ADVERTISEMENT

ദുബായ് ∙ ലോകത്തെ നോക്കി കോവിഡ് കണ്ണുരുട്ടുമ്പോൾ അടുക്കളയിലും മാറ്റങ്ങളുടെ അരങ്ങേറ്റം. ആരോഗ്യം പച്ചപിടിക്കാൻ പച്ചക്കറിയിൽ പിടുത്തമിട്ടു തുടങ്ങി ചിലർ. ഹോട്ടലുകളിലെ പതിവുകാർക്കു പച്ചക്കറിയോടു പഥ്യം കൂടിയതോടെ വിഭവങ്ങളിൽ വിരുതുകൾ 'വൈറലാകുന്നു'.

shajith
ഷെഫ് ഷജിത് കുമാർ

എരിവും മസാലയും കൂട്ടി പച്ചക്കറിയുെട വീറു കൂട്ടാൻ ഏറ്റവും നല്ലത് ശ്രീലങ്കൻ വിഭവങ്ങളാണെന്ന് ഉമ്മുൽഖുവൈനിലെ പ്രമുഖ ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് ഷജിത് കുമാർ പറയുന്നു. മലയാളികൾക്കു പണ്ടേയൊരു ചായ് വ് ഇവയോടുണ്ടുതാനും. കൊഴുക്കട്ട മുതൽ ഒാട്ടട വരെ ശ്രീലങ്കൻ വിഭവങ്ങളിലുണ്ട്.

ചോറും തേങ്ങയരച്ച മീൻകറിയും തീയലിന്റെ കുടുംബത്തിൽപ്പെട്ട കാരക്കുഴമ്പുമെല്ലാം ബഹുവിശേഷമെങ്കിലും എരിവിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. മസാല കഴിക്കുന്നവരിൽ ഇന്ത്യക്കാർ മല്ലന്മാരാണെങ്കിൽ ശ്രീലങ്കക്കാർ 'രാക്ഷസന്മാരാണ്'. പല ശ്രീലങ്കൻ വിഭവങ്ങളിലും മലയാളക്കരയിലെ അപരന്മാരെ കാണാം.

സാമ്പാറല്ല സംബാൽ

sambal

പേരിൽ സാമ്പാറുമായി സാമ്യമുണ്ടെങ്കിലും മലയാളികളുടെ ചമ്മന്തിയാണ് സംബാൽ. പലതരത്തിൽ തയാറാക്കാം. കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി, കുരുമുളക്, ഉപ്പ്, തൈര് എന്നിവയാണു ചേരുവകൾ. കാരറ്റ് നേരിയ കനത്തിൽ അരിഞ്ഞുവയ്ക്കുക. ഇതിൽ മറ്റു ചേരുവകൾ ചേർത്ത് കുഴയ്ക്കുക. ഇതിൽ അൽപം തൈരു ചേർത്താൽ രുചികരമായ വിഭവമായി. വറ്റൽ മുളക്, ചുവന്നുള്ളി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്തും സംബാൽ തയാറാക്കാം. വറ്റൽ മുളക് വഴറ്റി വെള്ളത്തിൽ കുതിർക്കുക. തുടർന്ന് അരിനീക്കി മിക്സിയിൽ അരച്ചെടുക്കുക. വറ്റൽ മുളകിന്റെ അതേ അളവിൽ ഉള്ളിയെടുത്ത് മറ്റ് ചേരുവകൾ ചേർത്ത് അരയ്ക്കുക. ഏതു വിഭവത്തിന്റെ കൂടെയും സംബാൽ തൊടുകറിയായി ഉപയോഗിക്കുന്നതാണ് ശ്രീലങ്കൻ ശീലം. പൊറോട്ടയിലുമുണ്ട് ശ്രീലങ്കൻ താരങ്ങൾ. മാർദവമേറിയ ഈ പൊറോട്ട ത്രികോണാകൃതിയിലാണ് തയാറാക്കുക. പൊറോട്ട ചെറുതായി അരിഞ്ഞ് സവാളയും പച്ചമുളകും ഇഞ്ചിയും പച്ചമുളകുമൊക്കെ നന്നായി ചേർത്തു മസാലക്കറിയിലിട്ട് കപ്പപ്പുഴുക്ക് പരുവത്തിലാക്കുന്നു.

സിംപിൾ, സൂപ്പർ വെളുത്തുള്ളിക്കറി

garlic-curry

വെളുത്തുള്ളി, ചെറിയഉള്ളി, തക്കാളി, പച്ചമുളക്, മുളക് പൊടി, മഞ്ഞൾപ്പൊടി, കടുക്, തേങ്ങാപ്പാൽ, ജീരകം, ഉപ്പ് എന്നിവയാണ് ചേരുവകൾ. ചെറിയ പാനിൽ എണ്ണയൊഴിച്ച് കടുക്, കറിവേപ്പില, ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് 200 ഗ്രാം വെളുത്തുള്ളി മറ്റു ചേരുവുകളുമിട്ട് തേങ്ങാപ്പാൽ ഒഴിച്ച് വേവിക്കുക. സംഗതി സിംപിൾ ആണെങ്കിലും പ്രതിരോധ ശേഷി കൂട്ടാൻ വളരെ നല്ലതാണെന്നു ശ്രീലങ്കക്കാർ പറയുന്നു.

വേഷം മാറി അവിയൽ

malawa

പച്ചക്കറികളിലെ പ്രമുഖരുടെ കൂട്ടുകുടുംബമാണ് ഹാത് മലുവ. മലയാളികളുടെ അവിയലിന്റെ തനിപ്പകർപ്പ്. മസാല ചേരുന്നതിനാൽ രുചിയിൽ വ്യത്യാസമുണ്ടാകും. അണ്ടിപ്പരിപ്പ്, വഴുതനങ്ങ, ചക്കക്കുരു, ബീൻസ്, ഉരുളക്കിഴങ്ങ്, മത്തൻ, ബേബി പൊട്ടറ്റോ, ഏത്തക്കായ, കാരറ്റ്, മഞ്ഞൾപ്പൊടി, മുളക് പൊടി, ചെറിയ ഉള്ളി, വെളുത്തുള്ളി, തേങ്ങാപ്പാൽ, കറിവേപ്പില, പാകത്തിനു വെള്ളം, ഉപ്പ് എന്നിവയാണ് ചേരുവകൾ. തൂന പഹ എന്ന മസാലയാണ് അവിയൽ സങ്കൽപത്തെ മാറ്റിമറിക്കുന്നത്. മല്ലി, ജീരകം, പെരുംജീരകം, കറുവാപ്പട്ട, ഏലക്കായ, ഗ്രാമ്പു, കുരുമുളക് എന്നിവയും ചില ശ്രീലങ്കൻ സുഗന്ധവ്യഞ്ജനങ്ങളും ചേർന്ന പൊടിയാണ് തൂന പഹ. അവിയലിന് പച്ചക്കറി നീളത്തിലാണ് അരിയുന്നതിൽ ഹാത് മലുവയിൽ ചതുരത്തിലാണ്. എല്ലാം കൃത്യമായ അനുപാതത്തിൽ മുറിച്ച് വേവിക്കുന്നു. ചക്കക്കുരുവും അണ്ടിപ്പരിപ്പും പ്രത്യേകം വേവിച്ച് ചെറുതായി ഉടയ്ക്കും. പച്ചക്കറിയിലേക്ക് ഇതും തേങ്ങാപ്പാലും ചേർത്ത് ചെറുതീയിൽ ഒന്നു കൂടി വേവിക്കുക. ആവശ്യമെങ്കിൽ കടുക് വറുക്കാം. ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ പറ്റിയ ഈ വിഭവം എളുപ്പം തയാറാക്കാം. എരിവ് താരതമ്യേന കുറവായ ശ്രീലങ്കൻ വിഭവമാണിതെന്ന പ്രത്യേകതയുമുണ്ട്.

സ്പൈസി ടോഫു, തനിനാടൻ

ടോഫു (സോയാ പനീർ), വെളുത്തുള്ളി, പച്ചമുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പുളിവെള്ളം, കറുവാപ്പട്ട, മുളക് പൊടി, കുരുമുളക്, വറ്റൽ മുളക്, ഉപ്പ് എന്നിവയാണു ചേരുവകൾ. ടോഫു ചതുരത്തിൽ മുറിച്ച് തവിട്ടു നിറമാകും വരെ എണ്ണയിൽ വറുത്തെടുക്കുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ അരച്ച് എണ്ണയിൽ വഴറ്റുക. വറ്റൽ മുളക് പ്രത്യേക വേവിച്ച് കുഴമ്പുപരുവത്തിലാക്കി ഇതിൽ ചേർക്കുക. കൂടെ പുളിവെള്ളവും. അൽപം കഴിഞ്ഞു മറ്റു മസാലകൾ ചേർത്ത് നന്നായി യോജിക്കുമ്പോൾ വറുത്തുവച്ച ടോഫു ചേർക്കുക.

കുഴഞ്ഞു മറിഞ്ഞ് ചക്കക്കൂട്ടാൻ

പാകത്തിനു മൂത്ത ചക്ക അരിഞ്ഞുവയ്ക്കുക. കറുവപ്പട്ട, പെരുംജീരകം, മല്ലിപ്പൊടി, മുളക് പൊടി, കറിമസാല എന്നിവ നന്നായി വഴറ്റി ചക്ക ചേർത്തു വേവിക്കുക. ഇതിൽ തേങ്ങാപ്പാൽ ചേർത്തു ചെറുതീയിൽ കുഴമ്പു പരുവത്തിലാക്കിയാൽ രുചികരമായ വിഭവമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com