ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ കോവിഡ് 19 ബാധിതരില്‍ മലയാളി ഡോക്ടറും. മസ്‌കത്ത്, റൂവിയില്‍ 30 വര്‍ഷത്തിലേറെയായി ആരോഗ്യ സേവനം നടത്തിവരുന്ന മലയാളി ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ക്ലിനിക്ക് ആഴ്ചകള്‍ക്ക് മുമ്പു തന്നെ അടച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഡോക്ടറെ രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ അല്‍ നഹ്ദ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും ഗുരുതരമായതോടെ റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. 

മലയാളികള്‍ ഉള്‍പ്പടെ വിദേശികളും സ്വദേശികളും ചികിത്സ തേടി എത്തുന്ന ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത് ആളുകള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കി. താരതമ്യേന കുറഞ്ഞ ഫീസും മികച്ച ചികിൽസയും നൽകിയിരുന്ന ക്ലിനിക്കാണ് ഡോക്ടർ നടത്തിയിരുന്നത്. അതിനാൽ തന്നെ ധാരാളം രോഗികകൾ ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇപ്പോൾ ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അദ്ദേഹം പരിശോധന നടത്തിയ രോഗികളും അവരുമായി അടുത്ത് ഇടപഴകിയവർക്കും രോഗം വന്നിട്ടുണ്ടോ എന്ന ആശങ്കയും ഉണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ ചികിത്സക്കെത്തിയിരുന്നവര്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തി കോവിഡ് സാംപിൾ പരിശോധനക്ക് വിധേയരാകുകയാണ്. 

കൊറോണ വൈറസ് ബാധയ്ക്കെതിരെ ശക്തമായ നടപടികളാണ് ഒമാൻ ഭരണകൂടം സ്വീകരിക്കുന്നത്. കാര്യങ്ങൾ നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങൾ കൂടുതൽ ശ്രദ്ധകാണിക്കേണ്ടത് അത്യാവശ്യമാണ്.

25 പേര്‍ക്ക് കൂടി കോവിഡ് 19

ഒമാനിൽ ഇതോടെ രോഗബാധിതരായ മലയാളികളുടെ എണ്ണം നാലായി. ചികിത്സയിൽ കഴിഞ്ഞ 72കാരനായ സ്വദേശി പൗരൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. അതേസമയം,  ഒമാനിൽ കോവിഡ് ബാധിച്ച് ഒരു സ്വദേശി കൂടി മരിച്ചതോടെ മരണം രണ്ടായി. 25 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 277 ആയി. 61 പേർ സുഖം പ്രാപിച്ചു. മസ്കത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ-207.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com