sections
MORE

ഹൃദയം തകരുന്ന നൊമ്പരം; ഭർത്താവിനെ അവസാനമായി കാണാൻ ‍കഴിയാതെ ദുബായിൽ മലയാളി യുവതി

SHARE

ദുബായ് ∙ പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ കരഞ്ഞുതളർന്ന് മലയാളി യുവതി ദുബായിൽ. കോവിഡ്–19 കാരണം വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നാട്ടിൽ മരിച്ച ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്ന് മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും അബുഹായിലിലെ താമസ സ്ഥലത്തിരുന്ന് കണ്ണീർ വാർക്കുകയാണിവർ. എറണാകുളം കളമശ്ശേരി മുനിസിപാലിറ്റി സ്വദേശിനി ബിജിമോളാണ് ഇൗ നിർഭാഗ്യവതി. കൊറോണ വൈറസ് കാരണം ഇന്ത്യയിലേയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ മാതാവായ ഇൗ യുവതിക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. കഴിഞ്ഞ 9 മാസമായി ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്.

മൂന്ന് മാസം മുൻപാണ് രോഗിയായ ഭർത്താവിന് ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികള്‍ക്ക് മികച്ച ജീവിതം നൽകാനും ആശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ച് ബിജി ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് അത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്ന് ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പരിചയക്കാരുടെ കൂടെ വളരെ ദുരിതത്തിൽ കഴിയുമ്പോഴാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.

എന്നാൽ ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ ഇൗ മാസം 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത് മരിക്കുകയായിരുന്നു. വിമാന സർവീസ് നിർത്തിവച്ചതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് പോകാനായില്ല. ഒടുവിൽ വിഡിയോ വഴിയാണ് ആ മുഖം അവസാനമായി ദർശിച്ചത്. 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും കഴിയാത്തതിൽ ബിജി ഏറെ കരഞ്ഞുതളർന്നു. 

ഒടുവിൽ പ്രിയതമന്റെ ചേതനയറ്റ ശരീരം കടലുകൾക്കിപ്പുറമിരുന്നു വിഡിയോ കോളിലൂടെ കാണേണ്ടി വന്നു. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന മൂന്നുപെൺമക്കളെ സമാധാനിപ്പിക്കാൻപോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കളെന്നും അവർക്ക് എത്രകാലം സംരക്ഷിക്കാൻ സാധിക്കുമെന്ന് അറിയില്ലെന്നും ബിജി മനോരമ ഒാൺലൈനിനോട് പറഞ്ഞു. യതീഷ് എന്നയാളാണ് മൂന്ന് ലക്ഷം കൈക്കലാക്കി തന്നെ ചതിച്ചതെന്ന് ഇവർ കൂട്ടിച്ചേർത്തു.

എത്രയും പെട്ടെന്ന് നാട്ടിൽ ചെന്ന് മക്കളെ കാണാനാണ് ഇൗ യുവതിയുടെ ഹൃദയം ഇപ്പോൾ പിടയ്ക്കുന്നത്. പക്ഷേ, മഹാമാരി ലോകത്തെ പിടികൂടിക്കൊണ്ടിരിക്കുമ്പോൾ അതിന് പെട്ടെന്ന് കഴിയുമോ എന്ന് ഇവർക്കറിയില്ല. ഇത്രയും നാൾ സുഹൃത്തുക്കളുടെ മുറിയിലായിരുന്ന താമസം. കഴിഞ്ഞ ദിവസം അബുഹായിലിലെ വഴിയരികിൽ ഇരിക്കുന്നത് കണ്ട് കാര്യമന്വേഷിച്ച ഒരു മലയാളി അബുഹായിലിൽ താമസ സൗകര്യം ഒരുക്കിയതാണ് ഏക ആശ്വാസം. അദ്ദേഹം തന്നെ ഭക്ഷണത്തിനുള്ള സഹായവും നൽകി. എത്രയും പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കണം. അതിന് ശേഷം നാട്ടിൽ ചെന്ന് മക്കളെ ഒരുനോക്കു കണ്ട ശേഷം ജീവിത പ്രതിസന്ധികളെ പൊരുതി തോൽപിക്കാനാണ് ബിജിയുടെ ആഗ്രഹവും പ്രാർഥനയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA