ADVERTISEMENT

 

ദുബായ്∙'കഥ പറയുമ്പോൾ' എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ അശോക് കുമാറിന്റെ വളർച്ച അകലെ നിന്ന് നോക്കിക്കാണേണ്ടി വന്ന കളിക്കൂട്ടുകാരൻ ബാർബർ ബാലനെപ്പോലെ ദുബായിലെ മാധ്യമപ്രവർത്തകൻ കെ.ആർ.നായർക്ക് ഒരിക്കലും സൂപ്പർസ്റ്റാർ മോഹൻലാലിൽ നിന്ന് അകന്ന് നിൽക്കേണ്ടി വന്നിട്ടില്ല. മോഹൻലാൽ എന്ന, ചങ്ങാതിമാരുടെ ലാലു വളർച്ചയുടെ പടികൾ ഒാരോന്നായി ചവിട്ടിക്കയറുന്നതും ഇന്ത്യ അറിയപ്പെടുന്ന മികച്ച അഭിനേതാവും സൂപ്പർ സ്റ്റാറുമായിത്തീരുന്നതും ദുബായിലെ തിരക്കിട്ട മാധ്യമപ്രവർത്തനത്തിടയിലും നായർ അറിയുകയും അകമഴിഞ്ഞ് സന്തോഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരേ സ്കൂളിലും കോളജിലും പഠിച്ച കാലത്തെ മധുരോർമകള്‍ നായരുടെ ഹൃദയത്തിന്റെ കോണിൽ ഇന്നും തിളങ്ങിനിൽപുണ്ട്. പ്രിയ കൂട്ടുകാരന്റെ 60–ാം പിറന്നാൾ മഹാമാരി കാരണം ആഘോഷമില്ലാതെ കടന്നുപോയപ്പോൾ, ഇങ്ങിവിടെ കടലിനിക്കരെ നിന്ന് ഇദ്ദേഹം ആയിരമായിരം ആശംസകൾ നേരുന്നു.

kr-nair

 

ഫെയ്സ്ബുക്കിൽ ഇരുവരുടെയും സ്കൂൾ കാലം മുതലുള്ള ഒാർമകൾ നായർ ഇന്നലെ പങ്കുവച്ചപ്പോൾ ആശംസകളുമായി ഒട്ടേറെ പേരെത്തി. മോഹൻലാലും നായരും തിരുവനന്തപുരം സ്വദേശികളാണ്. നഗരത്തിലെ മോഡൽ സ്കൂളിലും പിന്നീട് എംജി കോളജിലുമാണ് ഇരുവരും പഠിച്ചത്. ഒരേ വർഷം രണ്ട് ഡിവിഷനുകളിലായിരുന്നു വിദ്യാഭ്യാസമെങ്കിലും ഇരുവരെയും കൂട്ടിയിണക്കിയ മേഖലകൾ ക്രിക്കറ്റും നാടകവുമാണ്. ‍

mohanlal-and-nair

 

''കാരവൻ എന്നായിരുന്നു അന്ന് ഞാൻ ക്യാപ്റ്റനായ ക്രിക്കറ്റ് ടീമിന്റെ പേര്. ലാലുവും സംവിധായകൻ പ്രിയദർശനും പൂജപ്പുര ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളും. സൗഹൃദവലയത്തില്‍പ്പെട്ട നടൻ മണിയൻപിള്ള രാജു, നന്ദു, ഗായകരായ എം.ജി.ശ്രീകുമാർ, ജി.വേണുഗോപാൽ, നിർമാതാവ് സുരേഷ് കുമാർ, ബിസിസി അംഗമായ എസ്.കെ.നായർ, കേരളാ സെലിബ്രിറ്റി ക്രിക്കറ്റ് ടീം മാനേജറായ ചന്ദ്രസേനൻ തുടങ്ങിയവരെല്ലാം തന്നെ ക്രിക്കറ്റ് പ്രേമികളായിരുന്നു. എന്നാൽ, ലാലുവിന് ക്രിക്കറ്റിനേക്കാളും അഭിനിവേശം നാടകത്തോടും. പ്രിയദർശനാണെങ്കിൽ ക്രിക്കറ്റിൽ മുഴുകിയും നടന്നു. ഒരിക്കൽ കളിക്കുമ്പോൾ ഹനീഫ എന്ന സുഹൃത്ത് എറിഞ്ഞ പന്ത് കൊണ്ടാണ് പ്രിയന്റെ ഒരു കണ്ണിന് തകരാറ് പറ്റിയത്. 1975ൽ ഞങ്ങൾ എസ്എസ്എൽസി കഴിഞ്ഞു. ക്രിക്കറ്റിനോടൊപ്പം എല്ലാവർക്കും നാടകത്തോടും ഇഷ്ടമായിരുന്നു ''- അന്ന് നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നായർ പറഞ്ഞു. കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ ഭാര്യാ പിതാവ് വൈക്കം മണിയുടെ കീഴിലായിരുന്നു ഇദ്ദേഹം അഭിനയം പഠിച്ചത്. പിന്നീടും കുറേ നാടകങ്ങളിൽ അഭിനയിച്ചു.

 

WITH-PRIYAN

നായർ ബിഎ ഇക്കണോമിക്സും മോഹൻലാൽ ബികോമുമായിരുന്നു പഠിച്ചത്. ലാലു സിനിമയിൽ പ്രവേശിച്ച സമയം, പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം നേരെ മുംബൈയിലേയ്ക്ക് വിട്ടു–സ്പോർട്സ് ജേണലിസ്റ്റാവുകയായിരുന്നു ലക്ഷ്യം. അപ്പോഴെല്ലാം സുരേഷ് കുമാറുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹമാണ് ലാല്‍ എന്ന നടനെ  ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ നിൽക്കാൻ അവസരമൊരുക്കിയതെന്ന് നായർ പറയുന്നു. 

 

പ്രിയചങ്ങാതിയുടെ ആദ്യ അഭിമുഖം

 

WITH-NANDU

1980കളിൽ അസോസിയേറ്റഡ് പ്രസിനും ബിബിസിക്കും വേണ്ടി ഷാർജ ക്രിക്കറ്റ് ടൂർണമെന്റ് റിപോർട്ട് ചെയ്തിട്ടുള്ള നായർ 1994ൽ യുഎഇയിലെത്തി. ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ന്യൂസ് ഇംഗ്ലീഷ് പത്രത്തിൽ സ്പോർട്സ് ലേഖകനായി. ഇപ്പോൾ ഇതേ പത്രത്തിൽ ചീഫ് ക്രിക്കറ്റ് റൈറ്ററും.

 

PRESENTING-SWEETS-TO-KEERTHI

യുഎഇയിലെത്തിയതിന്റെ പിറ്റേവർഷം നായർ മോഹൻലാലിനെ  ദുബായിൽ അഭിമുഖം നടത്തുകയുണ്ടായി. 'മോഹൻലാൽ ആൻഡ് ദ് മാജിക് ലാംപ്' എന്ന പരിപാടിയുടെ സംഘാടകൻ ബെർണാർഡ് രാജിന്റെ അഭ്യർഥന പ്രകാരം ഗൾഫ് ന്യൂസിന് വേണ്ടിയായിരുന്നു അത്. 

 

lal

''അന്ന് ഞങ്ങളുടെ കാരവൻ ക്ലബുമായുള്ള മത്സരത്തിൽ പൂജപ്പുര ടീമിന് വേണ്ടി ലാലു രണ്ട് കൂറ്റൻ സിക്സറടിച്ചതടക്കം പലതും ഞങ്ങളോർത്തു, ചിരിച്ചു. വർഷങ്ങളോളം ഒന്നിച്ച് പഠിച്ച ചങ്ങാതിയെ ഇന്റർവ്യൂ നടത്തിയപ്പോൾ അത് വേറിട്ട അനുഭവമായി''- നായർ പറയുന്നു:

 

''അന്ന് ഞാൻ ലാലുവിനോട് ഖേദപൂർവം തുറന്നു പറഞ്ഞു, ജോലിത്തിരക്ക് കാരണം അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും എനിക്ക് കാണാൻ സാധിച്ചിട്ടില്ലെന്ന്. അപ്പോൾ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനംകവർന്ന ആ പുഞ്ചിരിയോടെ ലാലു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു– ഞാൻ നായരോട് എന്റെ കഥ പറയാം, വേണ്ടതുപോലെ എഴുതിക്കോളൂ. 'ടിൻസൽ ടൗൺസ് ഫേവേർഡ് മജിഷ്യൻ' എന്ന പേരിൽ ആ അഭിമുഖം അച്ചടിച്ചുവന്നു''.- പഴയ സംഘങ്ങളിൽ മിക്കവരും സിനിമയിലെത്തി. നായരടക്കം കുറേ പേർ ക്രിക്കറ്റിന്റെ ലോകത്തും. ബെൽ ബോട്ടം പാൻ്റ്സ്, ബോബ് ഹെയർകട്ട്, പൊടിമീശ– ഇതായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ അന്നത്തെ വേഷവിധാനം.

 

ലാലു പറഞ്ഞു: ഞാനഭിനയിച്ച ചിത്രം തിയറ്ററിലുണ്ട്

 

'മഞ്ഞിൽവിരിഞ്ഞ പൂക്കളി'ൽ നരേന്ദ്രൻ എന്ന അതിശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല–നായർ ഒാർക്കുന്നു: ''അന്നൊരിക്കൽ ഞാനും സുഹൃത്തുക്കളും തിരുവനന്തപുരം തൈക്കാട് നിൽക്കുകയായിരുന്നു. അപ്പോൾ അതുവഴി ബൈക്കിലെത്തിയ മോഹൻലാൽ ഞങ്ങളോട് പറഞ്ഞു, താനഭിനയിച്ച മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രം എംപി തിയറ്ററിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന്. ഉടൻ തന്നെ ഞങ്ങളെല്ലാം തിയറ്ററിലേയ്ക്കോടി ചിത്രം കണ്ടു.  റിലീസായി രണ്ടാമത്തെ ദിവസമായിരുന്നു അത്. ശങ്കർ, പൂർണിമാ ജയറാം എന്നിവരെ നായികാ നായകരാക്കി ഫാസിൽ സംവിധാനം ചെയ്ത ചിത്രം പിന്നീട് മലയാള പ്രേക്ഷകരുടെ അഭിരുചി തന്നെ മാറ്റിമറിച്ചുകൊണ്ട് 200 ദിവസം നിറഞ്ഞോടി. 

 

ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസവുമായി ലാൽ

 

ആ കാലത്ത് ഞങ്ങളുടെ ലോകം വളരെ ചെറുതായിരുന്നു. വളരെ കുറച്ച് പേർക്ക് മാത്രമേ ഞങ്ങളെയെല്ലാം അറിയാമായിരുന്നുള്ളൂ. ആ ലാലു പിന്നീട് സിനിമയെന്ന മായിക ലോകത്തെ സുവർണ നക്ഷത്രമായിത്തീർന്നു. പലതവണ ലാലു ദുബായിലെത്തിയെങ്കിലും തിരക്കിട്ട ജോലിക്കിടയിൽ രണ്ടാമതൊരു തവണ അഭിമുഖം നടത്താൻ ഭാഗ്യമുണ്ടായില്ല. എന്നാൽ, ലാലു ക്യാപ്റ്റനായ കേരളാ സെലിബ്രിറ്റി ടീമിന്റെ മത്സരം 2013ൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്നപ്പോൾ അതു റിപോർട്ടു ചെയ്യുകയും ഞങ്ങൾ തമ്മിൽ കാണുകയും ചെയ്തു. പ്രായത്തെ നമുക്ക് പിടിച്ചുകെട്ടാനാകില്ല, പക്ഷേ, ഒാരോ വയസ്സ് പിന്നിടുമ്പോഴും നമുക്ക് അതൊരു സംഭവമാക്കി മാറ്റാൻ കഴിയുന്നത് അവിസ്മരണീയമാണ്. അതാണ് മോഹൻലാൽ ചെയ്തുകൊണ്ടിരിക്കുന്ന മാജിക്. 'ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളയാളാണ് ഞാൻ, സത്യം പറയട്ടെ, ഞാൻ വർത്തമാനകാലത്താണ് ജീവിക്കുന്നത്''–ലാലു അന്ന് പറഞ്ഞ വാക്കുകൾ നായർ ഇന്നും ഒാർക്കുന്നു. അതു കൊണ്ടായിരിക്കാം, മോഹൻലാൽ എന്ന അഭിനേതാവ് യുവ പ്രേക്ഷകരുടെ ഹൃദയത്തിൽ പോലും നിത്യഹരിത നായകനായി കുടിയേറിയിരിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. 

 

കീർത്തി സുരേഷിനെ അനുഗ്രഹിച്ചപ്പോൾ

 

നിർമാതാവും നടനുമായ സുരേഷ് കുമാറുമായി നായർ ഇപ്പോഴും ഏറ്റവും അടുപ്പം പുലർത്തുന്നു. അദ്ദേഹത്തിന്റെ മകളും നടിയുമായ കീർത്തി സുരേഷിന് മഹാനടിയിലെ അഭിനയത്തിന് ദേശീയ അവാർഡ‍് ലഭിച്ചപ്പോൾ ഞാൻ തിരുവനന്തപുരത്തുണ്ടായിരുന്നു. സുരേഷ് തന്നെയായിരുന്നു സന്തോഷ വാർത്ത അറിയിച്ചത്. ഉടൻ തന്നെ ഞാൻ മധുരവുമായി സുരേഷിന്റെ വീട്ടിൽ ചെന്ന് സന്തോഷം പങ്കിട്ടു–''കീർത്തി അഭിനയ രംഗത്തിറങ്ങുമ്പോൾ അനുഗ്രഹിച്ചതും നായർ ഒാർക്കുന്നു. അന്നത്തെ ചങ്ങാതി കൂട്ടത്തിലുണ്ടായിരുന്ന നന്ദലാൽ എന്ന നടൻ നന്ദുവുമായും ഇപ്പോഴും നല്ല ബന്ധം തുടരുന്നുണ്ട്. ദുബായിലെത്തിയാൽ അദ്ദേഹം നായരോടൊപ്പമാണ് ഉണ്ടാകാറ്. നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ,  അന്തരിച്ച വേണുനാഗവള്ളി, നെടടുമുടി വേണു, സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണൻ തുടങ്ങിയവരും അന്നു തിരുവനന്തപുരത്തെ താരങ്ങളായിരുന്നു. 

 

മോഹൻലാൽ ഇന്നു സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ

 

മോഡൽ സ്കൂളിന്റെ 1975 ബാച്ച് വാട്സാപ്പ് ഗ്രൂപ്പിൽ  താൻ വരാമെന്നും പഴയ കൂട്ടുകാരുമായി കുറച്ചുനേരം സൗഹൃദം പങ്കിടാമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് പ്രിയമിത്രങ്ങൾ. 

 

കേരളാ സംസ്ഥാന ക്വാളിഫൈ‍ഡ് ക്രിക്കറ്റ് അംപയറായിരുന്നു നായർ. ദുബായിൽ കോളജ് അധ്യാപികയായ അജിതയാണ് ഭാര്യ. ഏക മകൾ നന്ദിത അമേരിക്കയിൽ ഫിനാൻഷ്യൽ ടെക്നോളജി വി്യാർഥി. ഏഴ് ഏകദിന ക്രിക്കറ്റ് ലോകകപ്പുകൾ,  നാല് ട്വൻ്റി20 ലോക കപ്പ് എന്നിവ നായർ നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ 60 വയസു പിന്നിട്ട ഇദ്ദേഹം ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞാൽ പഴയ തട്ടകത്തില്‍ ഒരു കൈനോക്കാനും ഉദ്ദേശിക്കുന്നു– അഭിനയം. പക്ഷേ, അത് നാടകത്തിലല്ല; സിനിമയിലാണെന്ന് മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com