ADVERTISEMENT

അബുദാബി∙ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. വൃക്കരോഗിയായ  ഏഷ്യക്കാരൻ (52) വെള്ളിയാഴ്ചയും 53  വയസ്സുള്ള അറബ് വനിത ശനിയാഴ്ചയുമാണു മരിച്ചത്. വെള്ളിയാഴ്ച 240 പേർക്കും ശനിയാഴ്ച 241 പേർക്കും രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസം ഇത്രയധികം പേർക്കു  കോവിഡ് സ്ഥിരീകരിക്കുന്നതു യുഎഇയിൽ ആദ്യമായാണ്.  ഇതോടെ രോഗബാധിതരുടെ എണ്ണം 1505 ആയി.

ഇതുവരെ 125 പേർ രോഗമുക്തി നേടി  ആശുപത്രി വിട്ടതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജനങ്ങൾ ആരോഗ്യസുരക്ഷാ മാർഗനിർദേശം പാലിക്കണമെന്നും അബുദാബി ആരോഗ്യവിഭാഗത്തിലെ സാംക്രമിക രോഗ വിഭാഗം ഡയറക്ടർ ഡോ. ഫരീദ അൽ ഹൊസാനി അഭ്യർഥിച്ചു.

മാസ്ക്  ധരിക്കാൻ നിർദേശം

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്നതോടെ യുഎഇയിൽ പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കണമെന്നതു നിർബന്ധമാക്കി. മാസ്കിന്റെ ലഭ്യതക്കുറവുള്ളതിനാൽ വീടുകളിൽ തയാറാക്കുന്ന മാസ്കും ഉപയോഗിക്കാമെന്നു ഡോ. അൽ ഹൊസാനി പറഞ്ഞു. കോവിഡ് പരിശോധന വ്യാപകമാക്കിയതോടെ വരും ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചു. നേരത്തെ പകർച്ചവ്യാധിയും മറ്റു രോഗങ്ങളും ഉള്ളവർ  മാത്രം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഗ്രോസറി ഉൾപ്പെടെ ഏതെങ്കിലും കടയ്ക്ക് ഉള്ളിലേക്കു കയറുന്നവർ മാസ്ക് ധരിക്കണമെന്നും സൂചിപ്പിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ എല്ലാവർക്കും മാസ്ക് ധരിക്കാൻ നിർദേശിക്കുകയായിരുന്നു.

പരിശോധന വ്യാപകം

അബുദാബിയിൽ ദിവസേന പതിനായിരത്തിലേറെ പേരുടെ സ്രവം പരിശോധിക്കാനുള്ള അത്യാധുനിക കേന്ദ്രം മസ്ദാർ സിറ്റിയിൽ സജ്ജമാക്കിയിട്ടുണ്ട്. അതിനു പുറമേ അബുദാബി, ദുബായ് ഷാർജ, റാസൽഖൈമ, ഫുജൈറ, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിലായി 5 മിനിറ്റുകൊണ്ട് പരിശോധിക്കാവുന്ന ഡ്രൈവ് ത്രൂ കേന്ദ്രങ്ങളും തുറന്നു. അതുകൊണ്ടുതന്നെ കൂടുതൽ പേർ പരിശോധിക്കാൻ സ്വയം രംഗത്തുവരികയും ചെയ്യുന്നു. ഇതുമൂലമാണു  വരും ദിവസങ്ങളിൽ സംഖ്യ കൂടാനിടയുണ്ടെന്ന് അവർ സൂചിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com