ADVERTISEMENT

ദുബായ്∙ മക്കയും മദീനയും മനുഷ്യസാഗരമാകേണ്ട സമയമാണ്. പുണ്യഭൂമിയിലേയ്ക്ക് ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും ഒറ്റമനസ്സോടെ മനുഷ്യരൊഴുകുന്ന തീർഥാടന കാലം.കഴിഞ്ഞ വർഷം 25 ലക്ഷം ജനങ്ങളാണ് ഹജ് നിർവഹിച്ച് മടങ്ങിയത്. ലോകത്തെ കുലുക്കിയ കോവിഡ് മഹാമാരി ഹാജിമാരുടെ എണ്ണം ഇത്തവണ പതിനായിരമാക്കി പരിമിതപ്പെടുത്തി. 

സൗദി സർക്കാർ അവിടെ കഴിയുന്ന വിദേശികളിൽ നിന്നാണ് ഇത്തവണ തീർഥാടകരെ തിരഞ്ഞെടുക്കുന്നത്. 160 രാജ്യക്കാരിൽ നിന്നും മുമ്പ് ഹജ് ചെയ്യാൻ അവസരം ലഭിക്കാത്തവരെയാണ് പരിഗണിച്ചതെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.ആദ്യം ആയിരം പേർക്കായിരിക്കും അവസരം എന്നറിയിച്ചിരുന്നെങ്കിലും ഹജ് പെർമിറ്റ് ഉയർത്തിയെന്നാണു ഒടുവിൽ കിട്ടിയ വിവരം.

കോവിഡ് നെഗറ്റീവ് ഫലമുള്ള , 20-50 വയസിനു ഇടയിലുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. അനുമതി ലഭിച്ചവർ സന്തോഷാശ്രു പൊഴിച്ചപ്പോൾ 

പുണ്യകർമമെന്ന ആയിരങ്ങളുടെ സ്വപ്നത്തിനു മേൽ കരിനിഴൽ വീണ സങ്കടവും ഈ വർഷമുണ്ട്. ആയുസിൽ ഒരു തവണ ഹജ് നിർവഹിച്ച് നിർവൃതിയടയാൻ സാധിക്കാത്തവർ നിരാശയിലാണ്. ഓരോ രാജ്യങ്ങളിലും ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഹജ്ജിനു നറുക്ക് കിട്ടുക. ഇങ്ങനെ കിട്ടിയവരെല്ലാം യാത്ര മുടങ്ങിയതിനാൽ തീർഥാടന മോഹം ഒരു നൊമ്പരമായി ഉള്ളിലൊതുക്കി കഴിയുകയാണ്. 

ജനങ്ങൾക്ക് മാത്രമല്ല, കഅബയ്ക്കും കവചമൊരുക്കിയാണ് ഇത്തവണത്തെ ഹജ്ജ്.കഅബയെ സ്പർശിക്കാനോ ഹജറുൽ അസ് വദിനെ ( കറുത്ത കല്ല്)

തൊടാനോ ചുംബിക്കുകയെന്ന പ്രവാചക മാതൃക പുണരാനോ ഹാജിമാർക്ക് സാധിക്കില്ല. ഒരു വേലി കൊണ്ട് കഅബാലയം വേർതിരിച്ചു വയ്ക്കും . ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ.

സംസം വിതരണവും സുരക്ഷാ നിർദേശങ്ങൾ പാലിച്ചായിരിക്കും. കഅബ ആരാധിക്കപ്പെടുന്നതല്ല, ആദരിക്കപ്പെടുന്നതാണ്. മഹമാരിയുടെ കാലത്ത് ഈ കരുതലുകൾ അനുപേക്ഷണീയവുമാണ്. ഹജിനു മുമ്പും ശേഷവും തീർഥാടകർക്ക് കോവിഡ് പരിശോധനയും ക്വാറൻറീനും വേണ്ടിവരുമെന്നാണ് സൗദി സർക്കാർ സുചിപ്പിച്ചത്.

അസാധാരണ തിരക്കുണ്ടായിരുന്ന ഹജിന്റെ കർമവേദികൾ ഇക്കൊല്ലം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അനായാസം നിയന്ത്രിക്കാൻ കഴിയുന്നതായിരിക്കും. എങ്കിലും അതിസൂക്ഷ്മ വൈറസിനെ തടയണമെങ്കിൽ ഹജിന് അവസരം കിട്ടിയവരുടെ മനസ്സ് പുണ്യ പ്രദേശത്തേക്കാൾ വൈപുല്യമുള്ളതാകണം. 

ഹറമിൽ പ്രവേശിക്കുന്നവർ സുരക്ഷിതമാകുന്നതോടൊപ്പം ലോകത്തെങ്ങുമുള്ള മനുഷ്യരെല്ലാം സുരക്ഷിതമായിരിക്കണം എന്നതാണ് ഹജ് കർമങ്ങളുടെ കാതൽ. ഒരാളുടെ അശ്രദ്ധയും അശാസ്ത്രീയതയും അനേകായിരങ്ങളെ കരയിപ്പിക്കും. മനുഷ്യരുടെ രക്ഷയും സുരക്ഷയും ആരാധനാകർമങ്ങളെക്കാൾ മികച്ചു നിൽക്കുന്നതാണ്. അവസരം കിട്ടിയവർ ഇക്കാര്യമോർക്കുമ്പോൾ മതം കൂടുതൽ പ്രഭാമയമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com