപാടികൾ നടക്കും.

സജീവമാകും, കായിക കേന്ദ്രങ്ങൾ

ആസ്പയർ സോൺ ആണ് ദേശീയ കായിക ദിനത്തിന്റെ പ്രധാന വേദി. സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ 20ലേറെ കായിക പരിപാടികൾ ഇവിടെ നടക്കും. ലുസെയ്ൽ, ഖത്തർ സ്‌പോർട്‌സ് ക്ലബ്, അൽ അഹ്‌ലി ക്ലബ്, അൽ സദ്ദ് ക്ലബ്, അൽ ബിദ പാർക്ക്, ലുസെയ്ൽ സർക്യൂട്ട് സ്‌പോർട് ക്ലബ്, , ദോഹ കോർണിഷ്, അൽ ഷഹാനിയ, അൽ റയ്യാൻ ക്ലബുകൾ, അൽ വുഖൈർ, അൽ വക്ര സ്‌പോർട്‌സ് ക്ലബ്,, ഏഷ്യൻ ടൗൺ എന്നിവിടങ്ങളിലും കായിക മേള നടക്കും. കത്താറ പൈതൃക കേന്ദ്രത്തിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി. 54 ഓളം പൊതു, സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ സേവനവും ലഭിക്കും. ഖത്തർ ഫൗണ്ടേഷന്റെ കീഴിൽ ഓക്‌സിജൻ പാർക്ക്, എജ്യൂക്കേഷൻ സിറ്റി സ്റ്റുഡന്റ് സെന്റർ, ഗ്രീൻ പാർക്ക് എന്നിവിടങ്ങളിലാണ് പരിപാടികൾ.

കളമൊരുക്കി ടീം ഖത്തർ കായിക വില്ലേജും

കായിക ദിനാഘോഷത്തിന് ഇത്തവണയും ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ ടീം ഖത്തർ കായിക വില്ലേജ് സുസജ്ജം. ബരാഹത് മിഷെറിബിലെ കായിക വില്ലേജിൽ നാളെ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ആഘോഷം. ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ജിംനാസ്റ്റിക്, ടേബിൾ ടെന്നിസ്, ബോക്‌സിങ് തുടങ്ങിയവ നടക്കും. ലൈവ് കായിക ശിൽപശാലകൾ, വിനോദ പരിപാടികൾ എന്നിവയെല്ലാം ഇവിടെയുണ്ടാകും. പൊതുജനങ്ങൾക്ക് പുത്തൻ കായിക ഇനങ്ങൾ അടുത്തറിയാനുള്ള അവസരം കൂടിയാണ് കായിക വില്ലേജിലുള്ളത്.

47 ഹോട്ടലുകളിൽ പ്രത്യേക ഓഫർ

ദോഹ ∙ഖത്തർ ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് ഇന്നുമുതൽ 3 ദിവസത്തേക്ക് 47 ഹോട്ടലുകളിൽ പ്രത്യേക ഓഫറുകൾ ലഭിക്കും. വിനോദ സഞ്ചാര മേഖലയുടെയും  പങ്കാളിത്തം ഉറപ്പിച്ച് ഖത്തർ നാഷനൽ ടൂറിസം കൗൺസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 10, 11, 12 തീയതികളിലായാണ് വിലക്കിഴിവ്. രാജ്യത്തിന്റെ ആതിഥേയ മേഖല നൽകുന്ന ആരോഗ്യക്ഷേമ സൗകര്യങ്ങൾ ജനങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കുടുംബ, വ്യക്തിഗത പാക്കേജുകളാണ് ലഭിക്കുക. ഹോട്ടൽ ജിം, സ്പാ സൗകര്യങ്ങളിൽ സൗജന്യ പ്രവേശനം, ജിം അംഗത്വത്തിന്  50 ശതമാനം വരെ വിലക്കിഴിവ്, സൗജന്യ ഫിറ്റ്‌നസ് ക്ലാസുകൾ എന്നിവ കൂടാതെ ഭക്ഷണപ്രേമികൾക്ക് ആരോഗ്യകരമായ ബുഫെ പ്രത്യേക നിരക്കിൽ ലഭിക്കും. അവധി ചെലവഴിക്കാൻ ഹോട്ടലിൽ താമസിക്കുന്നവർക്കായി 'ബെഡ് ആൻഡ് ഹെൽത്തി-ബ്രേക്ക്ഫാസ്റ്റ്' കോംബോ ഓഫറും ലഭിക്കും. കായിക ദിന ഓഫറുകൾ ലഭിക്കാൻ എല്ലാ ഹോട്ടലുകളിലും നേരിട്ട് മുൻകൂട്ടി ബുക്ക് ചെയ്യണം. ഹോട്ടലുകളുടെ കൂടുതൽ വിവരങ്ങൾക്ക്  http://visitqatar.qa/qnsd2020

കായിക ദിനത്തിന്റെ പിറവി

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ്  ജനങ്ങൾക്ക് ഔദ്യോഗിക കായിക ദിനമൊരുക്കാനുള്ള ഉത്തരവിട്ടത്. 2011 ഡിസംബർ 6ന് ആണ് ദേശീയ കായിക ദിന പ്രഖ്യാപനം. 2012 മുതലാണ് ദേശീയ കായിക ദിനാഘോഷത്തിന് തുടക്കമായത്. എല്ലാ വർഷവും ഫെബ്രുവരി 2-ാമത്തെ ചൊവ്വാഴ്ചയാണ് കായിക ദിനമായി  ആഘോഷിക്കുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാവിലെ മുതൽ വൈകിട്ട് വരെ നീളുന്ന കായിക ദിനാഘോഷങ്ങളിൽ പൗരന്മാരും പ്രവാസികളും മാത്രമല്ല ഭരണനേതൃത്വം ഒന്നടങ്കം പങ്കെടുക്കും. കായിക ദിനാഘോഷത്തിലൂടെ ആരോഗ്യകരമായ ജനതയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com