sections
MORE

അശുഭ ചിന്തകൾ 'കടക്കൂ പുറത്ത്’; ആത്മധൈര്യം കൊണ്ട് കോവിഡിനെ തോല്‍പ്പിച്ച മലയാളി അധ്യാപിക പറയുന്നു

amal
SHARE

ദോഹ∙ ഏത് പ്രതിസന്ധികളേയും അല്‍പം തന്റേടത്തോടെ തന്നെ നേരിടുന്നവരാണ് നാം മലയാളികള്‍. കോവിഡ്-19 എന്ന മഹാമാരിയേയും 'പോസിറ്റീവായി' തന്നെ സ്വീകരിച്ച് ആത്മധൈര്യം കൊണ്ട് രോഗത്തെ തോല്‍പ്പിച്ച ദോഹയിലെ പ്രവാസി മലയാളികളെക്കുറിച്ചറിയാം. 

ദോഹ അക്കാദമിയിലെ അധ്യാപിക അമല്‍ ഫെര്‍മിസിന്റെ കുടുംബത്തില്‍ അമലിനും ഭര്‍ത്താവ് സയ്യിദ് ഫെര്‍മിസിനും 2 മക്കളില്‍ മകള്‍ അഫീദക്കും മാത്രമാണ് കോവിഡ് ബാധിച്ചത്. രോഗവിമുക്തരായി മൂന്നുപേരും ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. 

 

കോവിഡിനെ എങ്ങനെ നേരിടണമെന്ന് അമല്‍ ഫെര്‍മിസ് പറയുന്നു,

കോവിഡ്-19 പോസിറ്റീവാണെന്ന വാര്‍ത്തയാണ് ഈ വര്‍ഷത്തെ ഏറ്റവും നെഗറ്റീവായ കാര്യമെന്നാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്. കൊറോണയോടൊപ്പം ജീവിതത്തിലെ ഇത്തിരി ദിവസങ്ങള്‍ ചിലവിടുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ഇത്തിരി കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തേത് എല്ലാ അശുഭ ചിന്തകളേയും പടിക്ക് പുറത്ത് നിര്‍ത്തി ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു അസുലഭ അവസരമായി കോവിഡിനെ കാണാം എന്നതാണ്. ഞെട്ടേണ്ട. ഈ യാന്ത്രിക യുഗത്തില്‍ ചെറിയൊരു ഇടവേള എടുക്കാന്‍ സമയമായെന്ന് ശരീരം നമ്മെ ഓര്‍മ്മിപ്പിക്കുകയാണെന്ന് ചിന്തിച്ചാല്‍ മതി.

ഇനി കോവിഡ് പോസിറ്റീവ് എന്ന് അറിഞ്ഞാല്‍ ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്. കലര്‍പ്പില്ലാത്ത ഭക്ഷണം കഴിച്ച്, മനസ്സിനേറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം ചെയ്യാം.  അത് നമ്മള്‍ എന്നോ മറന്നു പോയ കുട്ടിക്കാല പൊട്ടത്തരങ്ങള്‍ എഴുതിവയ്ക്കലാകാം, വായിക്കാതെ മടക്കി വച്ച പുസ്തകം വായിച്ച് തീര്‍ക്കലാകാം, ദൈവത്തോട് കൂടുതല്‍ അടുത്തിരിക്കുന്നതാകാം. സൗന്ദര്യ സംരക്ഷണമാകാം! വരക്കാന്‍ വിട്ടു പോയ പ്രകൃതിയെ നിരീക്ഷിച്ച് പോറിയിടലാകാം, ഒത്തിരി ഇഷ്ടമുള്ളൊരാളെ നിങ്ങളുടെ ഇഷ്ടത്തിന്റെ ആഴം അറിയിക്കലുമാകാം. ഘടികാരസൂചികളുടെ നിയന്ത്രണങ്ങളില്ലാതെ ഉറങ്ങി ജീവിതത്തിന്റെ താളം തിരിച്ച് പിടിക്കുന്ന രണ്ടാഴ്ചയാണ് ജീവിതത്തില്‍ കടന്നു പോയത്. വേദനകളെ ലഘൂകരിക്കാന്‍ കുഞ്ഞു വ്യായാമങ്ങളും, വേദനസംഹാരികളും പ്രാര്‍ത്ഥനകളും സഹായിക്കും. പുതിയൊരു ഉള്‍ക്കാഴ്ച്ചയോടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കാന്‍ കൊറോണ നമ്മളെ സഹായിക്കും തീര്‍ച്ച! വേണ്ടതൊന്നുമാത്രം അശുഭ ചിന്തകളോട് 'കടക്കു പുറത്തെന്ന് ' പറയാനുള്ള മാനസിക ധൈര്യം.

കരഞ്ഞു വിളിച്ച് നമ്മെ തളര്‍ത്തി കളയുന്നവരോടൊന്നും ഇതറിഞ്ഞയുടനെ വിവരം പറയാനും നില്‍ക്കണ്ട. കട്ടക്ക് കൂടെ നില്‍ക്കുമെന്ന് ഉറപ്പുള്ളവരോട് മാത്രം പറയുക. ചിന്തിച്ചങ്ങ് കാടുകയറേണ്ട. സൃഷ്ടാവ് ഈ ഭൂമിയില്‍ നമുക്ക് അനുവദിച്ച സമയം മാറ്റാനൊന്നും കഴിയില്ലെന്നേ. റെഡിയായി തന്നെയിരിക്കാം. എങ്ങാനും കോവിഡ് തേടി വന്നാല്‍ പോസിറ്റീവായി തന്നെ സ്വീകരിക്കാന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA