ADVERTISEMENT

ദോഹ∙ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പുകളേയും നൂതന ആപ്ലിക്കേഷനുകളേയും തിരഞ്ഞെടുക്കുന്നതിനുള്ള വേള്‍ഡ് സുമിത് അവാര്‍ഡ്-2020 (ഡബ്‌ള്യുഎസ്എ) ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഖത്തര്‍ ഗതാഗത,വാര്‍ത്താവിനിമയ മന്ത്രാലയമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 

സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച സ്റ്റാര്‍ട്ട് അപ്പുകളും ആപ്ലിക്കേഷനുകളുമാണ് പുരസ്‌കാരത്തിനായി സമര്‍പ്പിക്കേണ്ടത്. ആഗോള തലത്തില്‍ ഖത്തറിനെ പ്രതിനിധികരിക്കുന്നതിനായി രാജ്യത്തിനകത്ത് ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കും അപേക്ഷ നല്‍കാം. സര്‍ക്കാരും പൗരന്മാരും തമ്മിലുള്ള  ഇടപെടല്‍, ആരോഗ്യവും ക്ഷേമവും, പരിസ്ഥിതിയും ഹരിത ഊര്‍ജവും, ബിസിനസും വാണിജ്യവും, പഠനവും വിദ്യാഭ്യാസവും, സംസ്‌കാരവും വിനോദസഞ്ചാരവും, സ്മാര്‍ട് സെറ്റില്‍മെന്റുകളും നഗരവല്‍ക്കരണവും, അംഗീകരിക്കലും ശാക്തീകരണവും എന്നിങ്ങനെ 8 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍. 

ഖത്തറിലെ ഡബ്‌ള്യുഎസ്എയുടെ ദേശീയ വിദഗ്ധനും മന്ത്രാലയം ഡിജിറ്റല്‍ സൊസൈറ്റി വികസന കാര്യ അസി. അണ്ടർ സെക്രട്ടറിയുമായ റീം അല്‍ മന്‍സൂരി അപേക്ഷകള്‍ പരിശോധിച്ച് ഓരോ വിഭാഗങ്ങളില്‍ നിന്നും യോഗ്യമായ പദ്ധതികള്‍ തിരഞ്ഞെടുക്കും. ഓരോ വിഭാഗങ്ങളില്‍ നിന്നും 5 പദ്ധതികളെ പുരസ്‌കാരത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനായി പ്രാദേശിക തലം മുതല്‍ രാജ്യാന്തര തലം വരെ 4 ഘട്ടങ്ങളാണുള്ളത്. രാജ്യാന്തര തലത്തില്‍ പ്രശസ്തരായ വിദഗ്ധ ജൂറികളാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. വിജയികള്‍ക്ക് ഡബ്‌ള്യുഎസ്എ ആഗോള കോണ്‍ഗ്രസില്‍ പങ്കെടുക്കാനും രാജ്യാന്തര സമിതിക്ക് മുമ്പില്‍ പദ്ധതി അവതരിപ്പിക്കാനും അവസരം നല്‍കും. 

നിബന്ധനകള്‍

സമര്‍പ്പിക്കുന്ന പദ്ധതികള്‍ 2 വര്‍ഷത്തിലധികം പഴക്കമുള്ളതാകരുത്. 2018 ജനുവരി 1 ന് ശേഷം വികസിപ്പിച്ചവ ആയിരിക്കണം. നിലവില്‍ പ്രവര്‍ത്തനസജ്ജമായ പദ്ധതിയാകണം. അപൂര്‍ണങ്ങളായവ സ്വീകരിക്കില്ല. യുഎന്‍ മനുഷ്യാവകാശ പ്രഖ്യാപന വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടുള്ളതാണ് പദ്ധതികള്‍. യുദ്ധം, അക്രമം, വിവേചനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. രാജ്യാന്തര പകര്‍പ്പവകാശ വ്യവസ്ഥകള്‍ ലംഘിക്കുന്നവയും ആകരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് wsa@motc.gov.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ മന്ത്രാലയവുമായി ബന്ധപ്പെടണം. ജൂലൈ 16 ആണ് അപേക്ഷ നല്‍കേണ്ട സമയപരിധി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com