ADVERTISEMENT

ദോഹ∙ ദോഹ. ഖത്തറില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 526 ആയി. കോവിഡ്-19 രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍, നഴ്‌സിങ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ രാജ്യത്തെ ആശുപത്രി കിടക്കകളുടെ എണ്ണം 18,000 ആക്കി ഉയര്‍ത്തും. ഇതിന്റെ ഭാഗമായി താല്‍ക്കാലിക ക്ലിനിക്കുകള്‍ വരും ആഴ്ചകളിലായി പ്രവര്‍ത്തന സജ്ജമാകും. രണ്ട് താല്‍ക്കാലിക ക്ലിനിക്കുകളിലായി 4,645 കിടക്കകള്‍ സജ്ജമായി കഴിഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായാണ് താല്‍ക്കാലിക ക്ലിനിക്കുകള്‍ സജ്ജമാക്കുന്നത്. 

വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി വക്താവുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ഖാദര്‍ ഇന്നലെ രാത്രിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അത്യാധുനിക സൗകര്യങ്ങളോടെയാകും മെഡിക്കല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. പൊതുജനാരോഗ്യ മന്ത്രാലയവും സായുധ സേനകളും ചേര്‍ന്നാണ് 4,645 കിടക്കകളുള്ള താല്‍ക്കാലിക ക്ലിനിക്കുകള്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ പുതുതായി 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗസംഖ്യ 526 ആയി ഉയര്‍ന്നത്. 41 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയത്. 11,531 പേരില്‍ ഇതുവരെ കോവിഡ്-19 പരിശോധന നടത്തി.


വൊളന്റിയര്‍ ആകാന്‍ 35,000 പേര്‍


പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വൊളന്റിയര്‍മാരുടെ എണ്ണം 35,000. മന്ത്രാലയത്തിന്റെ കൂടാതെ ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്റ് എന്നിവയുടെ വൊളന്റിയര്‍മാര്‍ ഉള്‍പ്പെടെയാണിത്. കഴിഞ്ഞ ദിവസമാണ് കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ദേശീയ വൊളന്റിയറിങ് ക്യാംപെയ്‌നിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചത്. പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെയുള്ളവരാണ് വൊളന്റിയര്‍ സംഘത്തിലുള്ളത്.


വ്യവസായ മേഖലയില്‍ പരിശോധനാ യൂണിറ്റ്

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന വ്യവസായ മേഖലയില്‍ ആരോഗ്യ പരിശോധനക്കായി മൂന്ന് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. കൂടാതെ ആറ് ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മേഖലയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളുമെല്ലാം യഥാസമയം എത്തിക്കുന്നുണ്ട്. ദിവസേന ആയിരത്തോളം വാഹനങ്ങളാണ് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ മേഖലയിലേക്ക് എത്തുന്നത്. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ഗതാഗതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com