ADVERTISEMENT

ദുബായ്∙ ലോകത്തെ ഏറ്റവും തിരക്കുള്ളതും ഏറ്റവുമധികം രാജ്യാന്തര യാത്രക്കാർ വന്നു പോകുന്നതുമായ ദുബായ് വിമാനത്താവളം കൊറോണ രഹിതമാക്കാൻ തീവ്രനടപടികളാണു കൈക്കൊള്ളുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതിനൊപ്പം വിമാനത്താവളത്തിലെ 51% യാത്രക്കാരെയും 42% സർവീസുകളും കൈകാര്യം ചെയ്യുന്ന എമിറേറ്റ് വിമാനങ്ങളിൽ എത്രത്തോളമാണു കൊറോണയ്ക്കെതിരേ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതെന്ന് വിമാന അധികൃതരും വെളിപ്പെടുത്തുന്നു.

emirates

ഇതുസംബന്ധിച്ച വിഡിയോ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരെയും തെർമൽ സ്ക്രീനിങ് നടത്തിയാണു വിടുന്നത്. ഇത് യാത്രക്കാർ അറിയണമെന്നു പോലുമില്ല. അത് കൂടാതെ കൊറോണ ബാധിത രാജ്യമായ ചൈന ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നു വരുന്നവരെ പരിശോധനയ്ക്കും വിധേയമാക്കുന്നു. 24മണിക്കൂറും വിമാനത്താവളത്തിൽ ആരോഗ്യപ്രവർത്തകർ കർമനിരതരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ അറിയിച്ചു. മുപ്പതു മിനിറ്റോളം നീളുന്ന പരിശോധനകളാണിത്.

എമിറേറ്റ് വിമാനങ്ങളിലാകട്ടെ രാജ്യാന്തര മാനദണ്ഡങ്ങളിലുള്ള വിവിധ തല ശുചീകരണമാണ് നടത്തുന്നത്. എച്ച്ഇപിഎ വായു ശുദ്ധീകരണ സംവിധാനമാണ് വിമാനത്തിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഭൂരിഭാഗം വൈറസുകളെയും നശിപ്പിക്കുന്നതാണ്. ഇതിനു പുറമേ വൈറസുകളെയും ബാക്ടീരിയകളെയും കൊല്ലാൻ ശേഷിയുള്ള ലായനികൾ വിമാനത്തിൽ തളിക്കുകയും ചെയ്യും. വിമാനത്തിന് ഉൾവശം മുഴുവൻ ലായനിയിൽ മുക്കി തുടച്ചു വൃത്തിയാക്കുകയും ചെയ്യും. അടുത്ത യാത്രയ്ക്കു തയാറാകുന്നതിനിടെ ഒരു മണിക്കൂർ കൊണ്ടാണു ശുചീകരണം പൂർത്തിയാക്കുന്നത്. ബോയിങ് 777 വിമാനത്തിൽ 18 പേരും എ380 വിമാനത്തിൽ 36 പേരും ശുചീകരണത്തിൽ ഏർപ്പെടുന്നു. ഒരു ദിവസം ശരാശരി 248 വിമാനങ്ങൾ ഇങ്ങനെ ശുചിയാക്കുന്നതായും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com