ADVERTISEMENT

ദോഹ. പ്രാര്‍ത്ഥനാ നിര്‍ഭരമായി റമസാനിലെ അവസാന വെള്ളിയും കടന്നു പോകുകയാണ്. ഈദ് ഗാഹുകളും അമിതമായ ആഘോഷങ്ങളുമില്ലാതെ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഖത്തറിലെ വിശ്വാസി സമൂഹവും.
മുപ്പത് ദിവസം നീളുന്ന വ്രതശുദ്ധിയുടെ ദിനങ്ങള്‍ക്ക് ശേഷം കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ആഘോഷപൂര്‍വമുള്ള ഒത്തുചേരലുകളാണ് ഓരോ ഈദും സമ്മാനിച്ചിരുന്നത്. ഇത്തവണ പക്ഷേ, ഈദ് ആഘോഷങ്ങളിലേക്ക് സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളുമായി കോവിഡ്-19 കടന്നു വന്നതോടെ പെരുന്നാള്‍ നമസ്‌കാരം വീട്ടിനുള്ളില്‍ തന്നെയാക്കിയും ഒത്തുചേരലുകള്‍ ഓണ്‍ലൈന്‍ വഴിയാക്കിയും പരമ്പരാഗത ശൈലിയില്‍ നിന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷവും മാറുകയാണ്. ഇസ്‌ലാമിലെ നിര്‍ബന്ധിത ആഘോഷമാണ് പെരുന്നാള്‍ എന്നതിനാല്‍ പരിമിതമായെങ്കിലും ആഘോഷിക്കേണ്ടതുണ്ട്.


സാധാരണ ഈദ് ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിനുള്ള പെരുന്നാള്‍  നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നാലര മണിയോടെ തന്നെ പുത്തന്‍ വസ്ത്രങ്ങളും ചെരുപ്പുകളും അണിഞ്ഞ് കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന്  വിശ്വാസികളാണ് ഈദ് ഗാഹുകളില്‍ എത്തുക. നിസ്‌കാരത്തിന് ശേഷം സന്തോഷം പങ്കുവെച്ച് പരസ്പരം ആലിംഗനം ചെയ്ത് ഈദ് ആശംസ നേര്‍ന്ന ശേഷമാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങാറ്. എന്നാല്‍ ഇപ്രാവശ്യം ഈദ് ഗാഹുകളിലെ കൂടിക്കാഴ്ചകളില്ലാത്തതിനാല്‍ ആശംസകള്‍ ഫോണ്‍ വിളികളിലും വാട്‌സ് അപ്പ് സന്ദേശങ്ങളിലുമായി ഒതുങ്ങുകയാണ്.


ഈദ് ഗാഹുകളില്ല, പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ തന്നെ

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണ ഈദ് ഗാഹുകളില്ല. പള്ളികളില്‍ നിസ്‌കാരവുമില്ല. പതിവിന് വിപരീതമായി പെരുന്നാള്‍ നമസ്‌കാരം വിശ്വാസികള്‍ സ്വന്തം വീടുകളില്‍ തന്നെയാണ് നടത്തുന്നത്. ഈദ് ഗാഹുകളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനാകാതെയുള്ള ചെറിയ പെരുന്നാള്‍ വിശ്വാസികളുടെ ജീവിതത്തില്‍ ആദ്യമാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവിലെ പരിമിതികളെ പോസിറ്റീവായി കണ്ട് സന്തോഷത്തോടെ വീട്ടില്‍ തന്നെ ഈദ് ആഘോഷിച്ച് സാഹചര്യങ്ങളെ ആത്മധൈര്യത്തോടെ നേരിടുകയാണ് വേണ്ടതെന്ന് ദോഹയിലെ സ്വകാര്യ കമ്പനി ജീവനക്കാരനും കലാകാരനുമായ തൃശൂര്‍ സ്വദേശി ഫൈസല്‍ അരീക്കാട്ടയില്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് കഴിയുന്നത് പോലെ പെരുന്നാള്‍ ഭക്ഷണം എത്തിക്കണമെന്ന ആഗ്രഹമാണ് ഫൈസലിനുള്ളത്.


ആരവങ്ങളില്ലാതെ മൈലാഞ്ചി രാവ്

പെരുന്നാള്‍ തലേന്ന് കൈകളില്‍ മൈലാഞ്ചി അണിഞ്ഞും തക്ബീര്‍ ചൊല്ലിയുമാണ് വിശ്വാസികളായ വനിതകള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ച് കൂടും. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ മൈലാഞ്ചി അണിയും. പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും മൈലാഞ്ചി രാവ് വര്‍ണാഭമായി ആഘോഷിക്കാറുണ്ട്. എന്നാല്‍ ഒത്തുകൂടലുകളില്ലാതെ മൈലാഞ്ചി രാവും കടന്നു പോകുകയാണ്. വ്യത്യസ്ത ഡിസൈനുകളില്‍ മനോഹരമായി കൈകാലുകളില്‍ മൈലാഞ്ചി അണിയുക പെരുന്നാള്‍ ആഘോഷത്തില്‍ പ്രധാനപ്പെട്ടതാണ്. പെരുന്നാള്‍ തലേന്ന് സ്വദേശി വീടുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം പോയി മൈലാഞ്ചി ഇട്ട് കൊടുക്കുന്നതിലൂടെ നല്ലൊരു വരുമാനം ഉണ്ടാക്കിയിരുന്ന ഹെന്ന ഡിസൈനര്‍മാരായ മലയാളി വനിതകള്‍ക്കും കോവിഡ് ഇത്തവണ നിരാശയാണ് സമ്മാനിക്കുന്നത്.  


പ്രാര്‍ത്ഥനയുടെ ആഴമറിഞ്ഞ ദിനങ്ങള്‍

സാധാരണ റമസാന്‍ ദിനങ്ങളില്‍ തറാവീഹ് പ്രാര്‍ത്ഥനക്കായി പള്ളികളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബം ഒരുമിച്ചാണ് പോകാറുള്ളത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പള്ളിയില്‍ പോകാന്‍ കഴിയാത്തതിനാല്‍ നോമ്പിന്റെ ആദ്യ ദിനം മുതല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് പ്രാര്‍ത്ഥന നടത്തുന്നത്. കുടുംബത്തിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് എല്ലാ വക്തിലും ജമാഅത്തായി നിസ്‌കരിക്കാനും പ്രാര്‍ത്ഥനയില്‍ മുഴുകാനും കഴിഞ്ഞതും വലിയ കാര്യമായാണ് കണക്കാക്കുന്നത്. പെരുന്നാള്‍ നിസ്‌കാരവും കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് നിര്‍വഹിക്കുന്നത്. ഒരുമിച്ചുള്ള നിസ്‌കാരവും മറ്റും പ്രാര്‍ത്ഥനയുടെ വ്യാപ്തിയും ആഴവും കൂട്ടുകയാണ് ചെയ്തതെന്ന് വിശ്വാസികള്‍ പറയുന്നു.


ഒത്തുചേരലുകള്‍ ഓണ്‍ലൈന്‍ വഴി

ഇത്തവണത്തെ ഈദ് ആഘോഷങ്ങളില്‍ ഓണ്‍ലൈനുകള്‍ക്ക് വലിയ പങ്കുണ്ട്. പുതിയ വസ്ത്രങ്ങള്‍ ധരിച്ച് പെരുന്നാള്‍ ആഘോഷിക്കുക എന്ന പതിവ് രീതികള്‍ക്ക് പകരം കോവിഡ് നിയന്ത്രണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ ആയതിനാല്‍ ഉള്ളതു കൊണ്ട് സന്തോഷത്തോടെ പെരുന്നാള്‍ ആഘോഷിക്കുക എന്ന ചിന്തയിലേക്ക് വിശ്വാസികള്‍ എത്തി കഴിഞ്ഞു. ഒട്ടുമിക്കവരും ഓണ്‍ലൈന്‍ വഴി പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി കഴിഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ നാട്ടിലെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും സൂം പോലുള്ള ആപ്ലിക്കേഷന്‍ വഴി ഒത്തുകൂടാമെന്ന ആശ്വാസത്തിലാണ് പ്രവാസി കുടുംബങ്ങള്‍.


ആദ്യ പെരുന്നാള്‍ വീട്ടില്‍ തന്നെ

ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ പലര്‍ക്കും വിവാഹശേഷമുള്ള ആദ്യത്തെ പെരുന്നാള്‍ ആണ് . പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയി ആദ്യത്തെ ഈദ് ഭാര്യക്കൊപ്പം ആഘോഷിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നവരും ഏറെയുണ്ട്. ഭര്‍ത്താവ് ഷാനിസും കുടുംബവും ഖത്തറില്‍ ആയതിനാലാണ് ദുബായില്‍ ജനിച്ചു വളര്‍ന്ന ഷെറിന്‍ ഖത്തറിലേക്ക് എത്തിയത്. ഷാനിസ് പറഞ്ഞു കേട്ട ഖത്തറിന്റെ ഈദ് ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന വലിയ ആഗ്രഹത്തിലായിരുന്നെന്ന് ഷെറിന്‍. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ബന്ധുവീടുകളില്‍ പോയി എല്ലാവരുമായി ഒരുമിച്ചുള്ള ആഘോഷത്തിന് കഴിയാത്തതിന്റെ സങ്കടത്തിലാണ് താനെന്ന് ഷെറിന്‍ പറയുന്നു. ഷെറിനെ പോലെ ഒത്തുചേരലുകള്‍ ഒഴിവാക്കി കൊണ്ട് ആദ്യ പെരുന്നാള്‍ ആഘോഷിക്കുന്ന ഒട്ടേറെ നവദമ്പതികള്‍ ദോഹയിലുണ്ട്.


മിതത്വം പാലിച്ച് പെരുന്നാള്‍ ഭക്ഷണവും

ചിക്കനും മട്ടനും ബിരിയാണിയും മജ്ബൂസുമൊക്കെ ഒരുക്കി വിഭവസമൃദ്ധമായ പെരുന്നാള്‍ ആഘോഷമാണ് സാധാരണ ഈദ് നാളുകളില്‍ പതിവ്. ഇത്തവണ പക്ഷേ കോവിഡ്-19 പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ പെരുന്നാള്‍ ഭക്ഷണം ഒരുക്കുന്നതിലും മിതത്വം പാലിക്കുന്നവര്‍ ധാരാളം. ശമ്പളമില്ലാതെയും ജോലിനഷ്ടപ്പെട്ടും കഴിയുന്നവര്‍ക്ക് പെരുന്നാള്‍ ഭക്ഷണം തയ്യാറാക്കി നല്‍കാന്‍ ഒരുങ്ങുന്ന മലയാളി കുടുംബങ്ങളും ഏറെയുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ പെരുന്നാള്‍ ഭക്ഷണ വിതരണത്തിന് സംഘടനകളും തയ്യാറെടുക്കുന്നുണ്ട്. ഡെലിവറി, പാഴ്‌സല്‍ സേവനങ്ങള്‍ക്ക് അനുമതിയുള്ള ഹോട്ടലുകളും രുചികരമായ പെരുന്നാള്‍ വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്.


ഓഫറുകളില്ലാതെ വിപണി

ഹാഫ് പേ ബാക്ക്, ബൈ വണ്‍ ഗെറ്റ് വണ്‍, ബൈ ടു ഗെറ്റ് വണ്‍ തുടങ്ങി സകല വിഭാഗങ്ങളിലും ഓഫറുകളുടെ പെരുമഴ സൃഷ്ടിച്ചിരുന്ന ഈദ് വിപണിയും ഇത്തവണ ശാന്തമാണ്. ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം പരിമിതമാണ്. ഷോപ്പിങ് മാളുകള്‍ ഇനിയും തുറന്നിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഈദ് ഓഫറുകളില്ല. പഴം, പച്ചക്കറി മുതല്‍ മീനിന് വരെ വാണിജ്യ വ്യവസായ മന്ത്രാലയം പരമാവധി വില പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി സാധ്യമായ തരത്തില്‍ വിലകുറച്ചാണ് വില്‍പ്പന എന്നതിനാല്‍ ഭക്ഷ്യ സാധനങ്ങളുടെ വിഭാഗത്തില്‍ മാത്രമാണ് ഈദിന്റെ തിരക്കുള്ളത്. പ്രതിസന്ധികള്‍ക്ക് നടുവിലൂടെ കടന്നു പോകുന്നതിനാല്‍ ഉപഭോക്താക്കള്‍ ഷോപ്പിങ്ങില്‍ മിതത്വം പാലിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.


ദുരിതം പേറി

ഭാര്യയുടെ, കുഞ്ഞിന്റെ, അച്ഛന്റെ, അമ്മയുടെ, സഹോദരങ്ങളുടെ  മരണം അറിഞ്ഞിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാതെ കണ്ണീരില്‍ കഴിയുന്ന ഒട്ടേറെ പ്രവാസികളുമുണ്ട്. നാട്ടിലേക്ക് പോകാനായി ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത് യാത്രാനുമതിക്കായി കാത്തിരിക്കുന്നവരാണ് എല്ലാവരും. ജോലി നഷ്ടപ്പെട്ടും ശമ്പളം ഇല്ലാതെയും കോവിഡ് സമ്മാനിച്ച ദുരിതം പേറി കഴിയുന്ന വിശ്വാസികളും ഏറെയുണ്ട്. നഷ്ടപ്പെടലുകള്‍ മാത്രം സമ്മാനിച്ച കോവിഡ് കാലത്തിലൂടെയാണ് ഇവരും ഈദിനെ വരവേല്‍ക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com