ADVERTISEMENT

ദോഹ∙ വേനല്‍ചൂട് കനത്തു തുടങ്ങി. വേനല്‍ക്കാല രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ മുന്‍കരുതലുകള്‍ നേരത്തെയെടുക്കാം. റേഡിയേഷന്‍ കൂടിയ അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ശരീരത്ത് പതിക്കുമ്പോഴാണ് രോഗങ്ങളെത്തുന്നത് എന്നതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. കോവിഡ്-19 കാലമാണ്. കോവിഡ് മുന്‍കരുതലുകള്‍ക്കൊപ്പം വേനല്‍കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ജാഗ്രതയും വേണം. രോഗലക്ഷണങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ കോവിഡില്‍ നിന്നും വേനലില്‍ നിന്നും സ്വയം സംരക്ഷിക്കാം. 

 

 

വെളളം കുടിച്ച് പ്രതിരോധിക്കാം

 

 വേനല്‍ ചൂടിനെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. പനി, ചുമ, തൊണ്ട വേദന, ചെങ്കണ്ണ്, തലവേദന, അമിതമായ തളര്‍ച്ച, ക്ഷീണം, വൃക്ക രോഗങ്ങള്‍, അലര്‍ജി ഇവയൊക്കെയാണ് ചൂടുകാലത്തെ രോഗങ്ങളില്‍ ചിലത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗമുള്ളവരില്‍ രോഗ സാധ്യത കൂടുതലായതിനാല്‍ ശ്രദ്ധയും കൂടുതല്‍ വേണം. പൈപ്പ് വെള്ളത്തിന് പകരം ശുദ്ധമായ മിനറല്‍ വാട്ടര്‍ തന്നെ കുടിക്കാം. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ആവശ്യത്തിന് വിശ്രമവും ശരിയായ ഉറക്കവും അനിവാര്യം. ക്ഷീണം അമിതമായാല്‍ ആശുപത്രിയില്‍ ചികിത്സ തേടണം. അലര്‍ജി ആസ്തമക്ക് കാരണമാകുമെന്നതിനാല്‍ അലര്‍ജിക്ക് അടിയന്തര ചികിത്സ തേടണം. അലര്‍ജിയുള്ളവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം.

 

 

മൂത്രാശയ കല്ല് ഒഴിവാക്കാം

 

   വേനലില്‍ പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് മൂത്രാശയത്തിലെ കല്ല്. ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെയാണ് പ്രതിരോധ മാര്‍ഗം. കാലാവസ്ഥയിലെ മാറ്റവും സമയം തെറ്റിയുള്ള ആഹാരവുമൊക്കെയാണ് ഇതിന് കാരണം. ചെറിയ വയറു വേദന അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. ചികിത്സ വൈകുന്നത് രോഗത്തിന്റെ കാഠിന്യം കൂട്ടും. തുറസിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ വിയര്‍ക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയും. ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും മൂത്രത്തിലെ കല്ലിന് കാരണമാണ്. വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ മൂത്രത്തിലുണ്ടാകുന്ന അണുബാധയും തടയാം. ഒപ്പം ഭക്ഷണത്തിലും ശ്രദ്ധ വേണം. ഉപ്പിന്റെ അളവ് കുറക്കാം. ചായ, തക്കാളി, കാബേജ് എന്നിവ ഒഴിവാക്കണം. കൊഴുപ്പും മധുരവും നിയന്ത്രിക്കണം. രണ്ടര ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കണം.

 

 

കണ്ണിനും വേണം കരുതല്‍

 

വെള്ളം കുടിക്കുന്നതിലും ആഹാര ക്രമത്തിലും മാത്രം ശ്രദ്ധിച്ചാല്‍ പോര. കണ്ണിനും അല്‍പം കാര്യമായ ശ്രദ്ധ നല്‍കണം. ചൂട് കൂടുമ്പോഴുണ്ടാകുന്ന ചെങ്കണ്ണ് അസഹനീയമായ അവസ്ഥയാണ്. കണ്ണിനുള്ളിലെ നേര്‍ത്തപടലത്തില്‍ നീര്‍വീക്കവും വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. കണ്ണ് തിരുമ്മത് ഒഴിവാക്കണം. രാവിലെയും വൈകിട്ടും കണ്ണ് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളമോ ശുദ്ധജലമോ  ഉപയോഗിച്ച് വേണം കഴുകാന്‍. അസ്വസ്ഥത തോന്നിയാല്‍ വേഗം കണ്ണ് ശുദ്ധജലത്തില്‍ കഴുകണം. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുകയും വേണം. 

 

 

അമിതമാകേണ്ട 

 

വേനലില്‍ നിന്നും രക്ഷപ്പെടാന്‍ ജ്യൂസും പഴവര്‍ഗങ്ങളും കാര്യമായി തന്നെ കഴിക്കുന്നവരാണ് ഒട്ടുമിക്കവരും. പക്ഷേ, ഇവയൊന്നും അമിതമാകരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  ഇറച്ചി അധികം കഴിക്കുന്നതും നിയന്ത്രിക്കണം. അമിതമായി ഇവയെല്ലാം കഴിച്ചാല്‍ യൂറിക് ആസിഡിന്റെ അളവ് കൂടും. യൂറിക് ആസിഡ് മൂത്രത്തില്‍ കല്ലിനും കാരണമാകും. ശീതള പാനീയങ്ങളും ജ്യൂസും നിയന്ത്രിച്ച് പകരം ശുദ്ധജലം കുടിക്കണം. ചൂടുകാലത്ത് കൃത്യമായ ആരോഗ്യക്രമം പാലിക്കണം. പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം ആവാം. 

 

 

സ്വയം ചികിത്സ അപകടം ചെയ്യും

 

പ്രവാസികളില്‍ ഭൂരിഭാഗം പേരും സ്വയം ചികിത്സകരാണ്. തലവേദനയും ക്ഷീണവും ഒക്കെ അനുഭവപ്പെട്ടാല്‍ വേദനസംഹാരികളെ ആശ്രയിക്കരുത്. ഇത്തരം സ്വയം ചികിത്സ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ഓര്‍മ വേണം. ചെറിയ അസ്വസ്ഥതകള്‍ വന്നാല്‍ പോലും മടി കാട്ടാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് ഉത്തമം. കോവിഡ് കാലമായതിനാല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com