ADVERTISEMENT

റാസൽഖൈമ ∙ ജോലിയിൽ നിന്ന് ജീവനക്കാരെ നീക്കിയും വേതനം വെട്ടിക്കുറച്ചും എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ. വിദൂര പഠന പ്രക്രിയകളിലേക്ക് ചുവട് മാറ്റിയ സാഹചര്യത്തിലുണ്ടായ സാമ്പത്തിക പ്രയാസം നേരിടാനാണ് നടപടി. സ്കൂളിലെ ചില ജീവനക്കാർക്ക് വേതന രഹിത ദീർല കാല അവധിയും നൽകിയിട്ടുണ്ട്. നാല് മാസത്തോളം അവധി നൽകിയ സ്കൂളുകളുണ്ട്. ചില ജീവനക്കാരെ ജോലിയിൽ നിന്നു നീക്കുകയും ചെയ്തു. മറ്റു ചിലർക്ക് പുതിയ തൊഴിൽ തേടാൻ സാവകാശം നൽകി രാജി ആവശ്യപ്പെടുകയാണ് ചെയ്തത്.

പിരീഡുകൾ കുറഞ്ഞതിനാലാണ് അധ്യാപകരുടെ വേതനം കുറച്ചതെന്ന് സ്കൂളധികൃതർ സൂചിപ്പിച്ചു. 50 മുതൽ 70 ശതമാനം വരെ വേതനം കുറച്ചിട്ടുണ്ട്. വിദൂര പഠന പ്രക്രിയയിൽ ഒരു പിരീഡ് അര മണിക്കൂറിലധികം നീളാത്തതും വേതനം വെട്ടിക്കുറയ്ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു. കിട്ടുന്ന പിരീഡ് മാനദണ്ഡമാക്കി വേതനം നിശ്ചയിച്ച സ്കൂളുകളുമുണ്ട്.

അസി. ടീച്ചർ, സുരക്ഷാ അധ്യാപകൻ, കായികാധ്യാപകർ എന്നിവരുടെ വേതനമാണ് വെട്ടിക്കുറച്ചതെന്ന് ഒരു സ്വകാര്യ സ്കൂൾ മാനേജരായ മുഹമ്മദ് അഖ്റ വെളിപ്പെടുത്തി. ഇവരുടെ 30 ശതമാനം ശമ്പളമാണ് കുറച്ചത്. ഇവരെ ജോലിയിൽ നിന്ന് നീക്കാതിരിക്കാനാണ് വേതനം കുറച്ച് 'സഹായി'ക്കുന്നത്. അധ്യാപകരയോ ശുചീകരണ തൊഴിലാളികളെയോ ഇപ്പോൾ ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UAE-HEALTH-VIRUS

അധ്യാപകേതര ജീവനക്കാരെയും വിദൂര പഠനം തുടങ്ങിയ ശേഷം ജോലി ഇല്ലാതായ ചില അധ്യാപകരെയും തൊഴിലിൽ നിന്നും താൽക്കാലികമായി നീക്കിയ കാര്യം മറ്റൊരു സ്കൂൾ മാനേജർ പറഞ്ഞു. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണു സ്കൂളുകൾ വീടുകളിൽ വച്ച് തന്നെ അധ്യാപനം നടത്തുന്ന വിദൂര പഠന രീതി തുടങ്ങിയത്. എന്നാൽ ചെലവുകൾ കുറയ്ക്കാൻ മറു വഴികൾ തേടുകയാണ് ചില സ്കൂളുകൾ. ഇതിന്റെ ഭാഗമായി പിടിച്ചു നിൽക്കാൻ ചില സ്വകാര്യ സ്കൂളുകൾ കടുത്ത നിലപാടുകളെടുക്കാൻ നിർബന്ധിതരായി. വിദൂര പഠനം സാങ്കേതിക സഹായം ആവശ്യമായതിനാൽ ചെലവേറിയതാണെന്നും സ്കൂൾ നടത്തിപ്പുകാർ പറയുന്നു.

മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയ നിർദേശ പ്രകാരമാണ് സാങ്കേതിക, അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ സഹായം സ്കൂളുകൾ തേടിയത്. കൂടുതൽ വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസ സംവിധാനം ലഭ്യമാക്കാൻ മികച്ച സാങ്കേതിക ക്രമം ആവശ്യമുണ്ട്. ഇതു സ്കൂളുകൾക്ക് അധിക ചെലവുണ്ടാക്കിയതും കടുത്ത നടപടികൾക്ക് കാരണമായി. 

ഫീസ് കുറയ്ക്കണമെന്ന് രക്ഷിതാക്കൾ

മാറിയ സാഹചര്യത്തിൽ സ്വകാര്യ സ്കൂളുകൾ പുതിയ അധ്യയന വർഷ ഫീസ് കുറയ്ക്കണമെന്ന ആവശ്യവുമായി അബുദാബിയിലെ രക്ഷിതാക്കള്‍ രംഗത്തെത്തി. സ്കൂൾ ട്രാൻസ്പോർട്ട് നിരക്ക് രക്ഷിതാക്കൾക്ക് തിരിച്ചു നൽകണമെന്ന അധികൃതരുടെ നിർദേശം സ്വാഗതം ചെയ്ത രക്ഷിതാക്കൾ, പലർക്കും ജോലി നഷ്ടപ്പെട്ടതിനാൽ സ്കൂൾ ഫീസ് കുറയ്ക്കണമെന്ന് അധികൃതരോട് അഭ്യർഥിച്ചു.

UAE-coronavirus

കോവിഡ് 19 പശ്ചാത്തലത്തിൽ ചില കമ്പനികൾ ജോലിക്കാർക്ക് വേതന രഹിത നിർബന്ധ അവധി നൽകുകയാണ് ചെയ്തത്. മറ്റു ചില സ്ഥാപനങ്ങൾ ജീവനക്കാര  പിരിച്ചുവിടുകയും ചെയ്തു. പല കുടുംബങ്ങളും സ്കൂൾ ഫീസ് അടയ്ക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കാനുള്ള നടപടികൾ വേണമെന്ന് രക്ഷിതാക്കൾ പറയുന്നത്.

15000 ദിർഹം മാസവേതനം ലഭിച്ചിരുന്ന ഫുആദ് ഇവദിനോട് കമ്പനി അവധിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മാസവേതനം നിലച്ചതിനാൽ മൂന്ന് കുട്ടികളെ പഠിപ്പിക്കാൻ മാർഗമില്ലാതായി. 8000 ദിർഹം വേതനമുണ്ടായിരുന്ന റഹീമയ്ക്കും കുട്ടികളുടെ പഠനം വഴിമുട്ടി. വിധവയായ ഇവരുടെ മൂന്ന് മക്കളാണ് സ്കൂളിൽ പോകുന്നത്. കോവിഡ് കാലം കുടുംബ ബജറ്റുകൾ താളം തെറ്റിച്ച സാഹചര്യത്തിലാണ് രക്ഷിതാക്കൾ സ്കൂൾ ഫീസിൽ ഇളവ് ആവശ്യപ്പെടുന്നത്.

നിർബന്ധ അവധിയിൽ പ്രവേശിച്ച രക്ഷിതാക്കൾ അവരുടെ സാമ്പത്തിക വിവരങ്ങൾ കൈമാറിയാൽ ഫീസിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഒരു സ്വകാര്യ സ്കൂൾ അധികൃതർ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com