ADVERTISEMENT

ദുബായ് ∙ ഗൾഫിലെ പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ലെന്നും തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയിലെ ഭക്ഷണവിലയുടെ കാര്യത്തിൽ നടക്കുന്ന കോലാഹലങ്ങൾ പ്രവാസികളോടുള്ള അവഹേളനമാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

കേരളത്തിന്റെ നട്ടെല്ല് തന്നെ പ്രവാസികളാണ്. അവരുടെ സമ്പാദ്യമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ്. പ്രവാസ ലോകവുമായി ബന്ധമില്ലാത്ത ഒരു വീടുപോലും കേരളത്തിലുണ്ടായിരിക്കുകയില്ല.  എത്ര വലിയ ആൾക്കാരായാലും പ്രവാസ ലോകത്ത് അധ്വാനിക്കുന്നത് കേരളത്തിന് വേണ്ടിയും അവിടെയുള്ള കുടുംബങ്ങൾക്കു വേണ്ടിയുമാണ്. ഈ  പ്രവാസികളുടെയും അവരുടെ അടുത്ത തലമുറയുടെയും ഉന്നതിയെപ്പറ്റി ചർച്ച ചെയ്യുകയും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള സമ്മേളനമാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന് ലോക കേരള സഭയിൽ പങ്കെടുത്ത പ്രവാസികളാരും പട്ടിണി കിടക്കുന്നവരല്ല. താൻ സമ്മേളനത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യമേഖലയിൽ കേരളമടക്കം  മൂന്ന്  സംസ്ഥാനത്ത്  1000 കോടിയുടെ പദ്ധതിക്ക് ലുലു ഗ്രൂപ്പ്

ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് ഇന്ത്യയിലെ കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിലായി 1000 കോടി രൂപയുടെ പദ്ധതികൾ ആരംഭിക്കുമെന്ന് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. തെലങ്കാന, പഞ്ചാബ് എന്നിവയാണ് മറ്റു രണ്ട് സംസ്ഥാനങ്ങൾ. പഞ്ചാബിനെ തിരഞ്ഞെടുക്കാൻ കാരണം, അവിടെയാണ് കൂടുതൽ പഴം–പച്ചക്കറി കൃഷി നടക്കുന്നത് എന്നതുകൊണ്ടാണ്.

ഇതുസംബന്ധിച്ച് കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദലുമായി ദുബായിൽ ആശയവിനിമയം നടത്തിയതായും യൂസഫലി പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഗൾഫുഡ് സന്ദർശിക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ma-yusuff-ali

പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം കിൻഫ്രയിൽ തയാറാണ്. അവിടെ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ആധുനിക രീതിയിലുള്ള പാക്കേജിങ്, സംസ്കരണ രീതികളാണ് നടക്കുന്നത്. ഇതിനായുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയിൽ ലഭ്യമാണ്. നമ്മുടെ രാജ്യത്തെ 130 കോടി ജനം ഭക്ഷ്യാവശ്യം  നിറവേറ്റിയ ശേഷം  ബാക്കിവരുന്ന ഉത്പന്നങ്ങളാണ് നമ്മൾ കയറ്റുമതി ചെയ്യുന്നത്. ഇത്  വലിയ നേട്ടമാണ്. ഇന്ത്യയിൽ നിന്ന് ലുലു ഗ്രൂപ്പ്  പ്രതിവർഷം 3,000 കോടി രൂപയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നു. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലേക്കാണ് അവ കയറ്റി അയയ്ക്കുന്നത്. – അദ്ദേഹം വ്യക്തമാക്കി.

25 വർഷമായി നടക്കുന്ന ഗൾഫുഡിൽ ലുലു ഗ്രൂപ്പ് മുടങ്ങാതെ പങ്കെടുക്കുന്നു. അന്ന് വളരെ കുറച്ച് പ്രദർശനക്കാരാണുണ്ടായിരുന്നിടത്ത് ഇന്ന് ഇന്ത്യയിൽ നിന്ന് 300 പ്രദർശനക്കാരടക്കം 42 രാജ്യങ്ങളിൽ നിന്ന് 4500 പേർ പങ്കെടുക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലും മറ്റു ആധുനിക യന്ത്രസാമഗ്രികളും ഉത്പന്നങ്ങളുമുണ്ട്. ലോകത്തെ പ്രമുഖ ഷെഫുമാർ പങ്കെടുക്കുന്നു. ഫുഡ് ബിസിനസ് ഗ്രൂപ്പായ ലുലു വലിയ സന്തോഷത്തോടെയാണ് പങ്കെടുക്കുന്നത്. ലുലു ഗ്രൂപ്പ് ഈ വർഷം ഇരുനൂറും അടുത്ത വർഷം അവസാനത്തോടെ 250 ശാഖകളും പൂർത്തിയാക്കും. നിലവിൽ 187 എണ്ണമാണുള്ളത്. ഈജിപ്തിൽ മാത്രം 15, സൗദിയിൽ 10 എന്നിവയും യുഎഇയിലും പുതിയ പദ്ധതികൾ ഉടൻ ആരംഭിക്കും. മൊറോക്കോ, ടുണീഷ്യ, അൾജീരിയ എന്നിവിടങ്ങളിലും അടുത്തതായി ലുലു ഗ്രൂപ്പ് പ്രവർത്തനം ആരംഭിക്കുമെന്നും യൂസഫലി വിശദമാക്കി.

English Summary:  MA Yusuff Ali on allegations regarding Loka  Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com