ADVERTISEMENT

കുവൈത്ത് സിറ്റി ● സ്ത്രീകൾ എന്നും സ്ത്രീകളുടെ മിത്രങ്ങളാകണമെന്ന സന്ദേശവുമായി വിഡിയൊ ഒരുക്കി അംഗനമാർ. കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സൃഷ്ടിച്ച ഒറ്റപ്പെടുത്തൽ അവസരമാക്കിയാണ് 7 പേർ ചേർന്ന് കൂട്ടത്തിലെ എട്ടാമതൊരാൾക്കും കൂട്ടായ്മയിലെ മറ്റു 3 പേർക്കും മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യസംഘത്തിൽ അംഗങ്ങളായ എല്ലാവർക്കുമുള്ള സമർപ്പണവുമായി നൃത്ത വീഡിയോ ഒരുക്കിയത്. 

തീർത്താൽ തീരാത്ത വീട്ടുജോലിയെന്ന അവസ്ഥയിൽ നിന്ന് ചെയ്യാൻ ഒന്നുമില്ലാതെ സമയം ബാക്കി എന്ന അവസ്ഥ സൃഷ്ടിച്ച സാഹചര്യമാണ് കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അവരെ പുതിയ വഴികളെപ്പറ്റി ചിന്തിപ്പിച്ചത്. അറിയാവുന്ന  നൃത്തം പ്രയോജനപ്പെടുത്തി ഒരുക്കിയ അഴകിയ ബാലെ` സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു അവർ. `അഷ്ടാംഗനമാർ - നീ അഴകിയ ബാലെ` എന്നാണ് വിഡിയോയുടെ പേര്. 

പ്രസിമോൾ ഫ്രാൻസിസ്, നിമ്മി ജോസഫ്, സന്ധ്യ രഞ്‌ജിത്ത്, അഞ്ജു സനിൽ, ജിജുന എസ് ഉണ്ണി എന്നിവരാണ് നർത്തകർ. ലക്ഷ്മി കൃഷ്ണൻ, രൂപ എസ് നായർ, ഇന്ത്യൻ എജ്യുക്കേഷനൽ സ്കൂൾ വിദ്യാർഥി അഭയ് ജിതേഷ് മേനോൻ എന്നിവർ സഹായികളായി.  കോവിഡ് പ്രതിരോധത്തിനായി കുവൈത്തിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന കൂട്ടുകാരി സവിത ആന്റണി, ദീപ പ്രവീൺ കുമാർ,ദീപ്തി പ്രശാന്ത് കുമർ, എറണാകുളത്തുള്ള ജിനു ആനി ജോസ് എന്നിവർക്കും ഒപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ള സമർപ്പണമാണ് വീഡിയോ. സിജോ പി ഏബ്രഹാം ആണ് എഡിറ്റിങ്.

സമർപ്പണവാചകം ഇങ്ങനെ: `എല്ലാ മാതൃ സാഹോദര്യ സൗഹൃദ മഹിളാരത്നങ്ങൾക്കും അതുപോലെ ഈ മഹാമാരിക്കെതിരെ നിർഭയം പോരാടുന്ന എല്ലാ വിഭാഗക്കാർക്കും വേണ്ടി ആദരപൂർവം സാഷ്ടാംഗം ഞങ്ങൾ സമർപ്പിക്കുന്നു’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com