ADVERTISEMENT

കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്. ഈ നാളുകൾ വിജ്ഞാനപ്രദമാക്കാനും സമ്മാനങ്ങൾ നേടാനും മലയാള മനോരമയും ഉമ്മുൽഖുവൈൻ ഫ്രീസോണും ചേർന്നൊരുക്കുന്ന ബിസിനസ് ക്വിസ് മൽസരം ഇന്നാരംഭിക്കുന്നു. പത്തുദിവസം നീളുന്ന ക്വിസിന്റെ ശരി ഉത്തരങ്ങൾ എല്ലാം ഒന്നിച്ച് എഴുതി അവസാന ദിവസം 0588841105എന്ന വാട്സാപ്പിലേക്ക് അയയ്ക്കുക. വിജയിക്ക് ഒരു പവൻ സമ്മാനം.

പ്രതിസന്ധികൾ യൂസഫലി വിജയഗാഥകളാക്കി

പ്രതിസന്ധികളിലും അവസരങ്ങൾ തേടുന്നവരാണ് ജീവിതവിജയം നേടുക. ലുലു ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ജീവിതപാഠവും പറഞ്ഞുതരുന്നത് മറ്റൊന്നല്ല. ഗൾഫ് യുദ്ധ സമയവും വൈടുകെ വിഷയവും കൊടുമ്പിരി കൊണ്ട നാളുകളിൽ അദ്ദേഹം കൈക്കൊണ്ട രണ്ടുതീരുമാനങ്ങളും ജീവതത്തെ മാറ്റിമറിച്ചു. 1973ൽ ഡിസംബർ 31ന് ദുംറ എന്ന കപ്പലിൽ ദുബായ് തുറമുഖത്ത് ഇറങ്ങിയ യൂസഫലി കൊച്ചാപ്പ എം.കെ. അബ്ദുല്ലയുടെ അബുദാബിയിലെ കടയിൽ സഹായിയായി. പടിപടിയായി ഉയർന്നു. പിന്നീട് അദ്ദേഹം അൽതായബ് കോൾഡ് സ്റ്റോർ സ്വന്തമായി തുടങ്ങി. (ഇപ്പോഴും അബുദാബിയിൽ ഈ കടയുണ്ട്). സ്വന്തമായി സാധനങ്ങൾ ഇറക്കുമതി ചെയ്ത് അടുത്തുള്ള ചെറുകിട ഷോപ്പുകൾക്കും മറ്റും വിതരണം ചെയ്യാനും തുടങ്ങി. 

ഇറക്കുമതിയും വിതരണവും വിൽപനയും ഒരു പോലെ വർധിച്ചതോടെ സൂപ്പർമാർക്കറ്റ് എന്ന ആശയം ഉദിച്ചു. അതുപക്ഷേ ഗൾഫ് യുദ്ധത്തിന്റെ സമയത്തായിരുന്നു. 1990-91 കാലം. ഉയരണമെന്ന ആഗ്രഹവും പ്രായവും സൂര്യനെപ്പോലെ കത്തിജ്വലിച്ചു നിന്ന കാലം. അന്ന് യൂസഫലിക്ക് 36 വയസ്സ്. അതുവരെ സ്വരുക്കൂട്ടിയ മുഴുവൻ തുകയും ഇറക്കി കച്ചവടം വിപുലമാക്കാൻ തന്നെ യൂസഫലി തീരുമാനിച്ചു. 

അബുദാബി എയർപോർട് റോഡിൽ ആദ്യ സൂപ്പർമാർക്കറ്റ് പതിയെ ഉയർന്നു. യുദ്ധം ഭയന്ന് സമ്പാദ്യമെല്ലാം വാരിക്കൂട്ടി പലരും ഇവിടെ നിന്ന് കൂട്ടത്തോടെ അവരവരുടെ നാടുകളിലേക്കു പലായനം ചെയ്യുന്ന സമയം. യൂസഫലി ഏതായാലും ഈ രാജ്യം വിടാൻ തീരുമാനിച്ചില്ല. ആ നാളുകളിൽ ഒരിക്കലാണ് യുഎഇയുടെ രാഷ്ട്രപിതാവ് ഉയർന്നുവന്ന ഈ സൂപ്പർമാർക്കറ്റ് ശ്രദ്ധിച്ചത്. അതിന്റെ ഉടമ യൂസഫലിയാണെന്ന് മനസിലാക്കി കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. 

ആ യാത്ര യൂസഫലിയുടെ ജീവിതം മാറ്റിമറിച്ചു. യുദ്ധകാലത്ത് യൂസഫലി സംഭരിച്ച സാധങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സംഭരണ സ്ഥലവും കോൾഡ് സ്റ്റോറേജ് സൗകര്യവും ഉണ്ടായിരുന്നതിനാൽ യൂസഫലിയുടെ പക്കൽ മാത്രമേ അത്രയധികം സാധനങ്ങൾ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ യുദ്ധസമയം ഒരർഥത്തിൽ യൂസഫലിയക്ക് അനുഗ്രഹ കാലമായി. അതു കൂടാതെ ഷെയ്ഖ് സായിദിന്റെ പ്രീതിയും ലഭിച്ചു.

2000ൽ വൈടുകെ വിഷയം ഉൾപ്പടെ കത്തിനിൽക്കുമ്പോഴാണ് ഒരു പ്രശ്നവുമില്ലെന്ന മട്ടിൽ യൂസഫലി ദുബായ് ഖിസൈസിൽ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്. ദുബായ്-ഷാർജ അതിർത്തിയിലുള്ള വിശാല മരുഭൂമിയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുമ്പോൾ പലരും മൂക്കത്തു വിരൽവച്ചു. ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഇത്രയും വലിയ സംരംഭം ആരംഭിച്ചാൽ വിജയിക്കുമോ എന്നായിരുന്നു പലരുടെയും സംശയം. പക്ഷേ, യൂസഫലിക്കു ഉറപ്പായിരുന്നു അത് നൂറു ശതമാനം വിജയം നേടുമെന്ന്. ഹൈപ്പർമാർക്കറ്റുകളുടെ ഒരു നിര തന്നെ പിന്നീട് തുടങ്ങി.

(അവലംബം-യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥ)

 

ഇന്നത്തെ ചോദ്യം

1. മെഡിസിന് പഠിക്കാൻ ചേർന്ന് മൂന്നു വർഷത്തിനു ശേഷം ഫാഷൻ രംഗത്തേക്കു വന്ന് കുലപതിയായ വ്യക്തി, ദുബായിലും അദ്ദേഹത്തിന്റെ പേരിൽ വൻ സ്ഥാപനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com