ADVERTISEMENT

ദുബായ്∙ മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനി പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന്(പിസിഎസ്) 760 കോടിയോളം രൂപ കാണാതായ കേസിൽ പിടിയിലായ കമ്പനി മനേജർ ശ്രീനിവാസൻ നരസിംഹൻ കോടികളുടെ നിക്ഷേപം ഇന്ത്യയിലും നടത്തിയതായി വിവരം. കുടുംബട്രസ്റ്റിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ദുബായിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 

കെറ്റി വാലി എന്ന എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്(കെവിഇപിഎൽ), കെറ്റി വാലി എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയുള്ള പേരുകളിലാണ് കോടികളുടെ സ്വത്തുവകകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഊട്ടി, തമിഴ്നാടിന്റെ മറ്റ് മേഖലകൾ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്. ഊട്ടിയിൽ മാത്രം അഞ്ഞൂറു കോടിയുടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നൂറ് ഏക്കറിൽ ഒരു റിസോർട് പദ്ധതിയും പണി പുരോഗമിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ബാങ്കുകൾക്ക് 760 കോടിയോളം രൂപയ്ക്കുള്ള ഈടാണ് നൽകിയതെന്നും അറിയുന്നു. 

2016ൽ നരസിംഹൻ ഭാര്യയുടെ പേരിൽ റോൾസ് റോയ്സ് കാറും വാങ്ങിയതായി രേഖകളുണ്ട്. കോയമ്പത്തൂരിലാണ് ഇതു റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2012നും 2016നും ഇടയിൽ കമ്പനി രേഖകളിൽ കൃത്രിമം നടത്തിയും വ്യാജസീലുകൾ നിർമിച്ചും കോടികൾ കടത്തിയതെന്നാണ് ദുബായ് പൊലീസിൽ നൽകിയിരിക്കുന്ന കേസ്. 2016ൽ കമ്പനിയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെപിഎംജി, കോച്ചാർ എന്നീ കമ്പനികൾ ഇത് ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് 760 കോടി കമ്പനിയിൽ നിന്ന് ദുരൂഹമായി കാണാതായതായി കണ്ടെത്തിയത്. തുടർന്നാണ് ദുബായ് പൊലീസിൽ കേസ് നൽകിയതും. 

ശ്രീനിവാസൻ നരസിംഹനും മൂന്ന് അക്കൗണ്ടന്റുമാരും ചേർന്നു വ്യാജരേഖകൾ ചമച്ചും മറ്റും വെട്ടിപ്പു നടത്തിയതായാണ് പരാതി. കമ്പനി സ്ഥാപക ചെയർമാൻ ദിലീപ് രാഹുലന്റെ പേരിലാണ് ഇവർ കൂടുതലും വ്യാജ സീലുകളും രേഖകളും ചമച്ചിരിക്കുന്നത്. ഇതിനിടെ നാഷനൽ ബാങ്ക് ഓഫ് ഒമാൻ നടത്തിയ അന്വേഷണത്തിലും 2800 കോടിയോളം രൂപയുടെ ബാധ്യത കമ്പനിക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കമ്പനിയുടെ ഫണ്ടുകൾ ചില സ്ഥാപനങ്ങൾ വഴി നാട്ടിലേക്ക് കടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. നരസിംഹൻ പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നും തിരിച്ചു വരാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഗതിവേഗം കൂടുമെന്നും കരുതുന്നു. ദുബായിലെ പല സർക്കാർ സ്ഥാപനങ്ങൾക്കും സാങ്കേതിക സേവനം നൽകുന്ന കമ്പനി കൂടിയാണ് പിസിഎസ്.

ലവ് ലിനിൽ ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ഇടപാടുകളിലെ ഇടനിലക്കാരൻ എന്ന നിലയിലാണ് വാർത്തകളിൽ ഇടം പിടിച്ചതും കേരളത്തിൽ അറിയപ്പെട്ടതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com