ADVERTISEMENT

ദോഹ∙കോവിഡ്-19 നെതിരെ പോരാടുന്ന മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ആദരം പ്രകടിപ്പിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി 2022 ലോകകപ്പ് മത്സരങ്ങൾക്കായുള്ള മൂന്നാമത്തെ സ്റ്റേഡിയമായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം അനാവരണം ചെയ്തു.

സ്റ്റേഡിയത്തിന്റെ പൂർത്തീകരണ ആഘോഷത്തോട് അനുബന്ധിച്ച് ഇന്നലെ പ്രാദേശിക സമയം 7 ന് ഖത്തറിന്റെ കായിക ചാനലായ ബിഇഎന്നിലൂടെ നടന്ന വെർച്വൽ ചടങ്ങിലാണ് അമീർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. ലോകകപ്പിനായുള്ള മൂന്നാമത്തെ സ്റ്റേഡിയത്തിന്റെ വിജയകരമായ പൂർത്തീകരണം ചാംപ്യൻന്മാരായ കോവിഡ്-19 പോരാളികളായ ആരോഗ്യ പ്രവർത്തകരോട് ആശംസയും ആദരവും പ്രകടിപ്പിക്കാനുള്ള സന്ദർഭമാണെന്ന് പറഞ്ഞു കൊണ്ടാണ് അമീർ ഉദ്ഘാടനം പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവർത്തകരുടെ ധൈര്യത്തിലും അർപ്പണബോധത്തിലും നിസ്വാർത്ഥ സേവനത്തിലൂടെയും ലോകം വീണ്ടും തുറക്കാൻ ആരംഭിക്കുമ്പോൾ സ്റ്റേഡിയങ്ങളിൽ താരങ്ങളുടെ മത്സരങ്ങൾ ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന നല്ല ദിനങ്ങൾ സമാഗതമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലോകമെന്നും അമീർ പറഞ്ഞു.  

ആരോഗ്യപ്രവർത്തകർക്ക് കയ്യടിച്ച് ഫിഫ പ്രസിഡന്റും

വെർച്വൽ ചടങ്ങിൽ പങ്കെടുത്ത ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക ആദരവ് പ്രകടിപ്പിച്ചു. 2022 ൽ മനോഹരവും അത്യാധുനികവുമായ സറ്റേഡിയത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഫിഫ ലോകകപ്പ് ആഘോഷിക്കുമെന്നും ഇൻഫാന്റിനോ പറഞ്ഞു. മധ്യപൂർവ ദേശത്തേയും അറബ് ലോകത്തേയും പ്രഥമ ഫിഫ ലോകകപ്പിലേക്കുള്ള മറ്റൊരു നാഴികകല്ലാണ് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ പൂർത്തീകരണമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻ്ഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ഫുട്‌ബോൾ പ്രേമികൾക്കായുള്ള സ്റ്റേഡിയമാണിതെന്ന് ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാദറും പ്രതികരിച്ചു. ഈ വർഷം 2 ലോകകപ്പ് സ്റ്റേഡിയങ്ങൾ കൂടി പൂർത്തിയാകുമെന്ന് സുപ്രീം കമ്മിറ്റി ടെക്‌നിക്കൽ ഡെലിവറി ഓഫിസ് വൈസ് ചെയർമാനും ഓപ്പറേഷൻസ് ഓഫിസ് ചെയർമാനും കൂടിയായ യാസിർ അൽ ജമാൽ വെളിപ്പെടുത്തി.

മരുഭൂമിയിലെ വജ്രം

മരുഭൂമിയിലെ വജ്രം എന്നറിയപ്പെടുന്ന എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം ഗ്ലോബൽ സസ്‌റ്റെയ്‌നബിലിറ്റി അസെസ്‌മെന്റ് സംവിധാനത്തിന്റെ പഞ്ചനക്ഷത്ര റേറ്റിങ് കരസ്ഥമാക്കിയ ആദ്യത്തെ ലോകകപ്പ് സ്റ്റേഡിയം ആണ്. 40,000 പേർക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തിലുള്ളത്. ലോകകപ്പിന് ശേഷം 20,000 സീറ്റുകൾ കായിക സൗകര്യങ്ങൾ കുറഞ്ഞ രാജ്യങ്ങൾക്കായി നൽകും. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ദോഹ മെട്രോയിൽ കാണികൾക്ക് നേരിട്ട് സ്‌റ്റേഡിയത്തിലെത്താം. മാറ്റങ്ങളെ ഉൾക്കൊളളാൻ കഴിയുന്ന വജ്രത്തിന്റെ ആകൃതിയിലാണ് സ്റ്റേഡിയം. സുസ്ഥിരത, വികസനം, പുതുമ എന്നിവയുടെ പ്രതീകം കൂടിയാണ് സ്റ്റേഡിയം. ജ്യാമിതീയ പാറ്റേണിൽ സങ്കീർണമായ ത്രികോണ രൂപത്തിലുള്ള മുഖപ്പിന്റെ നിറം സൂര്യന്റെ ചലനം അനുസരിച്ച് മാറി കൊണ്ടിരിക്കും. പരിശീലന സൈറ്റുകൾ, മറ്റ് നൂതന കായിക സൗകര്യങ്ങൾ, 50,000ത്തിലധികം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം, വിനോദത്തിനും വിശ്രമത്തിനുമായി മനോഹരമായ പാർക്കുകൾ, എജ്യൂക്കേഷൻ സിറ്റിയിലുടനീളം സഞ്ചരിക്കാൻ ട്രാമും പ്രവർത്തനസജ്ജമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com