ADVERTISEMENT

റിയാദ് ∙ പ്രശസ്ത ധനവിനിമയ ശൃംഖലയായ ഫിനാബ്ലറിന്റെ ഭാഗമായ, സൗദി അറേബ്യ ആസ്ഥാനമായുള്ള ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷൻ ദാതാവ് ‘ബയാൻ പേ’ക്ക് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ പൂർണ പ്രവർത്തനാനുമതി ലഭിച്ചു. ‘സമ’ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ തൃപ്തികരവും വിജയകരവുമായി പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. രാജ്യത്തെ ജനങ്ങൾക്ക് ഡിജിറ്റൽ വാലറ്റ് വഴി പണമിടപാടുകൾ, ഇ-കോമേഴ്‌സ്, ചെറുകിട മധ്യനിര ബിസിനസ് പെയ്മെന്റ്സ് തുടങ്ങിയ സേവനങ്ങൾ ഇതുവഴി സാധ്യമാണ്. തങ്ങളുടെ നിലവിലുള്ള ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 'ബയാൻ പേ' മുഖേന സൗദി അറേബ്യയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാണിജ്യ സംരംഭകർക്കും ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും പണമിടപാടുകൾ നടത്താൻ ഇതോടെ എളുപ്പത്തിൽ സാധിക്കും. ഫിനാബ്ലറിന്റെ ആഗോള തലത്തിലെ വിപുലശൃംഖലയും പരിചയ സമ്പത്തും വൈദഗ്ധ്യവും 'ബയാൻ പേ'യുടെ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ആക്കം കൂട്ടും.

'ബയാൻ പേ'യുടെ മുഖ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവയാണ് ബയാൻ പേ ബിസിനസ്സും ബയാൻ പേ വാലറ്റും. സൗദി അറേബ്യയിലെ ബിസിനസ് സ്ഥാപനങ്ങൾ തമ്മിലും സ്ഥാപനങ്ങളും ഉപയോക്താക്കളും തമ്മിലും, ബിസിനസ് സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും തമ്മിലും ഏറ്റവും വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായി പണമിടപാട് സാധ്യമാക്കുന്ന ഓൺലൈൻ പെയ്‌മെന്റ്സ് സേവന സഞ്ചയികയാണ് ബയാൻ പേ ബിസിനസ്. ലോകബാങ്കിന്റെ കണക്കുകളനുസരിച്ച് 43 ബില്യൺ അമേരിക്കൻ ഡോളറിന്റെ രാജ്യാന്തര വിനിമയം നടക്കുന്ന സൗദി അറേബ്യയിലെ ഉപയോക്താക്കൾക്ക്, ഫിനാബ്ലറിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ, അതിർത്തികൾക്കപ്പുറത്തേക്കും തടസ്സങ്ങളില്ലാതെ സുരക്ഷിതമായി നിയമാനുസൃത പണമിടപാടിന് സൗകര്യമൊരുക്കുന്ന ഇ-വാലറ്റ് സേവനമാണ് ബയാൻ പേ വാലറ്റ്.

ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യൻ വിപണിയുടെ ധനവിനിമയ രംഗത്ത് ക്യാഷ്‌ലെസ്സ് സമൂഹമായി മാറാനുള്ള യത്നത്തിൽ 'ബയാൻ പേ' ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് പറഞ്ഞു. സൗദി ഭരണകൂടം പ്രഖ്യാപിച്ച 'സൗദി വിഷൻ 2030' എന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ സാമ്പത്തിക മേഖലാ വികസന പരിപാടിയുടെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നാണ് ക്യാഷ്‌ലെസ്സ് സൊസൈറ്റിയെന്നത്. ഇതുൾപ്പെടെ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ പുരോഗമന പരിശ്രമങ്ങളിൽ പങ്കാളിയാവാനും ശ്രദ്ധേയമായ സേവനങ്ങൾ നല്കാനും തങ്ങൾക്ക് ലഭിച്ച അവസരം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കുതിപ്പിലേക്ക് പ്രവേശിച്ച സൗദി വിപണിയിൽ സൗകര്യവും സമയലാഭവും സുതാര്യതയും സുരക്ഷിതത്വവും തികഞ്ഞ വിനിമയമെന്ന ലക്ഷ്യസാധ്യത്തിന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി നടപ്പാക്കുന്ന ക്യാഷ്‌ലെസ്സ് സൊസൈറ്റിയെന്ന പ്രയാണത്തിൽ 'ബയാൻ പേ'യെ അണിചേർത്ത 'സമ'ക്കും പങ്കാളികൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി പ്രകാശിപ്പിക്കുന്നതായും ബയാൻ പേ സ്ഥാപകനും ചെയർമാനുമായ ഫഹദ് അൽ ഫവാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com