ADVERTISEMENT
കുവൈത്ത് സിറ്റി ∙ വെട്ടുകിളികൾ വരുന്നു. സ്വദേശികളുടെ ഇഷ്ട ഭക്ഷണമായിരിക്കുമ്പോഴും കഴിഞ്ഞ തവണത്തേത് പോലെ കൃഷിമേഖലയിൽ ഇവ നാ‍ശം വിതക്കുമോ എന്ന ആശങ്ക ശക്തമായി. വഫ്രയിലും അബ്ദലിയിലും വെട്ടുകിളിക്കൂട്ടങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അധികൃതർ ജാഗ്രതയിലാണ്. കീടനാശിനി സ്പ്രേ ചെയ്തും മറ്റും മുൻ‌കരുതലുകൾ ശക്തമാക്കി.

അറബികളുടെ ഇഷ്ടഭക്ഷണം

അറബിയിൽ ജറാദ് എന്നറിയപ്പെടുന്ന വെട്ടുകിളികൾ (locusts) പഴയകാലം തൊട്ട് അറബികളുടെ ഇഷ്ടഭക്ഷണമാണ്. സീസണുകളിൽ വെട്ടുകിളികളെ ശേഖരിച്ച് എണ്ണയിൽ മൊരിച്ചെടുത്ത് കഴിക്കുക എന്നത് ശീലമാണ്. ആരോഗ്യത്തിന് ഹാനികരമായി വെട്ടുകിളികളെ കണക്കാക്കുന്നുമില്ല. ചില കാലങ്ങളിൽ വെട്ടുകിളികളെ ഭക്ഷണപ്പാകമാക്കി വിൽ‌പന നടത്തുന്ന കടകളും സജീവമാകാറുണ്ട്.

അധികമായപ്പോൾ അപകടം

എന്നൽ, കുവൈത്തിൽ കഴിഞ്ഞ വർഷം വെട്ടുകിളികൾ അമിതമായതോടെ വിളവുകൾക്ക് വിഘാതമായി. ഇതോടെ കൃഷി അതോറിറ്റി അധികൃതർ രംഗത്തെത്തി. വെട്ടുകിളികളെ തുരത്താൻ കീടനാശിനി സ്പ്രേ ചെയ്തു. വെട്ടുകിളികൾ കൂട്ടമായി ചത്തൊടുങ്ങി. കീടനാശിനി പ്രയോഗം കാരണം വെട്ടുകിളികൾ ഭക്ഷ്യയോഗ്യമല്ലാതായതിനൊപ്പം കാർഷിക വിളകളിലും കീടനാശിനി അധികമായി. അതോടെ വെട്ടുകിളികൾ അറബികളുടെ തീൻ മേശയിൽനിന്ന് പുറത്തുപോകേണ്ട അവസ്ഥയുമാണ്.

പടരും, അതിവേഗം

കുവൈത്തിലെ അബ്ദലിയിൽ കഴിഞ്ഞ ദിവസമാണ് വെട്ടുകിളിക്കൂട്ടം എത്തിയത്. കാറ്റിന്റെ ഗതിക്കനുസരിച്ചാണ് ഒരുദിക്കിൽനിന്ന് മറ്റൊരിടത്തേക്ക് വെട്ടുകിളി പ്രയാണം.
അതിവേഗം വ്യാപിക്കുന്നതാണ് വെട്ടികിളിക്കൂട്ടം. ചതുരശ്രമൈലിനകത്ത് 10ലക്ഷത്തിലേറെ വെട്ടുകിളിക്കൂട്ടങ്ങളുണ്ടാകാം. അവ അതിവേഗം നൂറുക്കണക്കിന് ചതുരശ്രമൈൽ വിസ്തൃതിയിൽ പടരുകയും ചെയ്യും. ദിവസം 150കിലോമീറ്ററിലേറെ പറക്കാൻ ശേഷിയുള്ള വെട്ടുകിളികൾ അതിവേഗ പ്രത്യുത്പാദനശേഷിയുള്ളവയുമാണ്. ഇത്തവണ യെമനിലും സൗദി അറേബ്യയിലുമൊക്കെ വെട്ടുകിളികളുടെ വലിയ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അപകടകാരിയായത് അടുത്ത കാലത്ത്

മരുഭൂമിയിലെ വെട്ടുകിളികൾ പൊതുവേ ഒറ്റപ്പെട്ട് ജീവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വെട്ടുകിളികൾ ദ്രോഹമായി പരിഗണിക്കപ്പെടാറില്ല. അതേസമയം എണ്ണം‌കൂടുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നു. കൂട്ടംകൂടിയെത്തുന്ന വെട്ടുകിളികൾ മഹാശല്യമായി അനുഭവപ്പെട്ടുതുടങ്ങിയത് 2000 മുതലാണ്. പശ്ചിമ ആഫ്രിക്കയിൽ 2003ലും 2005ലും 2.5ബില്യൻ ഡോളറിൻ‌‌റെ കൃഷിനാശമാണ് വരുത്തിയത്. ആഗോള താപനമുൾപ്പെടെയുള്ള സാഹചര്യങ്ങളാണ് വെട്ടുകിളികൾ നാശകാരികളായി മാറുന്ന പ്രവണതയ്ക്ക് അടിസ്ഥാനം.

രുചിയിൽ ചെമ്മീനെ വെല്ലും

രുചിയിൽ കടലിലെ ചെമ്മീൻ പോലെയാണ് ആകാശത്തിലെ വെട്ടുകിളികൾ എന്നാണ് പഴമക്കാർ പറയുന്നത്. എണ്ണയിൽ മൊരിച്ചെടുക്കുക മാത്രമല്ല, മസാല ചേർത്ത് വേവിച്ചും വെട്ടുകിളികളെ അകത്താക്കും. പഴയ കാലത്ത്. വീട്ടിലെത്തുന്ന അതിഥികൾക്ക് കൊറിക്കാൻ കൊടുന്നതു വെട്ടുകിളികളായിരുന്നെന്നു പറയപ്പെടുന്നു.

അകത്താക്കും, 10 ടൺ

ബിബിസിയുടെ പഠന റിപ്പോർട്ട് അനുസരിച്ച് സാമാന്യം എണ്ണക്കൂടുതലുള്ള വെട്ടുകിളിക്കൂട്ടം കാർഷിക വിളകളിൽനിന്ന് ഏകദേശം 10 ടണ്ണോളം അകത്താക്കുമത്രെ.
എന്നുവച്ചാൽ 10 ആനകളോ 25 ഒട്ടകങ്ങളോ 2500 മനുഷ്യരോ കഴിക്കുന്ന അത്രയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com