ADVERTISEMENT

ദോഹ ∙ കോവിഡ് 19 തിനെതിരെ ശ്വസന സംബന്ധമായ രോഗമുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. സിസ്റ്റിക് ഫൈബ്രോസിസ്, ആസ്തമ തുടങ്ങി എല്ലാത്തരം ശ്വസന സംബന്ധമായ രാഗമുള്ളവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) ശ്വസന രോഗ ചികിത്സാ വിഭാഗം മേധാവി ഡോ.ഹിഷാം അബ്ദുള്‍ സത്താര്‍ അഹമ്മദ് നിര്‍ദേശിച്ചു. ഇത്തരം രോഗികളില്‍ വൈറസ് പ്രവേശിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കോവിഡ് 19 പിടിപെടുന്ന ശ്വസന രോഗമുള്ളവരെ 'ഉയര്‍ന്ന അപകടസാധ്യത' ഉള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. 

സമൂഹത്തിലെ എല്ലാ വ്യക്തികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാല്‍ ശ്വസന സംബന്ധമായ രോഗമുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കോവിഡ്-19 നെതിരെ കര്‍ശന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. സാധാരണ വ്യക്തികളെ അപേക്ഷിച്ച് കോവിഡ് 19 ബാധിതരായ ശ്വസന സംബന്ധമായ രോഗമുള്ളവരില്‍ വൈറസ് ലക്ഷണങ്ങള്‍ ഗുരുതരമായിരിക്കും. പ്രത്യേകിച്ചും വയോധികരായ രോഗികളില്‍ മരണം വരെ സംഭവിക്കാന്‍ ഇടയാകും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്വസന സംബന്ധമായ രോഗമുള്ളവര്‍ വ്യക്തി ശുചിത്വം പാലിക്കുകയും സമൂഹവുമായുള്ള ബന്ധം ഒഴിവാക്കുകയും വേണം. കൈകള്‍ പതിവായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. വൃത്തിഹീനമായ കൈകള്‍ കൊണ്ട് മൂക്ക്, വായ, കണ്ണ് എന്നിവയില്‍ സ്പര്‍ശിക്കരുത്. മലിനമായ സ്ഥലങ്ങളില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ കൈകള്‍ വൃത്തിയാക്കണം. തിരക്കുള്ള ഇടങ്ങള്‍ പ്രത്യേകിച്ചും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ പോകരുത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവരുമായി കുറഞ്ഞത് ആറടി അകലം പാലിക്കണം. 

വ്യക്തികള്‍ക്ക് രോഗസാധ്യത സംബന്ധിച്ച് സ്വയം വിലയിരുത്തല്‍ നടത്താനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ www.moph.gov.qa എന്ന വെബ്‌സൈറ്റിലെ കോവിഡ്-19 എന്ന വെബ് പേജില്‍ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. പേജിന്റെ താഴെ വലതു വശത്തായി കാണുന്ന 'കോവിഡ്-19 സെല്‍ഫ് അസെസ്‌മെന്റ്' എന്ന ലിങ്കില്‍ പ്രവേശിച്ച് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം. പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള വീഡിയോയും കാണാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com