ADVERTISEMENT

ദുബായ്∙ കൊച്ചുകുട്ടികൾ പടം വരയ്ക്കുന്നതു പോലെ, തൂണുകളും കെട്ടുറപ്പും ഒന്നുമില്ലാത്ത ഒരു കൂര.  ഒരു ഗൾഫുകാരന്റെ പൊള്ളുന്ന ജീവിതബാക്കിയാണിത്. അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ച കൊല്ലം ഓച്ചിറ ക്ലാപ്പന നോർത്ത് സ്വദേശി ശ്രീനിവാസൻ സുകുമാരന്റെ (45) വീട്. ‘കളീക്കൽ ഹൗസ്’ എന്ന ഷീറ്റു കൊണ്ടുള്ള കൂരയിലാണ് ഭാര്യ സരിത, മകൻ ശ്രീഹരി, മകൾ ശിവഗംഗ എന്നിവർ താമസിക്കുന്നത്. തൊട്ടരികെ മറ്റൊരു വീടിന്റെ അടിത്തറ കാണാം.

ബഹ്റൈനിലും അബുദാബിയിലുമായി 7 വർഷം ജോലി ചെയ്ത ശ്രീനിവാസൻ, സ്വന്തം വീടിനായി കെട്ടിപ്പൊക്കിയ തറ. പാതിയിൽ തീർന്ന ഇവരുടെ പൂർത്തിയാവാത്ത സ്വപ്നം. അച്ഛൻ മരിച്ചത് ഉൾപ്പടെ ശ്രീഹരിക്ക് (13) എല്ലാം അറിയാം. പക്ഷേ,  അതു മനസ്സിലാക്കാൻ ശിവഗംഗയ്ക്ക് (8) ആകില്ല. അവൾക്ക് ഓട്ടിസമാണ്. മോളേ എന്നു വിളിച്ചാൽ വിളികേൾക്കാനെങ്കിലും അവളെ പ്രാപ്തയാക്കാനാണ് ഇക്കണ്ട കാലമെല്ലാം ശ്രീനിവാസനും സരിതയും അധ്വാനിച്ചത്. എക്സ് റേ ടെക്നീഷ്യനായിരുന്ന സരിത മകളുടെ രോഗാവസ്ഥ മൂലം ജോലി നിർത്തി. ‘‘ മികച്ച ചികിത്സ തന്നെ നൽകി.

അവളിപ്പോൾ വിളിച്ചാൽ വിളി കേൾക്കും, ഓടി വരും. പക്ഷേ, ഇനി വിളിക്കാൻ അവളുടെ അച്ഛനില്ലല്ലോ. ചില സംഘടനകൾ അരിയും സാധനങ്ങളും നൽകിയതിനാൽ പട്ടിണിയില്ലെന്നു മാത്രം. മോളുടെ ചികിത്സ, മകന്റെ പഠിപ്പ്, വീട്... ഇനിയെന്തെന്ന് അറിയില്ല,’’ സരിതയുടെ വാക്കുകൾ ഇടറുന്നു. അബുബാദിയിൽ ഹൈഡ്രോളിക് മെക്കാനിക്കായിരുന്നു ശ്രീനിവാസൻ. ഒന്നര വർഷമായി കമ്പനി മോശം  സ ്ഥിതിയിലായിരുന്നു.

ജോലിയും നഷ്ടമായി വീസ കാലാവധിയും തീർന്നു. ‘ഇങ്ങനെ പോയാൽ ഞാനും ഇവിടെക്കിടന്നു മരിക്കും’– പല പ്രവാസികളും വീട്ടിൽ വിളിച്ചു പറയുന്നതു പോലെ ശ്രീനിവാസനും സങ്കടം പറഞ്ഞു. വേദനയോടെ അതു കേട്ടെങ്കിലും അറം പറ്റുമെന്നു സരിത കരുതിയില്ല. ബാങ്കിലെ കണക്കു പുസ്തകത്തിൽ നീക്കിയിരിപ്പ് പൂജ്യമാണ്. ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ എവിടെ എന്ത് എഴുതിത്തുടങ്ങണമെന്നു സരിതയ്ക്ക് അറിയുകയുമില്ല.

‘നാട്ടിലെത്താൻ അനുവദിക്കാതിരുന്ന സർക്കാരുകൾക്ക് ഉത്തരവാദിത്തം’

കോവിഡ് മൂലം മരിച്ചവരിൽ സാധാരണക്കാരായ ധാരാളം പ്രവാസികളുണ്ട്. ഇവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ധന സഹായം നൽകണമെന്ന് ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി പുന്നയ്ക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു. ജനിച്ച മണ്ണിൽ മരിക്കാൻ പോലും ഭാഗ്യമില്ലാതെ പോയവരാണ് ഇവർ. കോവിഡ് പടർന്നു പിടിക്കുന്നതിന് മുമ്പ് സ്വന്തം നാട്ടിൽ എത്തിക്കാമെന്ന് യുഎഇയിലെയും മറ്റും ഭരണകൂടം  ഉറപ്പു നൽകിയപ്പോഴും അതിന് അനുവദിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ സാധുക്കളുടെ മരണത്തിലും ഉത്തരവാദിത്തമുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതികൾ സർക്കാരിന്റെ ചുമതലയാണ്. നിയമത്തിന്റെ സാങ്കേതികത ചൂണ്ടിക്കാട്ടി ഈ പാവങ്ങളെ സഹായിക്കാതിരിക്കരുത്. മനുഷ്യന്റെ നന്മയ്ക്കായി നിയമങ്ങൾ ഉപയോഗിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com