ADVERTISEMENT

ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ മേളയായ ഗൾഫുഡ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. 140 രാജ്യങ്ങളിൽ നിന്ന് അയ്യായിരത്തോളം പ്രദർശകർ പങ്കെടുക്കുന്ന മേള 20ന് സമാപിക്കും. ഭക്ഷണ വീണ്ടുവിചാരം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ മേള. ഗൾഫൂഡിന്റെ രജതജൂബിലി വർഷം കൂടിയാണിത്. യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം മേള ഉദ്ഘാടനം ചെയ്തു.

200 രാജ്യങ്ങളിൽ നിന്ന് ലക്ഷത്തിലധികം പേർ മേള സന്ദർശിക്കുമെന്നാണ് കരുതുന്നത്. ലോകത്തെ പ്രമുഖ ഭക്ഷ്യോൽപാദന ബ്രാൻഡുകളെല്ലാം മേളയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തെ അത്യപൂർവ ഭക്ഷണം രുചിക്കാനുള്ള അവസരവുമാണ് മേള. ലോകത്തെ അതി പ്രഗത്ഭരായ പാചകവിദഗ്ധർ ഉൾപ്പെടുന്ന നാലു സംഘങ്ങൾ മൽസരിച്ചുണ്ടാക്കുന്ന ഭക്ഷണവും മേളയുടെ പ്രത്യേകതയാണ്. അമേരിക്ക, ഏഷ്യ, മധ്യപൂർവദേശം-ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ പാചകവിദഗ്ധരാവും തങ്ങളുടെ രുചിനിറവുകൾ കൊണ്ട് മാറ്റുരയ്ക്കുക.
ഇതു രുചിക്കാനുള്ള അവസരവുമുണ്ട്.

എന്താകും ഭാവിയിലെ ഭക്ഷണം

ലോകത്ത് ഭക്ഷ്യ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മുഴുവൻ പ്രതിഫലിപ്പിക്കുന്ന മേളയിൽ ഭാവിയിലെ ഭക്ഷണ ശീലങ്ങളിൽ വരാവുന്ന മാറ്റവും വ്യക്തമാക്കും. ഭക്ഷ്യസുരക്ഷ, നീതിപൂർവമായ ഭക്ഷ്യ സംഭരണം, സുസ്ഥിരമായ ഭക്ഷണ രീതി എന്നിവയെക്കുറിച്ചെല്ലാം മേളയിൽ പ്രമുഖർ സെമിനാറുകൾ നയിക്കും. ഭക്ഷ്യോൽപാദനം, കയറ്റുമതി, ഇറക്കുമതി, എന്നീ രംഗങ്ങളിൽ ഉള്ളവർക്കു പുറമേ പുതിയ രുചികൾ, കണ്ടുപിടുത്തങ്ങൾ ഇവയെല്ലാം മേളയിൽ പ്രതിഫലിക്കും. വ്യത്യസ്ത മോക്ടെയ്​ലുകൾ ഉണ്ടാക്കുന്ന വിധം, കേക്കു നിർമാണം, ജൈവഭക്ഷണം തുടങ്ങിയവയിലെല്ലാം പ്രഗത്ഭർ നയിക്കുന്ന ക്ലാസുകളുമുണ്ടാകും.

ജിസിസിയിൽ ആദ്യമായി ടെട്രാപാക് ജലം

gulfood-water
ജിസിസിയിൽ ആദ്യമായി ടെട്രാപാക്കിൽ ശുദ്ധജലം പുറത്തിറക്കുന്ന ചടങ്ങിൽ എൻഎഫ്പിസി ഗ്രൂപ്പ് സിഇഒ ഇക്ബാൽ ഹംസ സംസാരിക്കുന്നു. ടെട്രൈപാക്ക് മീന പ്രസിഡന്‍റ് അമർ സാഹിദ് സമീപം.

യുഎഇ ആസ്ഥാനമായുള്ള നാഷനൽ ഫുഡ് പ്രോഡക്ട് കമ്പനിയുടെ(എൻഎഫ്പിസി) ഒയാസിസ് ബ്രാൻഡ് ആദ്യമായി ജിസിസിയിൽ ടെട്രാ പാക്കിൽ ശുദ്ധജലം ലഭ്യമാക്കും. ഗൾഫുഡിൽ ആദ്യമായി ഇത് പുറത്തിറക്കി. 330 എംഎൽ ജലമാണ് ഇപ്പോൾ പാക്കുകളിൽ ലഭ്യമാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യവിപത്തിനെതിരേയുള്ള തങ്ങളുടെ നടപടികളുടെ ഭാഗം കൂടിയാണിതെന്ന് എൻഎഫ്പിസി ഗ്രൂപ്പ് സിഇഒ ഇക്ബാൽ ഹംസ പറഞ്ഞു. മാർച്ചോടെ ടെട്രാപ്പാക്കിലെ ജലം വിപണിയിൽ ലഭ്യമാകും. അടുത്തമാസം സോഡിയം ഇല്ലാത്ത ജലവും ഇതുപോലെ ലഭ്യമാക്കുമെന്ന് ടെട്രാപാക്ക് മിഡിൽ ഈസ്റ്റ്-ആഫ്രിക്ക പ്രസിഡന്റ് അമർ സാഹിബ് പറഞ്ഞു.
 
ഇന്ത്യയിൽ നിന്ന് 300 കമ്പനികൾ

gulood-india
ഗൾഫുഡ് ഇന്ത്യ പവിലിയന്റെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ഹർസിമ്രത് കൌർ നിർവഹിക്കുന്നു. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, കോൺസൽ ജനറൽ വിപുൽ തുടങ്ങിയവർ സമീപം.

മേളയിലെ ഏറ്റവും വലിയ പ്രദർശകരായ ഇന്ത്യയുടെ പവിലിയൻ ഭക്ഷ്യസംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ഉദ്ഘാടനം ചെയ്തു. എപിഇഡിഎ(ദ് അഗ്രികൾച്ചർ ആൻഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി) പവിലിയനു മുന്നിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, കോൺസൽ ജനറൽ വിപുൽ തുടങ്ങിയവർ പങ്കെടുത്തു. 4500 ചതുരശ്രമീറ്ററിൽ 300 ഇന്ത്യൻ കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നത്. ഭക്ഷ്യവ്യവസായ രംഗത്ത് ലോകത്ത് ആറാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. സുഗന്ധവ്യജ്ഞന ഉൽപാദനം,കയറ്റുമതി, ഉപഭോഗം ഇവയിലും ഇന്ത്യ ഒന്നാമതാണ്. ഭക്ഷ്യധാന്യങ്ങളാണ് കൂടുതലും യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നത്. വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഇന്ത്യൻ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. സബീൽ ഹാൾ രണ്ടിലും മൂന്നിലുമാണ് ഏറെയും ഇന്ത്യൻ ഉത്പന്നങ്ങൾ. ധാന്യങ്ങൾ, പയറുവർഗങ്ങൾ ഇവയെല്ലാം രണ്ടിലും മൂന്നിലുമാണ്. എണ്ണകൾ, കൊഴുപ്പുകൾ, ഇറച്ചി ഹാൾ3. പാൽ ഉത്പന്നങ്ങൾ ഹാൾ2 . പാനീയങ്ങൾ- ഹാൾ 5,

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ദുബായ്

gulfood
ഗൾഫുഡ് പ്രദർശന ഉദ്ഘാടനത്തിനു ശേഷം യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ദുബായ് മുനിസിപ്പിലാറ്റി പവിലിയൻ സന്ദർശിച്ചപ്പോൾ.

ദുബായ് മുനിസിപ്പാലിറ്റി പവി ലിയൻ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. ഭക്ഷ്യരംഗത്ത് മുനിസിപ്പാലിറ്റി ചെയ്യുന്ന സേവനങ്ങൾ വ്യക്തമാക്കുന്ന ഇന്ററാക്ടീവ് സ്ക്രീൻ പ്രദർശിപ്പിച്ചിട്ടുണ്ട്. എക്സ്പോയ്ക്ക് മുന്നോടിയായി ഭക്ഷ്യസുരക്ഷയും സന്ദർശകരുടെയും ഇവിടുത്തെ ആളുകളുടെയും ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാൻ ദുബായ് മുനിസിപ്പാലിറ്റി പ്രതിജ്ഞാ ബദ്ധമാണെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി, ഭക്ഷ്യ-സുരക്ഷാ വിഭാഗം സിഇഒ ഖാലിദ് മുഹമ്മദ് ഷറീഫ് അൽ അവാദി വ്യക്തമാക്കി. സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി കൈക്കൊള്ളുന്ന നൂതന വിദ്യകൾ സന്ദർശകർക്ക് പരിചയപ്പെടാനുള്ള അവസരം കൂടിയാണിതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടർ ഇമാൻ അൽ ബസ്തകി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com