ADVERTISEMENT

ദുബായ്∙ നാട്ടിലേക്ക് മടങ്ങാൻ പണമില്ലാതെ വലഞ്ഞ 31 പേർക്കു ടിക്കറ്റിനു പണം നൽകിയ ബെൻജിനയ്ക്കു പ്രവാസ ലോകത്തിന്റെ കയ്യടി. കൊച്ചി വരാപ്പുഴയിൽ പ്രിന്റിങ് പ്രസ് നടത്തുന്ന ബെൻജിന ഓൾ കേരള പ്രവാസി മലയാളി അസോസിയേഷൻ വഴിയാണ് സഹായം ചെയ്തത്. ബെൻജിന പറയുന്നത്. ‘ വരാപ്പുഴ കൂനമ്മാവ് മറിയാമ്മ പാപ്പച്ചൻ മെമ്മോറിയൽ പ്രസിലെ എന്റെ 24 ജീവനക്കാരാണ് ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കോവിഡ് കാലത്ത് ജോലി ഇല്ലാതിരുന്നിട്ടും അവർക്കെല്ലാം കൃത്യമായ ശമ്പളം നൽകാനായി.

ജോലിയില്ലാതെ ശമ്പളം കിട്ടിയപ്പോൾ അവർക്ക് വിഷമം. ശമ്പളത്തിലെ ഒരു വിഹിതം എന്തെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കാമെന്ന് അവർ പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കും സന്തോഷമായി. ഇതിനിടെ റസിഡന്റ്സ് അസോസിയേഷൻ വഴി 72 പേർക്ക് ഭക്ഷ്യ കിറ്റ് നൽകി. പിന്നീടാണ് സമൂഹമാധ്യമം വഴി പ്രവാസലോകത്തെ ദുരിതം അറിഞ്ഞത്.ആദ്യം അഞ്ചുപേർക്ക് ടിക്കറ്റിനു പണം നൽകാമെന്നു  തീരുമാനിച്ചു. ഫെയ്സ് ബുക്കിൽ പോസ്റ്റമിട്ടു. പക്ഷേ ഒട്ടേറെ പേർ നാട്ടിലെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലായതോടെ നീണ്ടപട്ടികയിൽ നിന്ന് ഏറ്റവും അർഹതപ്പെട്ട 35 പേരെ കണ്ടെത്തി.

അവരിൽ 31 പേർക്ക് ടിക്കറ്റിനുള്ള പണം നൽകി. സത്യത്തിൽ ഇതറിഞ്ഞ് സഹായമറിയിച്ച് ചിലർ കൂടി മുന്നോട്ടു വന്നപ്പോൾ ശരിക്കും സന്തോഷമായി.അങ്ങനെ 19 പേർക്കു കൂടി ടിക്കറ്റ് ലഭ്യമാക്കി. അസോസിയേഷന്റെ വാട്സാപ്പിൽ ആവശ്യക്കാരും ടിക്കറ്റ് സ്പോൺസർ ചെയ്യാമെന്നേറ്റവരും നേരിട്ടാണ് ഇടപാടുകൾ നടത്തുന്നത്. ഇതിനിടെ ചില പ്രവാസികൾ നാട്ടിലേക്ക് ഇപ്പോഴില്ലെന്നും അവരുടെ കുടുംബങ്ങളെ സഹായിക്കണമെന്നും അഭ്യർഥിച്ചു. അങ്ങനെ രണ്ടുപേർക്ക് സ്ഥാപനം തുടങ്ങാൻ സഹായം നൽകി– ബെൻജിന പറഞ്ഞു. ഇതുവരെ നൽകിയ 67 ടിക്കറ്റുകളിൽ 31 എണ്ണവും സംഭാവന ചെയ്ത ബെൻജ‌ിനയ്ക്കു നിറഞ്ഞ നന്ദി പറയുകയാണ് ഓൾ കേരള പ്രവാസി അസോസിയേഷനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com