ADVERTISEMENT
കുവൈത്ത് സിറ്റി∙ ഇവിടെ ജോലിയുള്ള 600 ചൈനക്കാർ അവധിക്കു പോയതിനു ശേഷം തിരികെ എത്താനാകാതെ ചൈനയിൽ കുടുങ്ങിക്കിടക്കുന്നു. ചൈനയിൽ കൊറോണ വൈറസ് ബാധയെതുടർന്ന് മുൻ‌കരുതൽ നടപടിയെന്ന നിലയിൽ പുറം രാജ്യങ്ങളിലേക്ക് വിമാന സർവീസ് ഇല്ല. അതിനാൽ അവധി കഴിഞ്ഞിട്ടും കുവൈത്തിലേക്ക് പോകാനാകാത്ത അവസ്ഥയിലാണ് അവർ. കുവൈത്തിൽ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട പ്രമുഖ കരാർ കമ്പനികളിൽ ജോലിയുള്ളവരാണ് ജോലിക്കെത്താനാകാത്ത അവസ്ഥയിലായത്. ജീവനക്കാരുടെ അഭാവം പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യവും ഉളവാക്കുന്നുണ്ട്.

പൊലിമ കുറച്ച്  ദേശീയ ദിനം

കൊറോണ ഇത്തവണ ആഘോഷങ്ങളുടെ പൊലിമ കുറച്ചേക്കും. ദേശീയ,വിമോചന ദിനങ്ങൾ കുവൈത്തിൽ വർണങ്ങളുടെ ആഘോഷം കൂടിയായി മാറാറുണ്ടെങ്കിലും ഇത്തവണ അതിനുള്ള സാധ്യത കുറവ്. ആഘോഷങ്ങൾക്ക് അലങ്കാരമായി എത്തുന്ന വർണ വസ്തുക്കളിൽ മഹാഭൂരിപക്ഷവും ചൈനയിൽ നിന്നുള്ളവയാണ്. കൊറോണയുടെ സാന്നിധ്യത്തിൽ ചൈനീസ് വസ്തുക്കളോടുള്ള താൽപര്യക്കുറവ് ഇതിനകം വിപണിയിൽ പ്രകടമായി കഴിഞ്ഞു. നിരോധനമില്ലെങ്കിലും ചൈനീസ് വിപണിയിൽ നിന്നുള്ള വസ്തുക്കൾ കുവൈത്ത് വിപണിയിൽ എത്തിപ്പെടുന്നതിനു കാലതാമസം ഏറെയുണ്ടിപ്പോൾ. കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വൈകുന്ന സ്ഥിതി നിലനിൽക്കുന്നു. ദേശീയ പതാകയുടെ ചെറുപതിപ്പുകൾ തൊട്ട് പതാകയുടെ നിറത്തിലുള്ള കുട്ടിക്കുപ്പായങ്ങൾ വരെ ലോഡ് കണക്കിനാണ് ആഘോഷ നാളുകളിൽ കുവൈത്തിൽ എത്താറുള്ളത്. ആഘോഷം പൊലിപ്പിക്കാനുള്ള കളിപ്പാട്ടങ്ങളും പലരൂപത്തിൽ ഇറങ്ങും.എന്നാൽ ആഘോഷത്തിന് ആഴ്ച മാത്രം അവശേഷിക്കവേ അതുമായി ബന്ധപ്പെട്ട തിരക്കൊന്നും അനുഭവപ്പെടുന്നില്ലെന്നു കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. പുതിയ വസ്തുക്കൾ എത്തുന്നുമില്ല, ഉള്ളവ ചെലവാകുന്നുമില്ല എന്നതാണ് അവസ്ഥ. ആൾക്കൂട്ടം വേണ്ട കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശം മാനിച്ച് ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ കുവൈത്ത് മന്ത്രിസഭയും തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലെ കുവൈത്ത് എംബസികളിൽ ദേശീയ, വിമോചന ദിനാഘോഷങ്ങൾ വൈകിപ്പിക്കാനും മന്ത്രിസഭ നിർദേശം നൽകി. നയതന്ത്ര ഉദ്യോഗസ്ഥരുടെ വിദേശയാത്ര അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്താനും തീരുമാനമുണ്ട്.
 
രാജ്യം കൊറോണ മുക്തം

കുവൈത്തിൽ ഇതുവരെ കൊറോണ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് സ്വദേശികളും വിദേശികളും മന്ത്രാലയത്തിന്റെ  ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളു.

കിടക്കയും മുഖാവരണവും

കിടക്കയും മുഖാവരണവും മെഡിക്കൽ ഉപകരണങ്ങളും ആവശ്യമുണ്ടെന്നു ചൈന. കൊറോണ വൈറസ് വ്യാപനത്തിനെതിരെ കരുതലുകൾ ശക്തമെങ്കിലും അത്തരം വസ്തുക്കളുടെ കുറവുണ്ടെന്നു കുവൈത്തിലെ ചൈനീസ് സ്ഥാനപതി ലീ മിഴാങ് പറഞ്ഞു. ഉന്നതതല കുവൈത്ത് സംഘവുമായി ചർച്ചയ്ക്കു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വ്യാപനത്തിനെതിരെ പരമാവധി സഹായം കുവൈത്തിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ച്. സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി കുവൈത്ത് കമ്പനികളും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com