sections
MORE

യുഎഇയിൽ സുസ്ഥിര കാർഷിക മുന്നേറ്റത്തിന് സമഗ്ര പദ്ധതി

sheikh-mohammed
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മന്ത്രിസഭാ വെർച്വൽ യോഗത്തിൽ.
SHARE

ദുബായ് ∙ കാർഷികോൽപാദന രംഗത്ത് സുസ്ഥിര വളർച്ച നേടുന്നത് രാജ്യവികസനത്തിനു പ്രധാനമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഭക്ഷ്യമേഖലയിൽ ആശ്രിതത്വം പൂർണമായും ഒഴിവാക്കി ഉൽപാദനം കൂട്ടാനുള്ള കർമപരിപാടികൾ ഊർജിതമാക്കും. ഇതിനായി ബജറ്റിൽ 32 കോടി ദിർഹം അധികം വകയിരുത്തിയതായും മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. കാർഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് പഠന-ഗവേഷണങ്ങൾ നടത്താനും പദ്ധതികൾക്കു രൂപം നൽകാനുമുള്ള ദേശീയ സംവിധാനത്തിനും അംഗീകാരം നൽകി.

രാജ്യത്തെ സർവകലാശാലകൾക്കാണ് ചുമതല. സുസ്ഥിര കാർഷിക മുന്നേറ്റം എന്നതാണ് ലക്ഷ്യം. നെൽക്കൃഷി അടക്കം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയിച്ചതോടെയാണ് രാജ്യം കാർഷിക വിപ്ലവത്തിന് ഒരുങ്ങുന്നത്. കാപ്പിയും ഗോതമ്പും വൈകാതെ കൃഷിചെയ്യും. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ കാർഷിക മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുകയും ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്കു രൂപം നൽകുകയും ചെയ്തതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്ത് ഹരിത മേഖലകളുടെ വ്യാപ്തി കൂടിവരുകയാണ്. പുതിയ സാഹചര്യങ്ങൾ കാർഷിക പദ്ധതികൾ കൂടുതൽ അനിവാര്യമാക്കുന്നതായും ചൂണ്ടിക്കാട്ടി. യുഎഇയിലെ സ്കൂൾ ബസുകളുടെ പരിഷ്കരിച്ച സുരക്ഷാ മാനദണ്ഡങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.

കർഷകർക്ക് ആപ്

കാർഷിക മേഖലയിൽ നിർമിതബുദ്ധി (എഐ), ബ്ലോക്ചെയിൻ എന്നിവ ഉപയോഗപ്പെടുത്തും. കർഷകർക്ക് കീടങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും മുൻകരുതൽ സ്വീകരിക്കാനും ആപ്പുകൾ ഒരുക്കും. കൊമ്പൻചെല്ലി, വെട്ടുകിളി തുടങ്ങിയവയെ കണ്ടെത്താനും തുരത്താനും നിലവിൽ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.

തൊഴിലവസരങ്ങൾ കൂടും

∙ കാർഷിക മേഖലയിൽ വൈദഗ്ധ്യം നേടിയ തൊഴിലാളികൾ ഉൾപ്പെടെയയുള്ളവരെ സജ്ജമാക്കും. ഇത് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

∙ വിദഗ്ധ തൊഴിലാളികളുടെ എണ്ണം പ്രതിവർഷം 5% വീതം വർധിപ്പിക്കും. നൂതന സാങ്കേതിക വിദ്യയ്ക്കൊപ്പം പരമ്പരാഗത അറിവുകളും ഉപയോഗപ്പെടുത്തും.

∙ ഓരോ വിളയിൽ നിന്നും പ്രതിവർഷം 5% വീതമാണ് ഉൽപാദന വർധന ലക്ഷ്യം.

∙ കൃഷിയിടങ്ങളിൽ നിന്നുള്ള വരുമാനം ഓരോ വർഷവും 10% വീതം വർധിപ്പിക്കും.

∙ ജലസേചനത്തിനുള്ള വെള്ളത്തിന്റെ അളവിൽ പ്രതിവർഷം 15% വീതം കുറവു വരുത്തും. ഭൂഗർഭ ജല ചൂഷണം നിയന്ത്രിക്കുകയും നൂതന ജലസേചന രീതികൾ നടപ്പാക്കുകയും ചെയ്യും.

∙ കൃഷിഭൂമി വിപുലമാക്കും, ആധുനിക കൃഷിരീതികൾ നടപ്പാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA