ADVERTISEMENT

അബുദാബി∙ യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവതമായ ജബൽഹഫീത് മലനിരകളിൽനിന്ന് അൽഐനിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച മലയാളി സമാജത്തിന്റെ സ്നേഹസ്പർശം സംഘം ഇന്ന് ലോകത്തിന്റെ നെറുകിലേക്ക്. ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ വിസ്മയങ്ങളിലേക്കാണ് മാതാപിതാക്കളെ സമാജം കൂട്ടിക്കൊണ്ടുപോകുന്നത്.

വൈകിട്ട് 4ന് ജബൽ ഹഫീതിനു മലമുകളിലെത്തിയ സംഘം അൽഐനിന്റെ ആകാശ ദൃശ്യങ്ങളും അസ്തമയ കാഴ്ചകളും കണ്ടാണ് മലയിറങ്ങിയത്. 

ദുബായിൽ നിന്നുകൊണ്ടുന്ന വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത തനിക്ക് ആ നാടു കാണണമെന്ന അടങ്ങാത്ത ആഗ്രഹംകൊണ്ടാണ് 81ാം വയസിലും അതിന് മുതിർന്നതെന്ന് പട്ടാമ്പി വിളത്തൂർ സ്വദേശി അബ്ദുല്ലക്കുട്ടി പറഞ്ഞു. ഭാര്യ സുബൈദയും കൂടെയുണ്ട്. 

അൽഐൻ യാത്രയിൽ മകൻ ഫൈസലും ഇവരുടെ കൈപിടിക്കാനെത്തിയിരുന്നു.  ഉമ്മയെയും ഉപ്പയെയും താമസിക്കുന്ന ലേബർ ക്യാംപിലേക്ക് കൊണ്ടുപോകാനാകില്ലെങ്കിലും ജോലി സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകുമെന്നു ഫൈസൽ മനോരമയോടു പറഞ്ഞു.

5 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിനു രാജപ്പനും ജബൽഹഫീത് കാണാൻ സാധിച്ചത് മാതാപിതാക്കളുടെ വരവോടെയാണ്.

ഇന്നലെ സംഘത്തോടൊപ്പം ചേർന്ന കോതമംഗലം സ്വദേശി പാറക്കുട്ടിയമ്മ(60)യുടെ സന്തോഷം ജബൽഹഫീതിനെക്കാൾ ഉയർന്നു. 30 വർഷം മുൻപ് ഭർത്താവ് മരിച്ച പാറുക്കുട്ടിയമ്മയുടെ ഏക മകൾ റാണി ദുബായിലാണെങ്കിലും കൈ പിടിച്ചു കാഴ്ചകൾ കാണിക്കാൻ സമാജം ഭാരവാഹികൾ കൂടെയുണ്ടായിരുന്നു. 

പ്രസിഡന്റ് ഷിബു വർഗീസ്, സഹിഷ്ണുതാ സെക്രട്ടറി അബ്ദുൽ അസീസ് മൊയ്തീൻ, വനിതാ വേദി അംഗങ്ങളായ ഷബ്ന ഷാജഹാൻ, സിനി റോയ്സ് എന്നിവരും ഇവരെ അനുഗമിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com