ADVERTISEMENT

അബുദാബി ∙ ഉപവാസത്തിലൂടെ വിശുദ്ധിനേടി റമസാനിലെ അവസാന വെള്ളിയാഴ്ചയോട് വിശ്വാസികൾ പ്രാർഥനാ നിർഭരമായി വിടചൊല്ലി. കുടുംബാംഗങ്ങൾ ഒന്നിച്ച് പ്രാർഥനകളിൽ മുഴുകിയും ഖുർആൻ പാരായണം ചെയ്തും  റമസാൻ ദിനങ്ങളെ പവിത്രമാക്കി.

ഇത്തവണ റമസാനിൽ 5 വെള്ളിയാഴ്ചകളിൽ വ്രതം അനുഷ്ഠിക്കാനുള്ള ഭാഗ്യം ലഭിച്ചതാണ് മറ്റൊരു പ്രത്യേകത.

ഇതോടൊപ്പം ഫിത്ർ സക്കാത്ത് വിതരണവും സജീവമായി. വ്രതാനുഷ്ഠാനത്തിൽ ‍വന്ന പാകപ്പിഴകൾ പരിഹരിക്കുന്നതോടൊപ്പം പെരുന്നാൾ ദിവസം ആരും പട്ടിണി കിടക്കരുതെന്ന മാനവികതയാണ് ഫിത്ർ സക്കാത്ത് നൽകുന്ന സന്ദേശം. കോവിഡ് കാലഘട്ടത്തിൽ ഇതിന് വലിയ പ്രധാന്യമുണ്ടെന്നും ദുബായ് പബ്ലിക് പ്രോസിക്യൂഷനിലെ ജുഡീഷ്യൽ ട്രാൻസലേറ്റർ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് പറഞ്ഞു. 

അവസാന പത്തിലും ലൈലത്തുൽ ഖദ്റിലും മുൻവർഷങ്ങളിൽ ജനലക്ഷങ്ങൾ സംഗമിച്ചിരുന്ന മക്ക, മദീന ഹറം പള്ളികളിൽ ഇന്നലെ നടന്ന ജുമുഅയിൽ അകലം പാലിച്ച് ഹറം പള്ളി ജീവനക്കാർ മാത്രമാണ് പങ്കെടുത്തത്. ഖുർആൻ പാരായണം പൂർത്തിയാക്കുന്ന ഖത്തമുൽ ഖുർആൻ പ്രാർഥനയിൽ കോവ‍ിഡ് മുക്തിയായിരുന്നു പ്രധാന വിഷയം

കോവിഡ് നിയന്ത്രണം മൂലം റമസാനിൽ ഉംറയും പ്രദക്ഷിണവും പ്രയാണവും  നിർവഹിക്കാനും ഹറമിലെ നമസ്കാരത്തിൽ പങ്കെടുക്കാനും വിശ്വാസികൾക്ക് സാധിച്ചില്ലെങ്കിലും വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തേകട്ടെയെന്ന് ഡോ. ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ് ആശംസിച്ചു.

 

വീടുകളിലെ  നമസ്കാരത്തിന് ഫത്‌വ മാർഗനിർദേശം

അബുദാബി∙ കോവി‍ഡ് പശ്ചാത്തലത്തിൽ ഈദ് ഗാഹും പള്ളികളും ഒഴിവാക്കി വീടുകളിൽ നടത്തുന്ന പെരുന്നാൾ നമസ്കാരത്തിന് ഫത്‌വ സെന്റർ മാർഗ നിർദേശം പുറപ്പെടുവിച്ചു. ഒറ്റയ്ക്കും കുടുംബാംഗങ്ങൾ ചേർന്നും പ്രാർഥന നിർവഹിക്കാം.  സാധാരണ പള്ളികളിലെ ഈദ് നമസ്കാരത്തിനു ശേഷമുള്ള ഖുതുബ (പ്രഭാഷണം) വീടുകളിൽ ആവശ്യമില്ലെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com