ADVERTISEMENT

ദുബായ് ∙ ഹൈടെക് ഊർജപദ്ധതികളുമായി എക്സ്പോയിൽ യുഎഇയുടെ ടേക്ക് ഓഫ്. പ്രകൃതിവാതകം മുതൽ ആണവോർജം വരെയുള്ള പദ്ധതികളുടെ കരുത്തിൽ വികസനത്തിന്റെ പുതുയുഗത്തിലേക്കു കുതിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സാമ്പത്തിക മുന്നേറ്റത്തിനൊപ്പം ഒട്ടേറെ തൊഴിൽ സാധ്യതകൾക്കും ഇതു വഴിയൊരുക്കും. വരും വർഷങ്ങളിൽ 9.05 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു കണക്കാക്കുന്നു.

ദുബായിലും ഷാർജയിലും അടുത്തിടെ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത് ഊർജമേഖലയ്ക്കു വൻ നേട്ടമായി. ബറക ആണവനിലയത്തിലെ ആദ്യ യൂണിറ്റിൽ ഈ വർഷം ഉൽപാദനം ആരംഭിക്കുന്നതാണു മറ്റൊരു മുന്നേറ്റം. രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ 25% ഇവിടെ ഉൽപാദിപ്പിക്കും. ഈ വർഷാവസാനത്തോടെ പ്രതിദിന എണ്ണയുൽപ്പാദനം 40 ലക്ഷം വീപ്പ (ബിപിഡി)യാക്കുമെന്ന അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്)യുടെ പ്രഖ്യാപനവും വിപണിക്ക് ഊർജമേകുന്നു. സൗരോർജ പദ്ധതിയിൽ ബഹുദൂരം മുന്നേറിയ രാജ്യം ലോകരാജ്യങ്ങൾക്കു മാതൃകയാണ്.

കാറ്റിൽ നിന്നു വൻതോതിൽ ഊർജം ഉൽപാദിപ്പിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. എക്സ്പോ വേദിയിലെ ഇനോക് സർവീസ് സ്റ്റേഷനിൽ ഈ സംവിധാനമുണ്ടാകും. കാറ്റിന്റെയും സൂര്യപ്രകാശത്തിന്റെയും ലഭ്യത വേണ്ടുവോളമുള്ള യുഎഇയിൽ സംശുദ്ധ ഊർജ പദ്ധതികൾക്കു സാധ്യതകളേറെ.

എക്സ്പോ തുടങ്ങുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 12,260 കോടി ദിർഹത്തിന്റെ നേട്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

പ്രതീക്ഷയേകി പ്രകൃതിവാതകം

ദുബായിലെ ജബൽഅലിയിലും ഷാർജയിലെ മഹാനിയിലുമാണു പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. ജബൽഅലിയിൽ 80 ലക്ഷം കോടി ഘനഅടി വാതകശേഖരമുള്ളതായി കണക്കാക്കുന്നു. മഹാനിയിൽ പ്രതിദിനം 5 കോടി സ്റ്റാൻഡേഡ് ഘന അടി പ്രകൃതിവാതകം ലഭ്യമാകും. പ്രകൃതിവാതകം കണ്ടെത്തിയത് കരുതൽ ഊർജശേഖരമെന്ന നിലയ്ക്കും നേട്ടമാണ്.

മഹാനിയിൽ 14,597 അടി കുഴിച്ചപ്പോഴായിരുന്നു വാതക സാന്നിധ്യം. ഷാർജയിൽ 37 വർഷത്തിനുശേഷമാണ് വാതകശേഖരം കണ്ടെത്തുന്നത്. മേഖലയിൽ കൂടുതൽ പര്യവേക്ഷണം നടത്താൻ ഷാർജ നാഷനൽ ഓയിൽ കോർപറേഷനും (സ്നോക്) ഇറ്റാലിയൻ പങ്കാളിയായ ഇഎൻഐയും തീരുമാനിച്ചു.

3 മേഖലകളിലായി 50 ഇന്ധന കിണറുകളാണ് സ്നോക്സിനുള്ളത്. പ്രകൃതി വാതകശേഖരം കണ്ടെത്താനുള്ള പര്യവേക്ഷണം അബുദാബിയിലും പുരോഗമിക്കുകയാണ്.

കുതിച്ചു, കാലത്തിനു മുൻപേ

സാമ്പത്തികരംഗത്ത് രാജ്യാന്തര തലത്തിൽ അസ്ഥിരത തുടരുമ്പോഴും യുഎഇ ക്രമാനുഗത വളർച്ച രേഖപ്പെടുത്തുന്നതായാണു റിപ്പോർട്ട്. ടൂറിസം, ഗതാഗതം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ വൻ മുന്നേറ്റം കൈവരിച്ചു. എക്പോയ്ക്കു മുന്നോടിയായി ഗതാഗത മേഖലയിലടക്കം പൂർത്തിയായ പദ്ധതികൾ രാജ്യത്തെ പതിറ്റാണ്ടുകൾ മുന്നിലെത്തിച്ചു. 

ഇന്ത്യക്കാരടക്കമുള്ള നിക്ഷേപകരുടെ എണ്ണം കൂടി. പാർപ്പിട, വിദ്യാഭ്യാസ മേഖലകളിലും വൻമുന്നേറ്റമാണു കൈവരിച്ചത്. ഹരിതവൽക്കരണ പദ്ധതികളിലും മേഖലയിൽ ഏറെ മുന്നിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com