ADVERTISEMENT

ദുബായ് ∙ വീട്ടിനുള്ളിൽ മാരത്തൺ മത്സരം എന്ന പുതുമയാർന്ന ആശയവുമായി ദുബായ് സ്പോർട്സ് കൗൺസിൽ. ഇൗ മാസം 10ന് രാവിലെ 8നും വൈകിട്ട് ആറിനുമിടയിൽ വീടുകളിൽ പുരുഷന്മാരും വനിതകളും പ്രത്യേകമായി 42.195 കി.മീറ്റർ മാരത്തൺ നടത്താനാണ് ആഹ്വാനം. മാരത്തൺ അറ്റ് ഹോം എന്ന പരിപാടി 5.30 റൺ, എഎസ് െഎസിഎസ് മിഡിലീസറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ആവിഷ്കരിച്ചത്. വിജയികൾക്ക് ആകർഷകമായ സമ്മാനം ലഭിക്കും.

‘ആരോഗ്യവാന്മാരായിരിക്കുക, സുരക്ഷിതരായിരിക്കുക’, #stayhome ക്യാംപെയിനുകളുടെ ഭാഗമായുള്ള ഫാൻസി മാരത്തണിൽ സ്വദേശികളും വിദേശികളും പങ്കെടുക്കണം. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു മാരത്തണെന്ന് അധികൃതർ പറഞ്ഞു. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. ഏതു രീതിയിൽ വേണമെങ്കിലും നടക്കാമെങ്കിലും ട്രെഡ് മില്ലിലോ അതുപോലുള്ള പരിശീലന യന്ത്രങ്ങളുപയോഗിച്ചോ ഉള്ള നടത്തം സ്വീകരിക്കുകയില്ല. കൂടാതെ, പൊതുനിരത്തിലുള്ള നടത്തവും സമ്മതിക്കില്ല. വീടിനകത്ത് മാത്രമേ നടക്കാൻ പാടുള്ളൂ എന്ന് അധികൃതർ പറഞ്ഞു. 

Strava app മാർഗനിർദേശങ്ങൾ നല്‍കും; റജിസ്ട്രേഷന് www.530run.club

സ്ട്രാവാ ആപ്പ് (Strava app) ഉള്ള സ്മാർട് വാച്ചോ, സ്മാർട് ഫോണോ ഇൗ സമയം കൈയിൽ കരുതിയിരിക്കണം. മത്സരാർഥികളുടെ ഒാരോ ചലനവും ഒപ്പിയെടുക്കുന്ന ഇൗ ആപ്പ് നടക്കുമ്പോൾ മാർഗനിർദേശവും നൽകുന്നതാണ്. www.530run.club എന്ന വെബ് സൈറ്റിൽ ഇൗ മാസം ആറ് വരെ പേര് റജിസ്റ്റർ ചെയ്യാം. 

വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ

വിജയികൾക്ക് സെപ്റ്റംബറിൽ നടക്കുന്ന മോസ്കോ മാരത്തണിലേയ്ക്കുള്ള പ്രവേശന ടിക്കറ്റ്, ടി ഷേർട്, മെഡലുകളടക്കം ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്നവർക്കെല്ലാം സർടിഫിക്കറ്റുകളും വിതരണം ചെയ്യും. പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമാണ് മത്സരം. രണ്ട് വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരാണ് വിജയികൾ. കൂടാതെ, ആദ്യ 10 പേർക്ക് 10 ഇലക്ട്രിക്കൽ മസിൽ സ്റ്റിമുലേഷൻ (ഇഎംഎസ്) സമ്മാനമായി ലഭിക്കും. കോവിഡ് 19 കാലത്ത് ആളുകളെ വീട്ടിൽ തന്നെ ഇരുത്തുന്നതിനാണ് ഇത്തരമൊരു നൂതന മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ 5.30 റൺ ക്ലബ് സ്ഥാപകൻ ഫുആദ് നാസർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com