ADVERTISEMENT

ദുബായ് ∙ മടങ്ങിയെത്തുന്ന പ്രവാസികൾ മാറ്റിനിർത്തപ്പെടേണ്ടവരല്ലെന്നും ശക്തമായ സമൂഹ നിർമിതിക്കുള്ള സാധ്യതകളാണ് അവരെന്നും ബോധ്യപ്പെടുത്തുന്ന പ്രചാരണം സംസ്ഥാനം മുഴുവൻ നടത്തണമെന്ന് മുഖ്യമന്ത്രിയുമായി നടന്ന യോഗത്തിൽ ആവശ്യപ്പട്ടിട്ടുണ്ടെന്ന് പത്തംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹ്. അടൂർ എൻആർഐ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ജില്ലാ അധികാരിയുമായി ദുബായിൽ ഇതാദ്യമായാണ് ഇത്തരത്തിൽ വിഡിയോ കോൺഫറൻസ് നടക്കുന്നത്. 

പ്രവാസികൾക്ക് മറ്റ് തരത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് താൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രാനുമതിക്കായി എംബസിയിലും മറ്റും ഏതെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റുകളോ മറ്റോ ഹാജരാക്കണമെങ്കിൽ ജില്ലയിൽ നിന്ന് അത് സംഘടിപ്പിച്ചു നൽകാമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയിൽ ആകെയുള്ള രണ്ടുലക്ഷത്തിൽ അധികം വരുന്ന വയോധികരുടെ എല്ലാ ആവശ്യങ്ങളും 1389 അങ്കണവാടികളിലൂടെ നിറവേറ്റാനുള്ള സംവിധാനങ്ങളും ഒരുങ്ങിയിട്ടുണ്ട്. അവരുടെ കാര്യത്തിൽ ആശങ്കകൾ തീരെ വേണ്ട. മൂന്നു രീതിയിലുള്ള ക്വാറന്റീൻ സംവിധാനങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ക്വാറന്റീന് 1335 മുറികൾ സജ്ജമാണ്. ഇൻസ്റ്റിറ്റ്യൂഷണൽ, പെയ്ഡ്, ഹോം എന്നിങ്ങനെയാണ് ക്വാറന്റീൻ സംവിധാനങ്ങൾ. 21 ഇടങ്ങളിലെ ഹോട്ടലുകളും മറ്റുമാണ് പണം നൽകി ഉപയോഗിക്കേണ്ട പെയ്ഡ് ക്വാറന്റീനായി ഒരുക്കിയിട്ടുള്ളത്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ 65 എണ്ണം പ്രവർത്തിക്കുന്നു. 83 എണ്ണം സജ്ജം. 190 എണ്ണം കണ്ടെത്തി വച്ചിട്ടുമുണ്ട്. ജില്ലയിൽ 65 ഇടങ്ങളിലായി 636 പേർ ക്വാറന്റീനിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൃഷിയിൽ താൽപര്യമുണ്ടെങ്കിൽ സർക്കാരിന്റെ സുഭിക്ഷ പദ്ധതിയുടെ ഉപപദ്ധതി ജില്ലയിൽ ആരംഭിക്കാം. പ്രവാസി സംശയങ്ങൾ ദൂരീകരിക്കാൻ ഹെൽപ് ഡെസ്ക് തുടങ്ങുന്നതിനും പ്രയാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

അഭിനയ വിസ്മയം മോഹൻലാലിന്റെ ജന്മ നാടിന്റെ ജില്ലാ അധികാരി എന്ന നിലയിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നതിൽ സന്തോഷമുണ്ടെന്നും കലക്ടർ പറഞ്ഞു.

അടൂർ എൻആർഐ ഫോറം കുവൈത്ത്, ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളും വിഡിയോ കോൺഫറൻസിൽ സജീവമായി. യുഎഇ ചാപ്റ്റർ പ്രസിഡന്റ് അലക്സ് വർഗീസ്, ജനറൽ സെക്രട്ടറി ഖെയ്സ് വർഗീസ്, ഹരി പനവിള, ഷിബു കോശി, റായ് ജോർജ്, അനു.പി.രാജൻ, കെ.സി ബിജു,അനീഷ് ഏബ്രഹാം, അനു കെ.വർഗീസ്, ബിജു കോശി മത്തായി, രഞ്ജിത്ത് മോഹൻ, സണ്ണി പറക്കോട് തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com