ADVERTISEMENT

ദോഹ∙ കോവിഡിനെതിരെയുള്ള പോരാട്ട നടപടികൾ ഫലപ്രദം.ആഴ്ചകൾക്ക് ശേഷം  പ്രതിദിന രോഗസംഖ്യ 500 ൽ താഴെയെത്തി. വിട്ടുവീഴ്ചകളില്ലാത്ത സമഗ്രപരിശോധനകൾ, സജീവമായ ബോധവൽക്കരണം, കർശന നിയന്ത്രണങ്ങൾ, പൊതുജനങ്ങളുടെ പിന്തുണ ഇവയെല്ലാമാണ് രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ സഹായകമായത്. ഇന്നലെ 498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് പകുതിയോടെയാണ് വ്യാപനം ഉയർച്ചാ ഘട്ടത്തിലെത്തിയത്. ജൂൺ പകുതിയോടെ വ്യാപനം കുറഞ്ഞു തുടങ്ങി. മേയ് 30 നാണ് രാജ്യത്ത്  ഏറ്റവും ഉയർന്ന പ്രതിദിന രോഗസംഖ്യ (2,355) രേഖപ്പെടുത്തിയത്. 

ആരോഗ്യപ്രവർത്തകരുടെ നിസ്വാർഥ സേവനത്തിലും ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലിലും കോവിഡിനെതിരെ വലിയ നേട്ടമാണ് രാജ്യത്തിനു കൈവരിക്കാൻ കഴിഞ്ഞത്. സൗജന്യ പരിശോധനയും ചികിത്സയും മികച്ച ക്വാറന്റീൻ സൗകര്യങ്ങളുമാണു സർക്കാർ നൽകി വരുന്നത്. ഫെബ്രുവരി 29 ന് ഇറാനിൽ നിന്നെത്തിച്ച ഖത്തരി പൗരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ പ്രവാസി തൊഴിലാളികൾക്കിടയിലും സ്വദേശി, പ്രവാസി കുടുംബങ്ങളിലും കോവിഡ് എത്തി.

തൊഴിലാളികൾ കൂടുതലുള്ള ഇൻഡസ്ട്രിയൽ ഏരിയയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയും വിമാനത്താവളവും പള്ളികളും പൊതുകേന്ദ്രങ്ങളും അടച്ചും പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചും വ്യാപനം തടയാൻ  കർശന നിയന്ത്രണങ്ങളാണ് രാജ്യം കോവിഡിനെതിരെ സ്വീകരിച്ചത്. ജൂൺ 15 മുതലാണു നീണ്ട 3 മാസങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് ആരംഭിച്ചത്. സെപ്റ്റംബർ 1 മുതൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കും. ഇളവുകൾ തുടരുമ്പോഴും മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ തുടങ്ങിയ കർശന മുൻകരുതൽ വ്യവസ്ഥകളാണ് രാജ്യത്ത് തുടരുന്നത്. ലംഘിക്കുന്നവർക്കു നിയമനടപടികളും നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

മരണനിരക്ക് പിടിച്ചുകെട്ടി

minister
പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരി.

ദോഹ∙ കോവിഡ് ബാധിതരെ നേരത്തെ കണ്ടെത്തി യഥാസമയം ചികിത്സ നൽകിയതിലൂടെ  മരണനിരക്ക് കുറയ്ക്കാൻ രാജ്യത്തിന് കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരി.പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനായി ചേർന്ന ഹെൽത് ടാക്ടിക്കൽ കമാൻഡ് ടീം യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. കോവിഡ് പ്രതിസന്ധിയിൽ സ്വീകരിച്ച മികച്ച നയങ്ങളും നടപടികളും ആരോഗ്യ പരിചരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ ടാക്ടിക്കൽ കമാൻഡ് ടീമിന് കഴിഞ്ഞുവെന്നും മന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ ക്വാറന്റീൻ സൗകര്യങ്ങളുടെ മുഴുവൻ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നതും ക്വാറന്റീൻ നയങ്ങൾ നടപ്പാക്കുന്നതുമാണു ടീമിന്റെ ചുമതല.

കണക്കുകൾ അറിയാം

∙ ഫെബ്രുവരി 29:  രോഗബാധിതർ-1

∙ മാർച്ച് 1: രോഗബാധിതർ-3

∙ മാർച്ച് 31: രോഗബാധിതർ- 781. സുഖംപ്രാപിച്ചവർ- 62. മരണം-2

∙ ഏപ്രിൽ 1: രോഗബാധിതർ- 835. സുഖം പ്രാപിച്ചവർ- 71. മരണം-2

∙ ഏപ്രിൽ 30: രോഗബാധിതർ- 13,409. സുഖം പ്രാപിച്ചവർ- 1,372. മരണം-10

∙ മേയ് 1 : രോഗബാധിതർ- 14,906. സുഖം പ്രാപിച്ചവർ- 1,436. മരണം-12

∙ മേയ് 31: രോഗബാധിതർ- 56, 910. സുഖം പ്രാപിച്ചവർ- 30,290 .മരണം-38.

∙ ജൂൺ 1: രോഗബാധിതർ- 58, 433. സുഖം പ്രാപിച്ചവർ- 33, 437. മരണം-40.

∙ ജൂൺ 30: രോഗബാധിതർ- 96,088. സുഖം പ്രാപിച്ചവർ- 81,564. മരണം-113

∙ ജൂലൈ-1: രോഗബാധിതർ- 97,003. സുഖം പ്രാപിച്ചവർ- 83, 965. മരണം– 115.

∙ ജൂലൈ-11: രോഗബാധിതർ- 1,031,28. സുഖം പ്രാപിച്ചവർ- 98,934. മരണം– 146

വൃക്കരോഗമുള്ള കുട്ടികൾക്ക് വേണം, പ്രത്യേക ശ്രദ്ധ

kidney

ദോഹ∙ മുതിർന്നവർ മാത്രമല്ല വൃക്കരോഗികളായ കുട്ടികളും അകലം ഉൾപ്പെടെയുള്ള കോവിഡ്-19 മുൻകരുതൽ സ്വീകരിക്കണമെനു പൊതുജനാരോഗ്യ മന്ത്രാലയം. കുട്ടികളിൽ ഡയാലിസിസ് ചെയ്യുന്നവർ, അവയവ മാറ്റത്തിനായി കാത്തിരിക്കുന്നവർ (ക്രോണിക് കിഡ്‌നി ഡിസീസ് -സികെഡി സ്റ്റേജ്-5), സികെഡി സ്റ്റേജ്-4,  ഹൃദയം, കരൾ, ശ്വാസകോശം തുടങ്ങി മറ്റ് അവയവങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, ന്യൂറോ സംബന്ധമായി രോഗമുള്ളവർ (സികെഡി സ്റ്റേജ്-3) എന്നിവർക്കാണ് വൈറസ് പിടിപെടാൻ സാധ്യത കൂടുതൽ. അതുകൊണ്ട് കർശനമായും അകലം പാലിക്കണം.

കൈകൾ നിരന്തരം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം. വീടിന് പുറത്തിറങ്ങുന്നതും ഒഴിവാക്കണം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ അല്ലെങ്കിൽ പനിയുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കാതെ സ്വയം ഐസലേഷനിൽ കഴിയുന്നത് ആരോഗ്യനില അപകടത്തിലാക്കും. പലപ്പോഴും അണുബാധയുണ്ടാകുമ്പോൾ പനി മാത്രമാണ് പ്രകടമാകുന്നത് എന്നതിനാൽ പനിയുണ്ടെങ്കിൽ നിർബന്ധമായും ഉടൻ ഡോക്ടറെ അറിയിക്കണം. കിഡ്‌നി അല്ലെങ്കിൽ മറ്റ് അവയവമാറ്റം നടത്തിയവർ, ഇമ്യൂണോസപ്രഷൻ മരുന്ന് കഴിക്കുന്നവർ, വൃക്ക സംബന്ധമായ തീവ്ര രോഗാവസ്ഥയിലുള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ നിർബന്ധമായും 12 ആഴ്ച സ്വയം ഐസലേഷനിൽ സുരക്ഷിതമായി കഴിയാനാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഡോക്ടർമാരുമായി ചർച്ച ചെയ്ത ശേഷം വേണം ഐസലേഷനിൽ കഴിയാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com