ADVERTISEMENT

ദുബായ് ∙ വാഹനങ്ങളിൽ നിന്നു മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടാൻ കർശന നടപടിയുമായി പൊലീസ്. എല്ലാ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാക്കും. നിയമലംഘകർക്കു 1,000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക് പോയിന്റുമാണു ശിക്ഷ. സിഗരറ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാൽ പോലും ഇതു ബാധകമാണ്. നിയമം ലംഘിച്ച 355 പേരെ കഴിഞ്ഞവർഷം പിടികൂടിയതായി അബുദാബി പൊലീസ് വ്യക്തമാക്കി.

ഇത്തരം പ്രവണതകൾ നഗരസൗന്ദര്യം ഇല്ലാതാക്കുന്നതായി അബുദാബി ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ സെയ്ഫ് ഹമദ് അൽ സാബി പറഞ്ഞു. മാലിന്യങ്ങൾ നിക്ഷേപിക്കാനും നിർമാർജനത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടി. ദുബായിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ മുനിസിപ്പാലിറ്റി വക 500 ദിർഹം പിഴ വേറെയുമുണ്ടാകും. നിരീക്ഷണത്തിനായി കൂടുതൽ ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുണ്ട്.


പിഴയറിയാം, പിന്നെ പഴിക്കരുത്

∙ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ 500 ദിർഹമാണു പിഴ. ആവർത്തിച്ചാൽ 1000 ദിർഹം

∙ മുറുക്കിത്തുപ്പി പരിസരം വൃത്തികേടാക്കിയാൽ 500 മുതൽ 1,000 ദിർഹം വരെ

∙ ബസ് ഷെൽറ്ററുകളിലെ ഉറക്കം 300 ദിർഹം

∙ പൊതുവാഹനങ്ങളിൽ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുക 100 ദിർഹം

∙ ബാൽക്കണികളിൽ വസ്ത്രങ്ങൾ തൂക്കിയിടൽ-500 മുതൽ 1500 ദിർഹം വരെ (ആദ്യതവണ മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാലാണു പിഴ

സ്റ്റോപ് ബോർഡ് കണ്ടാൽ മടിക്കേണ്ട, വാഹനം നിർത്തണം

അബുദാബി∙ തലസ്ഥാന റോഡുകളിൽ  സ്റ്റോപ് ബോർഡ് കണ്ടാൽ വാഹനം പൂർണമായും നിർത്തണമെന്നു പൊലീസ്. റൗണ്ട് എബൗട്ടുകളിലേക്കും പ്രധാന പാതകളിലേക്കും  പ്രവേശിക്കുന്ന വാഹനങ്ങൾ നിർത്തിയശേഷമാണ്   മുന്നോട്ടെടുക്കേണ്ടത്. ശുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നതിനാൽ  വിഡിയോ ദൃശ്യങ്ങളിലൂടെയാണു പൊലീസ് ജനങ്ങളെ ഇക്കാര്യം ബോധവൽക്കരിക്കുന്നത്. സ്റ്റോപ് ബോർഡ് കണ്ടിട്ടും വാഹനം മുന്നോട്ടെടുക്കുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തും. പ്രധാന പാതകളിലൂടെ വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ മതിയായ സാവകാശം നൽകണം. ധൃതിയിൽ കടന്നു പോകുന്ന വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്നു  പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com