ADVERTISEMENT

അബുദാബി ∙ കാരുണ്യത്തിന്റെ പൊലീസ് കരംപിടിച്ച് നാഗർകോവിൽ സ്വദേശി വിപിൻ അച്ഛൻ മരിയ സ്റ്റീഫൻ രാജിന്റെ മൃതദേഹം കണ്ടു. ലോക്ഡൗണിൽ അതിർത്തികൾ അടച്ച അബുദാബിയിൽ നിന്ന് ഉമ്മുൽഖുവൈനിലെത്താനാണ് ഏക മകൻ വിപിനു പൊലീസ് സൗകര്യം ഒരുക്കിയത്. 

റാസൽഖൈമ ആസ്ഥാനമായുള്ള സ്വകാര്യ നിർമാണ കമ്പനി ജീവനക്കാരനായിരുന്നു മരിയ സ്റ്റീഫൻ രാജ്. ഡിസംബർ 15ന് ജോലിക്കിടെ 6 മീറ്റർ ഉയരത്തിൽ നിന്ന് വീണു ഗുരുതരമായി പരുക്കേറ്റ് റാസൽഖൈമ സഖർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 3 ശസ്ത്രക്രിയകൾക്ക് വിധേയനായ മരിയ സ്റ്റീഫൻ രാജിനെ വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡ് മൂലം യാത്രാ നിയന്ത്രണമുണ്ടായതും യാത്ര മുടങ്ങിയതും.

അതിനിടെ സഖർ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ രോഗികളെ ഉമ്മുൽഖുവൈൻ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 6നാണ് മരിയാ സ്റ്റീഫൻ രാജ് മരിച്ചത്. മുസഫയിൽ ജോലി ചെയ്യുന്ന വിപിനു ലോക്ഡൗൺ മൂലം യാത്രാ നിയന്ത്രണമുള്ളതിനാൽ ഉമ്മുൽഖുവൈനിലേക്കു പോയി അച്ഛന്റെ മൃതദേഹം കാണാനായില്ല.  മരണ സർട്ടിഫിക്കറ്റ് കാണിച്ച് ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

ഒടുവിൽ സാമൂഹിക പ്രവർത്തകൻ മനോജും വി.ടി.വി. ദാമോദരനും അബുദാബി കമ്മ്യൂണിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് നിർദേശപ്രകാരം അബുദാബിയിൽ എത്തിച്ച വിപിനെ പൊലീസ് വാഹനത്തിൽ ദുബായ് അതിർത്തി വരെ എത്തിക്കുകയായിരുന്നു. അവിടന്ന് പിതാവ് ജോലി ചെയ്തിരുന്ന അൽഖുആല ബിൽഡിങ് മെന്റിനൻസ് കമ്പനി വാഹനത്തിൽ ഉമ്മുൽഖുവൈനിലെ മോർച്ചറിയിലെത്തി പിതാവിന്റെ മൃതദേഹം കണ്ടു.

14ന് ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് പ്രത്യേക വിമാനത്തിൽ മൃതദേഹത്തെ അനുഗമിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com