ADVERTISEMENT

ദുബായ് ∙ മരുഭൂമിയിൽ ഇനി 'വേരോട്ടം' ഇല്ലാത്ത സംശുദ്ധ കാർഷിക വിപ്ലവത്തിന്റെ 'ഇലയനക്കം'. രുചിക്കൂട്ടുകളുടെ രാജ്യാന്തര മേളയായ ഗൾഫുഡിൽ ഇതിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്നതു യുഎഇ. കാലാവസ്ഥാ വെല്ലുവിളികൾ നിറഞ്ഞ മധ്യപൂർവദേശത്ത് വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും 'ശൂന്യത'യിൽ നിന്നു സൃഷ്ടിക്കാം.

എയ്റോപോണിക്സ് അഥവാ തട്ടുകൃഷി സന്ദർശകർക്ക് വിശദമായി പഠിക്കാനുമാകും. മണ്ണോ മഴയോ വേണ്ടാത്ത കാർഷിക വിദ്യ ഏതുനാടിനും േയാജിച്ചതാണെന്നു സ്റ്റാളിലെ വിദഗ്ധർ പറയുന്നു. വിഷമോ, കീടനാശിനിയോ മാരക വളമോ പ്രയോഗിക്കാത്തതിനാൽ 100% സംശുദ്ധം. കൃത്രിമത്വമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴുകുക പോലും വേണ്ടത്രേ. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ കൃഷിരീതികൾ വിശദമായി ചോദിച്ചറിയുന്നു. ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് എന്നീ 2 രീതികൾ കാർഷികമേഖലയിൽ വളരുകയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന യുഎസ് സ്വദേശി ജോ പറഞ്ഞു. സൗദിയും ഈ രംഗത്തു മുന്നേറുകയാണ്.

agriculture
തട്ടുകൃഷിയുടെ മിനി പതിപ്പ്.

കൂറ്റൻ തട്ടുകളിൽ ഇലവർഗങ്ങൾ വളർത്തുന്ന രീതിയാണിത്. ഹൈഡ്രോപോണിക്സിൽ ചെടികളുടെ വേര് വെള്ളത്തിൽ മുങ്ങിയിരിക്കും. എയ്റോപോണിക്സിൽ മുങ്ങില്ല. പ്രത്യേകതരം തട്ടുകളിലെ അറകളിലാണു െചടികൾ വളരുക. ചെടികളുടെ വേരിലും കാണ്ഡത്തിലും പോഷക സമ്പുഷ്ടമായ ജലമിശ്രിതം നിശ്ചിത സമയങ്ങളിൽ സ്പ്രേ ചെയ്യുന്നു. ആവശ്യമായ പോഷകങ്ങൾ വലിച്ചെടുത്ത് ചെടി വളരുന്നു. ഇത്തരം ചെടികൾക്ക് ഉയർന്ന പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണു കണ്ടെത്തൽ. എയ്റോപോണിക്സ്, അക്വാപോണിക്സ് 2 രീതിയിലുണ്ട്.

ധാന്യങ്ങളും മത്സ് യവിസർജ്യവും മറ്റും വെള്ളത്തിൽ കലർത്തുന്നതാണ് ഒരുരീതി. മറ്റു വളപ്രയോഗമില്ല. പോഷകങ്ങളടങ്ങിയ പൊടികൾ വെള്ളത്തിൽ കലർത്തുന്നതാണ് മറ്റൊരു രീതി. സ്ട്രോബറി, കുക്കുമ്പർ, തക്കാളി, മുളക്, കാപ്സിക്കം, ചീര, പുതിന, മല്ലിയില, ഉലുവയില തുടങ്ങിയവ സമൃദ്ധമായി വിളവെടുക്കാം. ചെടികളേ പറ്റൂ. പോഷകസമ്പന്നമായ വിളവാണു ലഭിക്കുക. എന്നാൽ ചെലവു കൂടുതലായിരിക്കുമെന്നും ജോ ചൂണ്ടിക്കാട്ടി.

ദോശക്കല്ലിൽ 'തായ്' വസന്തം

മലയാളിക്കു ദോശയും ഇഡലിയുമുണ്ടാക്കാൻ ഇനി തായ് ലന്റ് അരി. ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് പാടത്തു വിത്തെറിയുകയാണ് തായ് കർഷകർ. ദോശയരി മുതൽ തരാതരം പുഴക്കലരി വരെ റെഡി. തായ് പവിലിയനിൽ എത്തിയാൽ, നെല്ലുൽപാദനത്തിൽ ഇന്ത്യയുമായി മത്സരിക്കുകയാണെന്നു തോന്നാം. ഹോംമാലി, ജാസ്മിൻ, പുഴുങ്ങിയതും പകുതി പുഴുങ്ങിയതുമായ അരി, ദോശയ്ക്കും ഇഡലിക്കുമുള്ള നുറുങ്ങിയ അരി, പച്ചരി, നീളൻ അരി, തവിട് നീക്കാത്തത് എന്നിങ്ങനെ ഇനങ്ങൾ നീളുന്നു. പാലക്കാടൻ മട്ടയുടെ അപരൻ മാത്രമില്ല. മലയാളികൾക്കു ചോറിനോടുള്ള ഇഷ്ടം അറിയാവുന്ന ഇവർ ഓരോയിനത്തെക്കുറിച്ചും വിശദീകരിക്കുന്നു. ഇന്ത്യൻ മസാലക്കൂട്ടുകൾക്കും കറികൾക്കും പറ്റിയവയാണെന്നാണ് ഒരാളുടെ വിശദീകരണം. പെട്ടെന്നു വേവുന്നു, കുഴയില്ല, കഴിച്ചാൽ പെട്ടെന്നു മടുക്കില്ല എന്നിങ്ങനെ മലയാളികളുടെ ഇഷ്ടങ്ങൾ ഇവർക്കറിയാം. പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്ന ഇവ 100 ശതമാനവും ജൈവമാണെന്നു പറയാനാവില്ല. പൂർണമായും ജൈവരീതിയിൽ ഉൽപാദിപ്പിച്ചാൽ ചെലവേറും. എന്നാൽ രാസവള-കീടനാശിനി പ്രയോഗങ്ങളില്ലാത്ത കൃഷിരീതിയാണ് തായ് ലന്റിലെന്നും ഇവർ പറയുന്നു.

കറുമുറെ കൊറിക്കാൻ തേങ്ങാ ചോക് ലേറ്റ്

coconut
ശ്രീലങ്കൻ തേങ്ങ ഉൽപന്നങ്ങൾ.

തേങ്ങയ്ക്കു തെങ്ങിനേക്കാൾ തലപ്പൊക്കം നൽകുകയാണ് ശ്രീലങ്കക്കാർ. തേങ്ങാക്കൊത്തിനെ ചോക് ലേറ്റും മിഠായിയുമാക്കുന്ന വിരുതുകളുമായാണ് എത്തിയത്.  കാഴ്ചയിൽ തേങ്ങാക്കൊത്തായി തോന്നാമെങ്കിലും രുചിച്ചു നോക്കിയാൽ ആരും ഞെട്ടും. കൈതച്ചക്കയുടെ രുചിയുള്ള ഒന്നാന്തരം മിഠായി. കറുമുറെ കടിച്ചുതിന്നാം. അപ്പോഴേക്കും തേങ്ങയുടെ രുചിയും കിട്ടും. ഗൾഫ് മാർക്കറ്റിൽ ഇവയെല്ലാം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ശ്രീലങ്കക്കാർ. ക്രഞ്ചി കോക്കനട്ട് പൈനാപ്പിൾ, ക്രഞ്ചി കോക്കനട്ട് ചോക് ലേറ്റ്, ക്രഞ്ചി കോക്കനട്ട് ഒറിജിനൽ, കോക്കനട്ട് ഫ്ലേക്, കോക്കനട്ട് ചിപ്സ്, കോക്കനട്ട് ത്രെഡ് തുടങ്ങിയവയാണ് പ്രധാന ഉൽപന്നങ്ങൾ. ബേക്കറി ഉൽപന്നങ്ങൾ, മറ്റു വിഭവങ്ങൾ, പായസം, കറികൾ എന്നിവയിൽ ചേർക്കാം.

'പച്ച'പ്പരമാർഥം, ജപ്പാൻ പൊടിവിദ്യ

green-tea
ജാപ്പനീസ് ഗ്രീൻ ടീ പൊടിച്ചെടുക്കുന്ന പരമ്പരാഗത രീതി.

ഇതുവരെ കണ്ടതും കേട്ടതും രുചിച്ചതുമല്ല ഗ്രീൻ ടീയെന്നു ജപ്പാൻകാർ. രോഗങ്ങൾ വരുമെന്നു കരുതി ഭക്ഷണം കഴിക്കാൻ പോലും പേടിക്കുന്നവർക്കുള്ള ഒറ്റമൂലിയാണിത്. സർവരോഗ സംഹാരിയെന്നു വിശേഷിപ്പിക്കാമത്രേ. സ്ഥിരമായി കഴിച്ചാൽ ജീവിതശൈലീ രോഗങ്ങളെ കെട്ടുകെട്ടിക്കാം. ഗുണങ്ങളാൽ സമൃദ്ധമാണ് ഗ്രീൻ ടീയെന്നു ജപ്പാനിലെ പ്രമുഖ സ്ഥാപനത്തിന്റെ പ്രതിനിധിയായ നോരിതക കവാമോതോ പറയുന്നു. മച്ച, സെഞ്ച, ജെൻമൈച്ച, ഗ്യോക്കുറോ, ഹുജിച്ച, ബാഞ്ച എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇലകൾ നന്നായി ഉണക്കി യന്ത്രസഹായമില്ലാതെ പരമ്പരാഗത രീതിയിൽ പൊടിച്ചെടുക്കുന്നു. ഈ ഗ്രീൻ ടീ വെള്ളത്തിലിട്ടു തിളപ്പിക്കരുത്. തിളപ്പിച്ച വെള്ളത്തിൽ പൊടിയിടുകയാണു വേണ്ടത്. പഞ്ചസാര ഒഴിവാക്കി പകരം തേൻ, പുതിന, നാരങ്ങാനീര് എന്നിവ ചേർക്കാം. വളരെകുറച്ച് ഉൽപാദിപ്പിക്കുന്നതിനാൽ ഗ്യോക്കുറോയ്ക്കു വില കൂടുതലാണ്. ഗർഭിണികൾക്കും കുട്ടികൾക്കും ഹുജിച്ച കഴിക്കാം. പച്ചവെള്ളത്തിൽ കലക്കിയാണു ബാഞ്ച കഴിക്കേണ്ടത്. മധ്യപൂർവദേശത്ത് ഇവയെല്ലാം പരിചയപ്പെടുത്തും. ഗ്രീൻ ടീ മികച്ച ആന്റി ഓക്സിഡന്റ് ആണ്. ശരീരത്തിലെ കൊഴുപ്പും ഭാരവും കുറയ്ക്കാൻ നല്ലത്. തലച്ചോറിനെ ഉത്തേജിപ്പിക്കാനും കാൻസർ കോശങ്ങളെ നശിപ്പിക്കാനും യഥാർഥ ഗ്രീൻ ടീയ്ക്കു കഴിയുമെന്നും നോരിതക ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com