ADVERTISEMENT

ദുബായ് ∙ പ്രവാസികളുമായി ഇന്ന് ഇന്ത്യയിലേയ്ക്ക് എയർഇന്ത്യാ എക്സ്പ്രസിന്‍റെ രണ്ടു വിമാനങ്ങൾ പറക്കും. യുഎഇ സമയം ഉച്ചയ്ക്ക് 2.00 ന് ദുബായിൽ നിന്ന് കണ്ണൂരിലേക്കും വൈകിട്ട് 5.45ന് മംഗ്ലുരുവിലേക്കും. കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ രോഗ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയായി വരുന്നു. രണ്ട് കേന്ദ്രങ്ങളിലേക്കു ആദ്യ വിമാനങ്ങളാണ് ഇന്ന് പോകുന്നത്. ഇരു വിമാനത്താവളങ്ങളും യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

വന്ദേ ഭാരത് മിഷന്‍റെ ഭാഗമായുള്ള മടക്കയാത്രയുടെ ആറാം ദിവസമായ ഇന്നു ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ൽ നിന്ന് വിമാനങ്ങൾ പുറപ്പെടുക. 177 വീതം രണ്ടു വിമാനത്തിലുമായി ആകെ യാത്രക്കാരുടെ എണ്ണം 354. മംഗളുരൂവിലേക്കുള്ള യാത്രക്കാരും എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും കണ്ണൂർ കഴിഞ്ഞ ശേഷമേ ഇവരുടെ യാത്രാ നടപടികൾ ആരംഭിക്കുകയുള്ളൂ.

expatriates-dubai
കണ്ണൂരിലേക്കുള്ള യാത്രക്കാർ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍.

ദുരിതത്തിലായ പ്രവാസികളിൽ ഗർഭിണികൾ, രോഗികൾ, വയോജനങ്ങൾ, തൊഴിലാളികൾ, സന്ദർശക വീസയിൽ വന്ന് കുടുങ്ങിയവർ തുടങ്ങിയവർക്ക് പ്രശ്നങ്ങളുടെ ഗൗരവത്തിനനുസരിച്ച് ടിക്കറ്റ് നൽകിയതായി അധികൃതർ പറയുന്നു. എന്നാൽ, ഭാര്യ മരിച്ച് നാട്ടിലേയ്ക്ക് പോകാനാകാതെ കുടുങ്ങിയ പാലക്കാട് സ്വദേശി വിജയകുമാറിൻറെ യാത്ര ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നു.

അബുദാബിയിൽ നിന്നും ഖത്തറിൽ നിന്നുമെല്ലാം ആദ്യ വിമാനത്തിൽ രാഷ്ട്രീയ–ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് അനർഹർ യാത്ര ചെയ്ത സംഭവങ്ങൾ വിവാദമായതിനെ തുടർന്ന് പട്ടിക തയാറാക്കുമ്പോൾ അധികൃതർ കൂടുതൽ സൂക്ഷ്മത പാലിക്കുന്നുണ്ട്. അതേസമയം, കേരളത്തിലെത്തിയ യാത്രക്കാരിൽ ചിലർക്ക് രോഗലക്ഷണം കണ്ടതിനാൽ, ഇവിടെ നടത്തുന്ന ആരോഗ്യ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും ശ്രമം നടത്തുന്നു.

മംഗളുരൂവിലേക്ക് കണ്ണൂർ, കാസർകോട് ജില്ലക്കാരും; ഒരുക്കം പൂർത്തിയായി

dubai-expatriates

മംഗളുരൂവിലേക്ക് ഇൗ മാസം 14ന് ഷെഡ്യൂൾ ചെയ്ത വിമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കർണാടക സ്വദേശികളെ കൂടാതെ, കണ്ണൂർ, കാസർകോട് സ്വദേശികളും മംഗളുരൂവിലേക്കു യാത്ര ചെയ്യുന്നുണ്ട്.  പ്രാദേശിക സമയം രാത്രി 10നാണ് വിമാനം മംഗ്ലുരുവിലെത്തുക. ഇന്ന് ഉച്ചയ്ക്ക് ശേഷം വിമാനം ദുബായിലേയ്ക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

തിരിച്ചെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ ആരോഗ്യ പരിശോധന നടത്തും. തുടർന്ന് വിവിധ സ്ഥലങ്ങളിലായി ജില്ലാ ഭരണാധികാരികൾ ഒരുക്കിയിട്ടുള്ള ക്വാറൻ്റീൻ സംവിധാനത്തിലേയ്ക്ക് ഇവരെ മാറ്റും. എ, ബി ഗ്രൂപ്പുകളാക്കി യാത്രക്കാരെ വേർതിരിച്ചാണ് ക്വാറൻ്റീനിലേയ്ക്ക് മാറ്റുക. ചുമ, പനി, ജലദോഷം തുടങ്ങിയവ ഉള്ളവരെ എ ഗ്രൂപ്പിലാണ് ഉള്‍പ്പെടുത്തുക. ഇവർക്ക് മംഗ്ലുരു നഗരത്തിലെ ഗവ.വെൻലോക് ആശുപത്രിയിൽ 14 ദിവസത്തെ ക്വാറൻ്റീൻ ഏർപ്പെടുത്തും. രോഗലക്ഷണങ്ങൾ യാതൊന്നും പ്രകടിപ്പിക്കാത്തവരെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലുമാണ് പാർപ്പിക്കുക.

പ്രതിദിനം 1,000  മുതൽ 4,500 രൂപ ദിവസവാടകയുള്ള ഹോട്ടൽ മുറികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അധികൃതരുമായി ചേർന്ന് ഹോട്ടലുകൾ പ്രവാസികളെ പിഴിഞ്ഞ് പണം കൊയ്യാനുള്ള അവസരമായി കോവിഡ് പ്രതിസന്ധിയെ ഉപയോഗിക്കുകയാണെന്ന് പരാതിയുയർന്നിട്ടുണ്ട്. അതേസമയം, കണ്ണൂർ, കാസർകോട് ജില്ലക്കാരായ  യാത്രക്കാർക്ക് മംഗളുരൂവിൽ തന്നെയാണോ ക്വാറൻ്റീൻ എന്ന കാര്യത്തിൽ അധികൃതർ തീരുമാനം അറിയിച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com